മലൈക്കോട്ടൈ വാബിലന്‍ എന്ന സിനിമയില്‍ വളരെ പ്രധാനപ്പെട്ട വേഷം ചെയ്ത നടനാണ് ഹരീഷ് പേരടി. മോഹന്‍ലാലിന്റെ വളര്‍ത്തച്ഛനായ അയ്യനാരുടെ വേഷമാണ് ഹരീഷ് പേരടി ചെയ്തത്. ഇപ്പോഴിതാ സിനിമയെ കുറിച്ച് ഹരീഷ് പേരടിയുടെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. മലൈക്കോട്ടൈ വാലിബനിലെ ഒരു രംഗത്തിന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു കുറിപ്പ്. ഇത്രയേറെ എതിര്‍പ്രചാരണം നടന്നിട്ടും സിനിമ കാണാന്‍ കുടുംബ പ്രേക്ഷകര്‍ എത്തുന്നുണ്ടെന്നാണ് ഹരീഷ് പേരടി കുറിച്ചത്.
'43 വര്‍ഷത്തെ അഭിനയ ജീവിതത്തിലൂടെ പുതിയ ഭാഷയിലെ ഹെയ്റ്റ് ക്യാംപയ്ന് എന്ന് അറിയപ്പെടുന്ന എത്രയോ കൂടോത്രങ്ങളെ അയാള്‍ നിസാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്. കാരണം അയാളുടെ പേര് മോഹന്‍ലാല്‍ എന്നാണ്. ഈ സിനിമയും ഇത് തന്നെയാണ് പറയുന്നത്. ലോകം എത്ര വികസിച്ചാലും നമ്മുടെ തലച്ചോറിലെ പകയും പ്രതികാരവും അതുപോലെ നില്‍ക്കുകയാണെന്ന്. ഈ ചിത്രത്തില്‍ അയാളോടൊപ്പം പിന്നില്‍ നില്ക്കുന്ന ആളുകളെപോലെ ചതിയുടെ ശമ്പളം വാങ്ങുന്നവരുടെ അസത്യങ്ങളെ മറികടന്ന കുടുംബങ്ങള്‍ തിയേറ്ററില്‍ എത്താന്‍ തുടങ്ങി. ഇനി വാലിബന്റെ തേരോട്ടമാണ്. ആ തേരോട്ടത്തില്‍ എത്രയും പെട്ടന്ന് നിങ്ങളും പങ്കുചേരുക. കാരണം ഇത് ലിജോ ജോസ് പല്ലിശ്ശേരി എന്ന പ്രതിഭയുടെ കയ്യൊപ്പാണ്. ലോക സിനിമയിലേക്ക് മലയാളത്തിന്റെ കയ്യൊപ്പ്' ഹരീഷ് പേരടി കുറിച്ചു.