വാഷിംഗ്ടണ്‍- മൂന്ന് യു.എസ് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കെ, സംഘര്‍ഷം വ്യാപിക്കുമെന്ന ഭീതിയില്‍ മിഡില്‍ ഈസ്റ്റ്.
സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ജോര്‍ദാനിലെ അമേരിക്കന്‍ കേന്ദ്രത്തില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തിലാണ് മൂന്ന് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടത്. ഒക്ടോബര്‍ 7 ന് ഇസ്രായില്‍- ഹമാസ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഈ മേഖലയില്‍ ആദ്യത്തെ അമേരിക്കന്‍ ആള്‍ നാശമാണിത്. ഇതിനകം വഷളായ പശ്ചിമേഷ്യന്‍ സാഹചര്യത്തില്‍ ഇത് കൂടുതല്‍ പ്രത്യാഘാതമുണ്ടാക്കുമെന്ന ഭീതിയാണ് നിലനില്‍ക്കുന്നത്.
ഡ്രോണ്‍ ആക്രമണത്തിന് ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പുകളെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കുറ്റപ്പെടുത്തി. വിശദാംശങ്ങള്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും പ്രതികരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ഞായറാഴ്ചയാണ് ജോര്‍ദാനിലെ അമേരിക്കന്‍ സൈനിക കേന്ദ്രത്തിന് നേരെഡ്രോണ്‍ ആക്രമുണ്ടായത്. മൂന്ന് യുഎസ് സൈനികര്‍ കൊല്ലപ്പെടുകയും ഏകദേശം 34 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിറിയയുമായുള്ള അതിര്‍ത്തിയോട് ചേര്‍ന്നുള്ള ടവര്‍ 22 ലാണ് യു.എസ് സൈനിക കേന്ദ്രം. സൈനികരുടെ മരണത്തില്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ അനുശോചനം രേഖപ്പെടുത്തുകയും പ്രതികരണം ഉണ്ടാകുമെന്ന് വ്യക്തമാക്കുകയും ചെയ്തു.
ഇറാന്‍ പിന്തുണയോട സിറിയയിലും ഇറാഖിലും പ്രവര്‍ത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളാണ് ഇത് നടത്തിയതെന്ന് തങ്ങള്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി, യെമന്‍, സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ ഇറാനുമായി ബന്ധമുള്ള ഗ്രൂപ്പുകളെ യു.എസ് ലക്ഷ്യമിടുന്നുണ്ട്.
ആക്രമണവുമായി ബന്ധമില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയില്ലെങ്കിലും അമേരിക്കയ്ക്ക് ഏതെങ്കിലും രീതിയില്‍ തിരിച്ചടിക്കേണ്ടിവരുമെന്ന് വിദഗ്ധര്‍ പറയുന്നു.
ഈ ആക്രമണത്തിന് ഉത്തരവാദികളായവരോടും ഇറാന്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡിനോടും കണക്കുചോദിച്ചില്ലെങ്കില്‍ ഇതുപോലെയുള്ള മാരകമായ ആക്രമണങ്ങള്‍ തുടരാമെന്ന നിഗമനത്തില്‍ ഇറാന്‍ എത്തിച്ചേരുമെന്നും മുന്‍ യുഎസ് അംബാസഡര്‍ നഥാന്‍ സെയില്‍സ് പറഞ്ഞു.
ഇറാനെ നേരിട്ട് ലക്ഷ്യമാക്കാനാണ് ചിലര്‍ നിര്‍ദ്ദേശിക്കുന്നതെങ്കിലും ഇത് പശ്ചിമേഷ്യന്‍ സംഘര്‍ഷം വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ അത് ഒഴിവാക്കാന്‍ ബൈഡന്‍ ഭരണകൂടം ശ്രമിക്കുകയാണെന്നും വിദഗ്ധര്‍ പറയുന്നു.