കൊല്‍ക്കത്ത- ബംഗാളി നടി ശ്രീല മജുംദാര്‍ അന്തരിച്ചു. അര്‍ബുദബാധിതയായി ചികിത്സയിലായിരുന്നു. കൊല്‍ക്കത്തയിലെ വീട്ടില്‍ ഇന്നലെയായിരുന്നു അന്ത്യം. മൃണാള്‍ സെന്‍, ശ്യാം ബെനഗല്‍ ഉള്‍പ്പെടെ വിഖ്യാത സംവിധായകരുടെ സിനിമകളിലുടെ ആസ്വാദകരുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ നടിയാണ് ശ്രീല മജുംദാര്‍. ശ്രീല മജുംദാറിന്റെ മരണത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനുശോചിച്ചു.
മൃണാള്‍ സെന്നിന്റെ പരശുറാം (1979) ആണ് ആദ്യ ചിത്രം. അദ്ദേഹത്തിന്റെ തന്നെ ഏക്ദിന്‍ പ്രതിദിന്‍, ഖാരിജ്, അകാലേര്‍ സന്ധാനേ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. ശ്യാം ബെനഗലിന്റെ മണ്‍ഡി, പ്രകാശ് ഝായുടെ ദാമൂല്‍, ഉത്പലേന്ദു ചക്രവര്‍ത്തിയുടെ ചോഖ് തുടങ്ങിയവയാണ് ശ്രദ്ധേയമായ മറ്റു ചിത്രങ്ങള്‍.
മൊത്തം 43 ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഋതുപര്‍ണ ഘോഷിന്റെ ചോഖര്‍ ബാലിയില്‍ ഐശ്വര്യറായിക്ക് വേണ്ടി ശബ്ദം നല്‍കിയതും ശ്രീലയാണ്.