ബേസില്‍ വീണ്ടും നായകന്‍, നാലഞ്ചു ചെറുപ്പക്കാര്‍ വരുന്നു

ബേസില്‍ ജോസഫ് നായകനായി കലാസംവിധായകന്‍ ജ്യോതിഷ് ശങ്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന നാലഞ്ചു ചെറുപ്പക്കാര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരി 5ന് കൊല്ലത്ത് ആരംഭിക്കും. നായിക പുതുമുഖമാണ്. നിരവധി പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രം ജി.ആര്‍. ഇന്ദുഗോപന്റെ നാലഞ്ചു ചെറുപ്പക്കാര്‍ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ്. ഇന്ദുഗോപന്‍ തന്നെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നു.
വിനായക ഫിലിംസിന്റെ ബാനറില്‍ അജിത് വിനായക ആണ് നിര്‍മ്മാണം. വര്‍ഷങ്ങള്‍ക്കുമുന്‍പ് കൊല്ലത്ത് ഒരു സംഘം ഒരുമിച്ച് മോന്തായം എന്ന സാംസ്‌കാരിക കൂട്ടായ്മയ്ക്ക് രൂപം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായിരുന്ന ജ്യോതിഷ് ശങ്കര്‍ ഈ പരിസരത്തുനിന്നാണ് ആദ്യ സംവിധാന സംരംഭം ഒരുക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. സാലു കെ. ജോര്‍ജിന്റെ ശിഷ്യനായി വെള്ളിത്തിരയില്‍ എത്തുന്ന ജ്യോതിഷ് ശങ്കര്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയ ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര കലാസംവിധായകനാവുന്നത്. പത്തേമാരി, കാര്‍ബണ്‍, തൊണ്ടിമുതലും ദൃക്സാക്ഷിയും, കുമ്പളങ്ങി നൈറ്റ്‌സ്, മലയന്‍കുഞ്ഞ് എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. കുമ്പളങ്ങി നൈറ്റ്‌സ് , ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ,ന്നാ, താന്‍ കേസ് കൊട് എന്നീ ചിത്രങ്ങളിലൂടെ രണ്ടു തവണ സംസ്ഥാന അംഗീകാരവും തേടി എത്തിയിരുന്നു.

 

Latest News