തിരുനെല്‍വേലി-ചലച്ചിത്രതാരം പ്രവീണയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയില്‍ പ്രതി പിടിയില്‍. തമിഴ്നാട് തിരുനെല്‍വേലി സ്വദേശി ഭാഗ്യരാജിനെയാണ് (24) ദല്‍ഹിയില്‍ നിന്ന് തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രവീണയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് ഭാഗ്യരാജിനെ 2021 നവംബറിലും അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ജാമ്യത്തിലിറങ്ങിയ പ്രതി അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് തുടരുകയായിരുന്നു. ഇതിനെതിരെ പ്രവീണ രംഗത്തെത്തിയതോടെയാണ് വീണ്ടും ഇയാളെ അറസ്റ്റ് ചെയ്തത്. ഭാഗ്യരാജിനെതിരെ 2021ലാണ് പ്രവീണ തിരുവനന്തപുരം സൈബര്‍ പോലീസില്‍ പരാതി നല്‍കിയത്. തന്റെ ഫോട്ടോകള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ ഡൗണ്‍ലോഡ് ചെയ്ത് മോര്‍ഫിംഗിലൂടെ നഗ്‌നചിത്രങ്ങളാക്കി പരിചയക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുനല്‍കുന്നുവെന്നായിരുന്നു പരാതി. തുടര്‍ന്നാണ് നാലംഗ പോലീസ് സംഘം ദല്‍ഹിയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്ന ഭാഗ്യരാജിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ലാപ്ടോപ്പില്‍ നിന്ന് ഇത്തരത്തിലുള്ള വേറെയും ചിത്രങ്ങള്‍ കണ്ടെത്തിയിരുന്നു. കോടതി റിമാന്‍ഡ് ചെയ്ത ഭാഗ്യരാജ് ഒരു മാസം പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ ജാമ്യത്തിലിറങ്ങി വീണ്ടും ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് തുടരുകയായിരുന്നു. ഇയാള്‍ കുറ്റകൃത്യം തുടരുകയാണെന്നും തന്റെ മകളുടേത് അടക്കമുള്ള ഫോട്ടോകള്‍ അശ്ലീലമായി പ്രചരിപ്പിക്കുന്നുണ്ടെന്നും കഴിഞ്ഞ മാസം നടി വെളിപ്പെടുത്തിയിരുന്നു ഇതിന് പിന്നാലെയാണ് സംഭവത്തില്‍ സൈബര്‍ പോലീസ് അന്വേഷണം നടത്തി പ്രതിയെ ഇപ്പോള്‍ വീണ്ടും പിടികൂടിയത്.