കോഴിക്കോട് - സമസ്തയിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള പോര് സമൂഹമാധ്യമങ്ങളിൽ തുടരുന്നു. സി.ഐ.സി സ്ഥാപനങ്ങളിൽനിന്ന് തുടങ്ങി സമസ്തയുടെ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിന്റെ വാർഷികസമ്മേളനവും കഴിഞ്ഞ് എസ്.കെ.എസ്.എസ്.എഫ് നേതാവിന്റെ 'കൈവെട്ട്' ആഹ്വാനം വരേ എത്തിയ നേതാക്കളുടെ വിഴുപ്പലക്കലുകൾ ഇപ്പോഴും അഭംഗുരം തുടരുകയാണ്. ഏറ്റവും ഒടുവിൽ മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി സമസ്തയുടെ വിദ്യാർത്ഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫിന്റെ ആസ്ഥാന ന്ദിരത്തിന് 35 വർഷം മുമ്പ് നൽകിയ സഹായധനത്തിൽ വരെ ആരോപണ പ്രത്യാരോപണങ്ങളും തിരുത്തുകളും ചർച്ചയാവുകയാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ആരോപണങ്ങളും വിമർശങ്ങളും തിരുത്തുകളും തുടരുമ്പോഴും ഗുണകാംക്ഷ നഷ്ടപ്പെട്ട് നേതാക്കൾ പരസ്പരം സംസാരിച്ച് തെറ്റുദ്ധാരണ നീക്കുന്നതിന് പകരം കള്ളം പറയുന്നവരാണെന്ന് സ്ഥാപിക്കാനും അത് പ്രചരിപ്പിക്കാനും ആസൂത്രിത ഇടപെടലുകളാണുണ്ടാവുന്നത്. തങ്ങൾ മുൻകാലങ്ങളിൽ പ്രസംഗിച്ചതിനെ സ്വയം റദ്ദ് ചെയ്യുന്ന വാക്കുകളും വീഡിയോകളും എടുത്തിട്ട് മറുവിഭാഗവും എതിർവിഭാഗത്തിനെതിരെ സ്വയം സായൂജ്യമടയുന്നു. തങ്ങൾ പഠിച്ചതും പഠിപ്പിച്ചതുമൊന്നും പലപ്പോഴും നേതാക്കൾക്കും പണ്ഡിതന്മാർക്കും ബാധകമാവാത്തവിധം വിവാദങ്ങൾ കത്തിച്ചുനിർത്താനും തെറ്റ് മറുഭാഗത്താണെന്ന് സ്ഥാപിക്കാനുമാണ് ഇരുഭാഗത്തും തന്ത്രകുതന്ത്രങ്ങളും 'എല്ലിൻ കഷ്ണങ്ങൾ' എറിയലും നടക്കുന്നത്.
സമസ്തയിലെ ഇരു ചേരികളിലായി നിൽക്കുന്ന യുവജന വിഭാഗം നേതാക്കളായ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവും നാസർ ഫൈസി കൂടത്തായിയും നടത്തിയ സമൂഹമാധ്യമത്തിലെ പ്രചാരണങ്ങളാണിപ്പോൾ ഏറ്റവും അവസാനമുണ്ടായത്. വളരെ നിസ്സാരമായ ഒരു വിഷയം പോലും പരസ്പരം സംസാരിച്ച് ക്ലിയർ ചെയ്യുന്നതിന് പകരം ഇരുവരും വലിയൊരു വിഭാഗം പ്രസ്ഥാന ബന്ധുക്കളിൽ അകലം കൂട്ടുന്നവിധം അനാവശ്യമായ രീതിയിൽ പ്രചരിപ്പിച്ച് സമസ്തയിലെ ചേരിതിരിവിന് കൂടുതൽ എരിവ് പകരുംവിധം ദുരുപയോഗം ചെയ്യുകയാണെന്നാണ് ആക്ഷേപം. ഹമീദ് ഫൈസി വാടസാപ്പ് വോയ്‌സിലൂടെ ഒരു പ്രവർത്തകന് നൽകിയ മറുപടി വിവിധ ഗ്രൂപ്പുകളിൽ ബോധപൂർവ്വം അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ പ്രചരിപ്പിച്ചപ്പോൾ അതിന് ഫേസ്ബുക്കിലൂടെയാണ് നസർ ഫൈസി മറുവിശദീകരണം നൽകിയത്. നാസർ ഫൈസിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ.
നാസർ ഫൈസിയുടെ എഫ്.ബി പോസ്റ്റ്:
അനുഭവ നേതാക്കൾ പറയുന്നത് തന്നെയാണ് ശരി
കഴിഞ്ഞ ദിവസം (ജനുവരി 13) പുൽപ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗിന്റെ തലമുറ സംഗമത്തിൽ ഞാൻ സംസാരിച്ചിരുന്നു.
ലീഗും ലീഗ് നേതാക്കളും സമുദായത്തിന് ചെയ്ത നന്മകൾ ചിലത് എടുത്ത് പറഞ്ഞപ്പോൾ മുസ്ലിം ലീഗ് അഖിലേന്ത്യാ ജന.സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബിനെ പറയവെ അദ്ദേഹം SKSSF ആസ്ഥാനമായ ഇസ്ലാമിക് സെന്റർ സംവിധാനത്തെ സഹായിച്ചതും പറഞ്ഞിരുന്നു.
അതിൽ 'ശംസുൽ ഉലമാ വിളിച്ചുപറഞ്ഞു' എന്നത് ശരിയല്ലെന്നും '5 ലക്ഷമില്ല 1 ലക്ഷമാണ്' ഇസ്ലാമിക് സെന്ററിന് നൽകിയതെന്നും അതിനാൽ ഞാൻ കളവാണ് പറഞ്ഞത് എന്നും വിശദീകരിച്ച് കൊണ്ട് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിന്റെ ഒരു വോയ്‌സ് പ്രചരിച്ചു.
കുഞ്ഞാലിക്കുട്ടി സാഹിബ് SKSSFനെ സഹായിച്ചു എന്ന് സദസ്സിനെ ബോധ്യപ്പെടുത്തുക മാത്രമാണ് അവിടെ ഉദ്ദേശമെന്ന് ആർക്കും ബോധ്യമാകും. അത് ശരിയുമാണ്.
എന്നാൽ 35 കൊല്ലം മുമ്പ് നടന്ന ഒരു വിഷയത്തിൽ അന്നത്തെ നേതാക്കൾ എപ്പോഴോ പറഞ്ഞ ഒരു ഓർമ്മയിൽ മാത്രം പറഞ്ഞതാണത്. അതിന്റെ പശ്ചാത്തലം വിശദീകരിച്ചത് ചിലത് നിഷേധിച്ച് കൊണ്ട് അന്നത്തെ നേതാക്കൾ വ്യക്തമായ് പറഞ്ഞാൽ അതാണ് തികച്ചും ശരി. അന്ന് 'ചിത്രത്തിൽ പോലും ഇല്ലാത്ത' ഞാൻ കേട്ടറിവിൽ പറഞ്ഞതിലല്ല അത് നിർവ്വഹിച്ച നേതാക്കൾ പറയുന്നതിലാണ് ശരി.
എന്റെ ഓർമ്മയിൽ ഞാൻ ജാമിഅ:യിൽ പഠിക്കുന്ന കാലത്താണത്. അന്ന് ശംസുൽ ഉലമയേയും കുഞ്ഞാലിക്കുട്ടി സാഹിബിനേയും അടുത്തറിയുന്നവരും SKSSF നേതാക്കളായ അബ്ദുസ്സമദ് പൂക്കോട്ടൂർ, ഹമീദ് ഫൈസി അമ്പലക്കടവ്, ഡോ. നാട്ടിക മുഹമ്മദലി... തുടങ്ങിയവരൊക്കെ തന്നെയാണ്. എല്ലാം കൊണ്ടും ഞാനൊക്കെ ഒട്ടേറെ പിറകിലാണ്. പിന്നീട് അവരൊക്കെയായി സഹകരിച്ചു പ്രവർത്തിക്കുന്ന കാലമെത്തിയപ്പോൾ ഒരു വിവാദ കാലത്തെ കൂടിപ്പറച്ചിലിൽ അവരിൽ നിന്നാണ് ഈ സഹായ വിവരം ഞാൻ കേട്ടറിഞ്ഞത്. കാലപ്പഴക്കത്തിൽ ഇന്ന് വീണ്ടും ഞാനവതരിപ്പിക്കുമ്പോൾ സ്‌കലിതം വന്നത് ആ നേതാക്കൾ തന്നെ തിരുത്തിയാൽ അതാണ് ഉൾക്കൊള്ളേണ്ടത്.
മുമ്പെന്നോ ഈ വിഷയത്തിൽ അവരാരോ തിരുത്തി എന്ന് ഒരു നാഥനില്ലാ കുറിപ്പിൽ കണ്ടു. അതെന്റെ ഓർമ്മയിൽ ഇല്ല.
വസ്തുത ഇങ്ങിനെയാണെന്ന് ഹമീദ് ഫൈസി പറഞ്ഞതിനെ ഞാനും ഉൾക്കൊള്ളുന്നു.
പക്ഷേ അത് അദ്ദേഹത്തിന് എന്നെ വിളിച്ചു പറയാമായിരുന്നു. തിരുത്തിക്കുകയും ചെയ്യാമായിരുന്നു. അതാണ് പരസ്പരം നാളിതുവരേയുള്ള പതിവ്. ഇത് സോഷ്യലിടങ്ങളിൽ പ്രവർത്തകർക്ക് ആരോപണ പ്രത്യാരോപണത്തിനായ് ഒരു 'എല്ല് കഷ്ണം' ഇട്ടു കൊടുക്കലായി.
തെറ്റുതിരുത്തിയതിന് നന്ദി! പക്ഷേ ഇങ്ങിനെയായിരുന്നില്ല വേണ്ടിയിരുന്നത് എന്ന ഒരു തോന്നൽ. (ഇതോടൊപ്പം ഷെയർ ചെയ്യുന്ന ഹമീദ് ഫൈസിയുടെ ഒരു പ്രഭാഷണവീഡിയോ തന്നെയാണ് ആ ചിന്തക്ക് അടിസ്ഥാനം).
ലീഗിന്റെ വേദിയിൽ SKSSFന് ലീഗ് ചെയ്ത ഗുണങ്ങൾ പറഞ്ഞത് ചിലർ അസഹിഷ്ണുതയോടെ കേൾക്കേണ്ടതില്ല. ഈ സഹായം മാത്രമല്ല. ഹമീദ് ഫൈസി ക്യാപ്റ്റനും ഞാൻ ഡയറക്ടറുമായ വിമോചന യാത്രക്ക് പോലും ലീഗ് നേതാക്കളുടെ വലിയ സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട്. സമസ്ത ലീഗിനും ലീഗ് സമസ്തക്കും പല സഹായ സഹകരണങ്ങളും ചെയ്തിട്ടുള്ളത് മറച്ചുവെക്കാനാവില്ല. ഇടത് സർക്കാർ കോവിഡ് കാലത്തെ മയ്യിത്ത് കുളിപ്പിക്കാൻ അനുമതി നൽകിയത് വൻ പോരിശയായി പല വേദിയിൽ നിന്നും കേൾക്കേണ്ടി വന്നപ്പോഴും പതിറ്റാണ്ടുകളോളം ലീഗ് ചെയ്ത സേവനങ്ങൾ മനസ്സിൽ നിന്ന് മായ്ക്കണം എന്ന് തോന്നിയിട്ടില്ല.
ലീഗിന്റെ സേവനങ്ങൾ എവിടെയെങ്കിലും പറയുമ്പോൾ അസഹിഷ്ണുത പ്രകടിപ്പിക്കുന്നവർ ചരിത്രം തലകീഴായി മറിക്കാൻ കൊതിക്കുന്നവരാണ്.
നാസർ ഫൈസി കൂടത്തായി
(15/01/2024)