തൃശൂർ - തൃശൂരിലെ ലൂർദ് കത്തീഡ്രൽ ദേവാലയത്തിലെ മാതാവിന്റെ രൂപത്തിൽ സ്വർണക്കിരീടം സമർപ്പിച്ച് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. കഴിഞ്ഞതവണ ലൂർദ് കത്തീഡ്രൽ തിരുനാളിന് പള്ളിയിലെത്തിയപ്പോൾ സ്വർണക്കിരീടം സമർപ്പിക്കാമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ഈ വാക്കു പാലിക്കാനാണ് മകൾ ഭാഗ്യയുടെ വിവാഹത്തിനു മുന്നോടിയായി സ്വർണക്കിരീടം അണിയിച്ചത്.
ഏകദേശം അഞ്ച് പവനോളം തൂക്കമുള്ള സ്വർണത്തിൽ പൊതിഞ്ഞ കിരീടമാണിത്. ഇന്ന് രാവിലെ കുടുംബസമേതമാണ് സുരേഷ് ഗോപി പള്ളിയിലെത്തിയത്. ജില്ലയിലെ ബി.ജെ.പി പ്രവർത്തകരും അദ്ദേഹത്തെ അനുഗമിച്ചു. പള്ളിയിലെത്തിയ സുരേഷ് ഗോപിയെയും സംഘത്തെയും പള്ളി വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ സ്വീകരിച്ചു. തുടർന്ന് സുരേഷ് ഗോപി മാതാവിന്റെ തിരുരൂപത്തിന് മുന്നിൽ സ്വർണ്ണക്കിരീടം ചാർത്തി പ്രാർത്ഥിച്ചു.
ബുധനാഴ്ചയാണ് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷും ബിസിനസുകാരനുമായ ശ്രേയസ് മോഹനും വിവാഹിതരാകുന്നത്. സുരേഷ് ഗോപി-രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ. ഗുരുവായൂരിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ള വി.വി.ഐ.പികൾ അടക്കമുള്ളവർ പങ്കെടുക്കുന്നതിനാൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്.