തൃശൂർ - ലോകസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനും പാർട്ടി സ്ഥാനാർത്ഥി പ്രഖ്യാപനത്തിനും മുമ്പേ തൃശൂരിൽ സിറ്റിംഗ് എം.പി ടി.എൻ പ്രതാപനായി ചുവരെഴുത്ത്.
മണ്ഡലത്തിലെ വെങ്കിടങ്ങ് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലാണ് ടി.എൻ പ്രതാപന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് അഭ്യർത്ഥിച്ച് ചുവരെഴുത്തുണ്ടായത്. ഉടനെ പ്രതാപൻ പ്രവർത്തകരുമായി ബന്ധപ്പെട്ട് എഴുതിയ ചുവരെഴുത്ത് മായ്പ്പിച്ചു. പാർട്ടി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും മുമ്പേ ആളുടെ പേര് എഴുതുന്നത് ശരിയല്ലെന്നും ചിഹ്നം മാത്രം വേണേൽ എഴുതാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. ഇതേ തുടർന്ന് അദ്ദേഹത്തിന്റെ നിർദേശം പാലിച്ച് സ്ഥാനാർത്ഥിയുടെ പേര് മായ്ച്ച് ചിഹ്നം നിലനിർത്തിയതായി പ്രവർത്തകർ അറിയിച്ചു.
സി.പി.ഐയുടെ സിറ്റിംഗ് സീറ്റ് കഴിഞ്ഞതവണ മികച്ച പോരാട്ടത്തിലൂടെയാണ് കോൺഗ്രസ് നേതാവായ ടി.എൻ പ്രതാപൻ പിടിച്ചെടുത്തത്. അവസാനഘട്ടത്തിൽ തെരഞ്ഞെടുപ്പ് മുഖത്തെത്തിയ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയും മണ്ഡലത്തിൽ മികച്ച പ്രകടനം നടത്തിയിരുന്നു. ഇത്തവണ സുരേഷ് ഗോപിയെ നേരത്തെ കളത്തിലിറക്കി നേട്ടമുണ്ടാക്കാനാണ് ബി.ജെ.പി നീക്കം. എന്നാൽ, മണ്ഡലത്തിൽ മികച്ച പ്രതിച്ഛായയുള്ള പ്രതാപന് കാര്യമായ വെല്ലുവിളി ഉയർത്താൻ സുരേഷ് ഗോപിക്കാവില്ലെന്നു തന്നെയാണ് യു.ഡി.എഫ് കേന്ദ്രങ്ങളുടെ കണക്കുകൂട്ടതൽ. നഷ്ടപ്പെട്ട സിറ്റിംഗ് സീറ്റ് വീണ്ടെടുക്കാൻ സി.പി.ഐ ഇത്തവണ മുൻ മന്ത്രിമാരായ വി.എസ് സുനിൽ കുമാറിനെയോ കെ.പി രാജേന്ദ്രനെയോ മണ്ഡലത്തിലേക്ക് പരിഗണിച്ചേക്കുമെന്നാണ് വിവരം. ശക്തമായ ത്രികോണ മത്സരത്തിന് വേദിയാകുന്ന മണ്ഡലത്തിൽ മൂന്ന് കൂട്ടരും വിജയം സുനിശ്ചിതമാക്കാനുള്ള അണിയറ പ്രവർത്തനങ്ങളിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് മണ്ഡലത്തിൽ നിന്ന് ലഭ്യമാവുന്നത്.