ഡോ. എം.കെ മുഹമ്മദ് മുഫ്ലിഹ് എന്നാൽ കൊച്ചു സി.എച്ച് മുഹമ്മദ് കോയ എന്ന് സി.എച്ചിന്റെ സഹചാരികളായിരുന്നവർ പറയാറുണ്ട്. അത്രക്ക് സാമ്യമുണ്ട് പല കാര്യങ്ങളിലും. പിതാവ് എം.കെ മുനീർ സാഹിബിന്റെ പാത പിന്തുടർന്ന് മൂത്ത മകനായ മുഫ്ലിഹ് മാതൃക അനുകരിക്കുക മാത്രമല്ല, മെഡിക്കലിനെ ഒന്നാം തൊഴിലായി സ്വീകരിക്കുകയും ചെയ്തു. ആദ്യം ദുബായിലും ഇപ്പോൾ സൗദിയിലെ കിഴക്കൻ പ്രവിശ്യയുടെ തലസ്ഥാനമായ ദമാമിലും ഡോ. മുഫ്ലിഹ് ചികിൽസാ രംഗത്ത് അനുഗൃഹീതമായ നിലവാരത്തിൽ എത്തിയിരിക്കുന്നു.
മുഫ്ലിഹിന്റെ ഈ പ്രായത്തിലാണ് സി.എച്ച് ആദ്യമായി ഇന്ത്യൻ പാർലമെന്റിലേക്ക് കോഴിക്കോട്ട് നിന്നും തെരഞ്ഞെടുക്കപ്പെടുന്നത്. സീതി സാഹിബ് മരിച്ച ശേഷം സ്പീക്കർ ആവുകയും അഞ്ച് മാസങ്ങൾക്കു ശേഷം ആ പദവി രാജിവെച്ച് ലോക്സഭയിലേക്ക് മത്സരിക്കുകയായിരുന്നു. ഇങ്ങനെയൊരു തീരുമാനം എടുക്കുന്നതിന് ഒരു നിമിഷം പോലും ശങ്ക വേണ്ടിവന്നില്ല. തീരുമാനങ്ങൾ എടുക്കുന്ന കാര്യത്തിലും പ്രശ്‌നങ്ങൾ പരിഹരിക്കുന്ന കാര്യത്തിലും സി.എച്ചിന്റെ അതേ ശൈലി തന്നെയാണ് ഡോ. മുഹമ്മദ് മുഫ്ലിഹ്ന് ഉള്ളത്. സി.എച്ചിന്റെ പുഞ്ചിരി പോലും ആവാഹിച്ചിരിക്കുകയാണ് മുഫ്ലിഹ്.
ദി സി.എച്ച് മുഹമ്മദ് കോയ ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയുടെ ചുക്കാൻ പിടിക്കുന്നത് ഇദ്ദേഹമാണ്. ഫൗണ്ടേഷന്റെ പ്രഥമ പുരസ്‌കാരത്തിന് പ്രമുഖ പ്രവാസി വ്യവസായിയും ഇന്ത്യയുടെ വിശിഷ്യാ കേരളത്തിന്റെ അംബാസഡറും ആയ ഡോ. എം.എ യൂസഫലി ആണ് അർഹനായത്. ജീവകാരുണ്യ മേഖലയിൽ ബഹുമുഖ രംഗങ്ങളിൽ യൂസഫലി നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് ജൂറി അദ്ദേഹത്തെ തെരെഞ്ഞെടുത്തത്. സഹാനുഭൂതിയുടെയും കാരുണ്യത്തിന്റെയും സി.എച്ച് തെളിച്ച പാതയിൽ തന്നെയാണ് ഫൗണ്ടേഷനുള്ളത്. ഒരിക്കൽ പരിചയപ്പെട്ടാൽ ഒരിക്കലും ഒരാൾക്കും മറക്കാൻ കഴിയാത്ത ഒരു വ്യക്തിത്വത്തിനുടമ. ഡോ. മുഫ്ലിഹിൽ പഴമക്കാർ പ്രിയങ്കര നേതാവിനെയാണ് കണ്ടെത്തുന്നത്. ഒരുപാട് സാമ്യതകൾ ആ നേതാവിന്റേതായിട്ട് ഈ പേരക്കുട്ടിയിൽ ദൈവം കനിഞ്ഞു നൽകിയിട്ടുണ്ട്.
അശരണരോടും പട്ടിണി കിടക്കുന്നവരോടുമുള്ള സി.എച്ചിന്റെ സ്‌നേഹം അനിതര സാധാരണമാണല്ലോ. അതേ സ്വഭാവം പകർന്നു നൽകപ്പെട്ട പേരക്കുട്ടി ഇതാ ഫൗണ്ടേഷന് കീഴിൽ പുതിയ സംരംഭം പ്രഖ്യാപിച്ചിരിക്കുന്നു, സി.എച്ച് കാന്റീൻ എന്നാണ് അതിന്റെ പേര്.
വിശാല ഹൃദയനായ മുഫ്ലിഹിന്റെ സാമൂഹ്യ കടമകളാണ് ഈ രണ്ട് സംരംഭങ്ങളിലൂടെയും നമ്മളനുഭവിക്കാൻ പോകുന്നത്. സി.എച്ചിന്റെ സുകൃതം മൂന്നാം തലമുറയിലെത്തി നിൽക്കുമ്പോൾ കേരളത്തിൽ അങ്ങോളമിങ്ങോളം (ഇപ്പോൾ മറ്റു സംസ്ഥാനങ്ങളിലും) തലയുയർത്തി നിൽക്കുന്ന സി.എച്ച് സെന്ററുകൾ പരശ്ശതം രോഗികൾക്കും കുടുംബങ്ങൾക്കും ആലംബമേകുകയാണ്. ജനമേറ്റെടുത്ത അത്തരം മാതൃകകൾ സി.എച്ച് ഫൗണ്ടേഷനിലൂടെയും വസന്തം വിരിയിക്കുമെന്ന് തീർച്ച.