Sorry, you need to enable JavaScript to visit this website.

സിനിമ എടുക്കുന്നത് എങ്ങനെയെന്നത് തന്നെ  മറന്നു പോയിരുന്നെന്ന് സംവിധായകന്‍ കമല്‍

കൊടുങ്ങല്ലൂര്‍- ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആയിരുന്ന കാലത്ത് സിനിമ എടുക്കുന്നത് എങ്ങനെയെന്ന് തന്നെ മറന്നു പോയിരുന്നെന്ന് സംവിധായകന്‍ കമല്‍. 'നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടുമൊരു സിനിമയുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. പുതുതലമുറയില്‍ ഒരു സിനിമ ചെയ്ത ശേഷം രണ്ടും മൂന്നും വര്‍ഷം ഗ്യാപ്പ് എടുത്ത ശേഷമാണ് യുവാക്കള്‍ അടുത്ത സിനിമ ചെയ്യുന്നത് എന്നാല്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് വലിയൊരു ഗ്യാപ്പാണ്. എന്ത് ചെയ്യണമെന്ന് ബ്ലാങ്ക് ആയി ഇരുന്നപ്പോള്‍ പ്രചോദനം തന്നത് കുടുംബവും സുഹൃത്തുക്കളുമായിരുന്നു'. ഷൈന്‍ ടോം ചാക്കോ നായകനാക്കി കമല്‍ സംവിധാനം ചെയ്ത 'വിവേകാന്ദന്‍ വൈറലാണ്' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കമല്‍.
'കോവിഡ് വന്നപ്പോള്‍ സിനിമ മേഖല മുഴുവന്‍ അടച്ചു പൂട്ടി. അതിനുശേഷം ഒടിടി പ്ലാറ്റ്‌ഫോം വരുന്നു, സിനിമയുടെ സാങ്കേതികത മാത്രമല്ല അതിന്റെ വിപണിയും മാറി. ചലച്ചിത്ര അക്കാദമിയില്‍ നിന്ന് 2021 ഡിസംബര്‍ 31നാണ് റിലീവ് ചെയ്യുന്നത്. അതിനുശേഷം വീട്ടിലിരുന്ന് എന്ത് ചെയ്യണം എന്ന് അറിയാതെ ബ്ലാങ്ക് ആയിപ്പോയി. എല്ലാ ഭാഷകളിലെയും സിനിമകള്‍ കാണും, മലയാളത്തില്‍ ഇറങ്ങുന്ന ഒട്ടുമിക്ക സിനിമകളും കാണും, സിനിമ പുതിയ രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുന്നതും സിനിമയുടെ സ്വഭാവം മാറുന്നതും അഭിനേതാക്കളും സാങ്കേതിവിദഗ്ധരും സിനിമയുടെ ഭാഷ തന്നെ മാറിപ്പോകുന്നതും എല്ലാം ശ്രദ്ധിച്ചു കൊണ്ടിരുന്നു.  നമ്മളെ അതിശയിപ്പിക്കുന്ന രീതിയിലാണ് മലയാള സിനിമ മാറുന്നത്, മനോഹരമായ സിനിമകള്‍ വരുന്നത്. ഒരു ഘട്ടത്തില്‍ ഇനിയെന്ത് എന്നൊരു ചോദ്യം കുറെ കാലം എന്നെ അലട്ടിയിരുന്നു. പലതരം സിനിമകളെക്കുറിച്ച് ആലോചിച്ചു. ഒന്നും സാധിക്കുന്നില്ല എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് അറിയാത്ത അവസ്ഥ'- കമല്‍ പറഞ്ഞു.
അതിനിടെ ഒരു സിനിമ  എഴുതിയെങ്കിലും ഉപേക്ഷിക്കേണ്ടി വന്നു. മലയാളത്തിലെ ഒരു പ്രമുഖ നടനെ സമീപിച്ചെങ്കിലും അദ്ദേഹത്തിന്റെ ഡേറ്റിന് വേണ്ടി കുറേ നാള്‍ കാത്തിരുന്നു. അതിന്റെ നിര്‍മാതാക്കള്‍ ഡോള്‍വിനും ജിനു എബ്രഹാമും ഇപ്പോള്‍ ഇവിടെ ഇരിക്കുന്നുണ്ട്. അതായിരുന്നു സത്യത്തില്‍ താന്‍ ആദ്യം ചെയ്യേണ്ടിയിരുന്ന സിനിമ. അവിടെയും മുന്നോട്ട് പോകാന്‍ പറ്റാതിരുന്ന സമയത്താണ്  ഈ സിനിമയുടെ തിരക്കഥ മനസ്സില്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. 
 

Latest News