കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം വാട്‌സ്ആപ്പിനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരം
മെസേജുകള്‍ കോഡ് ഭാഷിയിലാക്കുന്ന എന്‍ക്രിപ് ഷന്‍ ഇല്ലാതായാല്‍
മെസേജുകള്‍ രഹസ്യമല്ലാതാകും.
സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ അനുവദിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം വാട്‌സ്ആപ്പ് നിരാകരിച്ചു. ഇതിനുള്ള സംവിധാനമൊരുക്കിയാല്‍ ഉപയോക്തക്കളുടെ സ്വകാര്യതയും മെസേജുകളുടെ രഹസ്യസ്വഭാവവും ഇല്ലാതാകുമെന്നാണ് കമ്പനി വിശദീകരിച്ചിരുന്നത്.
സന്ദേശം ആര് അയക്കുന്നുവെന്ന് കണ്ടെത്താനായാല്‍ വാട്‌സ്ആപ്പ് ഇപ്പോള്‍ വലിയ സവിശേഷതയായി പറയുന്ന എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ അവസാനിക്കും. അയക്കുന്നയാള്‍ക്കും ലഭിക്കുന്നയാള്‍ക്കുമല്ലാതെ മെസേജിന്റെ ഉള്ളടക്കം അറിയാനാവില്ലെന്നതാണ് എന്‍ക്രിപ്ഷന്‍. അയക്കുന്ന മെസേജുകള്‍ കോഡുകളായി സ്വീകര്‍ത്താവിന്റെ സ്മാര്‍ട്ട് ഫോണിലെത്തിയ ശേഷം വീണ്ടും വായിക്കാവുന്ന സംവിധാനമാണിത്.
അതീവ രഹസ്യ സ്വഭാവമുള്ള മെസേജുകള്‍ അയക്കാന്‍ പോലും ജനങ്ങള്‍ ആശ്രയിക്കുന്ന പ്ലാറ്റ്‌ഫോമാണിതെന്നും ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനി കേന്ദ്രസര്‍ക്കാരിനു നല്‍കിയ മറുപടിയില്‍ പറയുന്നു. വ്യാജ സന്ദേശങ്ങള്‍ അയക്കാനും അഭ്യൂഹങ്ങള്‍ പരത്താനും വാട്‌സ്ആപ്പിനെ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ജനങ്ങളെ ബോധവല്‍കരിക്കുക മാത്രമാണ് പരിഹാരമെന്നും കമ്പനി ചൂണ്ടിക്കാണിക്കുന്നു.
സ്വകാര്യത സംരക്ഷിക്കുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനങ്ങളില്‍നിന്ന് പിറകോട്ട് പോകില്ലെന്നും മെസേജുകള്‍ പിന്തുടര്‍ന്ന് അയച്ചയാളിനെ കണ്ടെത്താന്‍ സഹായിക്കില്ലെന്നും വാട്‌സ് ആപ്പ് വക്താവ് പറയുന്നു.
ഗോരക്ഷയുടെ പേരില്‍ ഇന്ത്യയില്‍ നിരവധി പേരെ അടിച്ചുകൊന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ വ്യാജ വാര്‍ത്തകളും അഭ്യൂഹങ്ങളുമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ വാട്‌സ് ആപ്പിനോട് കര്‍ശന നടപടികള്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിനു പിന്നാലെ വ്യാജ സന്ദേശങ്ങള്‍ എങ്ങനെ കണ്ടെത്താമെന്നും ഫോര്‍വേഡ് ചെയ്യുന്നതിനുമുമ്പ് ഏതൊക്കെ കാര്യങ്ങള്‍ പരിഗണിക്കണമെന്നും ഉപയോക്താക്കളെ ഉണര്‍ത്തുന്നതിന് ഇന്ത്യന്‍ പത്രങ്ങളില്‍ വാട്‌സ്ആപ്പ് വലിയ പരസ്യങ്ങള്‍ നല്‍കിയിരുന്നു.