Sorry, you need to enable JavaScript to visit this website.

കുടുങ്ങിയ ശേഷം പറഞ്ഞിട്ട് കാര്യമില്ല; ക്ലിക്ക് ചെയ്യുംമുമ്പ് ഈ പത്തു കാര്യങ്ങള്‍ ഓര്‍മിക്കണം

കാസര്‍കോട്-ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ഭൂരിഭാഗത്തിനും നൈജീരിയന്‍ ബന്ധമുള്ളതായി അന്വേഷണ സംഘം കണ്ടെത്തുന്നു. കാസര്‍കോട് അന്വേഷണ ഘട്ടത്തിലുള്ള 57 കേസുകളുടെയും
ഐ.പി അഡ്രസ് നൈജീരിയ ഉള്‍പ്പെടെയുള്ള വിദേശ  രാജ്യങ്ങളാണ്. തട്ടിപ്പുകാര്‍ ഇരകളില്‍ നിന്നും പണം തട്ടാന്‍ 10 വിധത്തിലുള്ള തട്ടിപ്പ് രീതികള്‍ ആവര്‍ത്തിച്ച് അവലംബിക്കുകയാണ്.

1. ഓണ്‍ലൈന്‍ ട്രേഡിംഗ് നടത്തി പണം ഉണ്ടാക്കുന്നത് പഠിപ്പിക്കാം, സഹായിക്കാം എന്നുള്ള  വാഗ്ദാനങ്ങള്‍ നല്‍കി പണം അയപ്പിക്കുന്നു.
ഫേസ് ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ പരസ്യം നല്‍കിയും വാട്‌സാപ്പ്, ടെലഗ്രാം തുടങ്ങിയവ വഴി ബന്ധപ്പെട്ടുമാണ് ഇതിനായുള്ള ശ്രമം.
2. വര്‍ക്ക് ഫ്രം ഹോം, ഓണ്‍ലൈന്‍ ജോബ് തുടങ്ങിയ  വാഗ്ദാനങ്ങളില്‍ വീഴുന്ന ഇരകള്‍ ടാസ്‌ക്കുകള്‍ കംപ്ലീറ്റ് ചെയ്യുക, ഓണ്‍ലൈന്‍ റിവ്യൂ തുടങ്ങിയ കാര്യങ്ങള്‍ക്ക് വേണ്ടി പണം അയക്കുന്നു.

3. ഒഎല്‍എക്‌സ് പോലുള്ള സൈറ്റുകളിലും ഫേസ് ബുക്കിന്റെ മാര്‍ക്കറ്റ് പ്ലേസ് പോലുള്ള ഇടങ്ങളിലും എസ്
യു.വികള്‍, ഓല സ്‌കൂട്ടറുകള്‍ സോഫ മറ്റീരിയലുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയുടെ പരസ്യങ്ങള്‍ പോസ്റ്റ് ചെയ്ത് സാധനം അയക്കാതെ പണം വാങ്ങുന്നു.

4. വന്‍കിട കമ്പനികളുടെ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ എന്ന വ്യാജേന തട്ടിപ്പുകാര്‍ അവരുടെ ഫോണ്‍ നമ്പറുകള്‍ പരസ്യം ചെയ്യുന്നു. കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ സെര്‍ച്ച് ചെയ്ത് തട്ടിപ്പുകാരെ വിളിക്കുന്ന ഇരകളെ ലിങ്ക് അയച്ചു കൊടുത്തു അതില്‍ ക്ലിക്ക് ചെയ്യിച്ചും പണം തട്ടുന്നു.

5. കാനഡ പോലുള്ള വിദേശ രാജ്യങ്ങളില്‍ ജോലി, പഠനം തുടങ്ങിയവ വാഗ്ദാനം ചെയ്ത് വിസ, വിമാന ടിക്കറ്റ്, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് പണം തട്ടിയെടുക്കുന്നു.

6. ചെറിയ പലിശയ്ക്ക് പേഴ്‌സണല്‍ ലോണ്‍ വാഗ്ദാനം ചെയ്ത് പ്രോസസ്സിംഗ് ഫീസ്, സെക്യൂരിറ്റി ഡെപ്പോസിറ്റ് തുടങ്ങിയവ  പറഞ്ഞ് പണം തട്ടിയെടുക്കുന്നു.

7. ബാങ്ക് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന കെ.വൈ. സി അപ്‌ഡേഷന്‍, ക്രെഡിറ്റ് കാര്‍ഡ് അപ്‌ഡേഷന്‍ തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് വിളിച്ച് ഇരകളുടെ ഒ. ടി. പി അടക്കമുള്ള വിവരങ്ങള്‍ കൈക്കലാക്കി അക്കൌണ്ടില്‍നിന്ന് പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

8. വിദേശികളായ ഡോക്ടര്‍, ബിസിനസ്സുകാര്‍ തുടങ്ങിയവരുടെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ഇരകളുമായി സൗഹൃദം സ്ഥാപിക്കുകയും ഇരകള്‍ക്ക് ഗിഫ്റ്റ് ഓഫര്‍ നല്‍കിയും പണം അയപ്പിക്കുന്നു.

9. റിമോട്ട് ആക്‌സസിങ് അപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിച്ചും ബാങ്കിങ് വിവരങ്ങള്‍ കൈക്കലാക്കി പണം തട്ടുന്നു.

10. ലോട്ടറി, ലക്കി ഡ്രോ തുടങ്ങിയവയില്‍ സമ്മാനങ്ങള്‍ അടിച്ചതായി തെറ്റിദ്ധരിപ്പിച്ച് സമ്മാനത്തുകയോ സമ്മാനമായി ലഭിച്ച വാഹനങ്ങളോ വിട്ടു കിട്ടുന്നതിന് നികുതികളുടെ കാരണം പറഞ്ഞ് പണം അയപ്പിക്കുന്നു.

തട്ടിപ്പുകാര്‍ വ്യാജവിലാസത്തില്‍ നേടിയ മൊബൈല്‍ നമ്പറുകള്‍, സ്പൂഫ് ചെയ്ത ഐപി അഡ്രസ്സുകള്‍, ഇവ ഉപയോഗിച്ച് ഉണ്ടാക്കുന്ന സോഷ്യല്‍ മീഡിയ  അക്കൗണ്ടുകള്‍, വ്യാജ വിലാസത്തില്‍ നേടിയ ബാങ്ക് അക്കൌണ്ടുകള്‍ തുടങ്ങിയവയാണ് ഈ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതെന്നാണ്  ഓണ്‍ലൈന്‍ തട്ടിപ്പ് കേസുകളുടെ അന്വേഷണത്തില്‍ നിന്നും മനസ്സിലാകുന്നതെന്ന്  കാസര്‍കോട് സൈബര്‍ പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി.നാരായണന്‍ പറയുന്നു. വിലാസങ്ങള്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായാണ് കാണുന്നത്. പല ഐപി അഡ്രസ്സുകളും ചെന്നെത്തുന്നത് നൈജീരിയ പോലുള്ള വിദേശ രാജ്യങ്ങളിലും മറ്റുമാണ് എത്തുന്നതെന്നും പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തുക മാത്രമാണ് വഴിയെന്നും അദ്ദേഹം പറഞ്ഞു.

 

 

Latest News