കൊച്ചി-നാട്ടിലുള്ള സേവിംഗ്‌സ് അക്കൗണ്ട് അവസാനിപ്പിക്കുകയോ എന്‍.ആര്‍.ഒ അക്കൗണ്ടായി മാറ്റുകയോ ചെയ്യാത്ത പ്രവാസികളില്‍നിന്ന് രണ്ട് ലക്ഷം രൂപവരെ പിഴ ഈടാക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു. ഇപ്പോഴും നാട്ടിലെ സാദാ സേവിംഗ്‌സ് തന്നെ ഉപയോഗിക്കുന്ന ധാരാളം പ്രവാസികളുണ്ട്. വിദേശത്തുനിന്ന് പണം അയക്കുന്നതിനായി എന്‍.ആര്‍.ഇ അക്കൗണ്ട് ഉണ്ടെങ്കിലും നാട്ടിലെ ഇടപാടുകള്‍ക്കും മറ്റുമായാണ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നത്.
ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) പ്രകാരം എന്‍.ആര്‍.ഐകള്‍ക്ക് നാട്ടില്‍ സേവിംഗ്ബാങ്ക് തുടരാനാക്കില്ല. നിയമവിരുദ്ധമായാണ് ഇത് കണക്കാക്കുക.
പ്രവാസികള്‍ക്ക് തിരിച്ചടിയായി ആദായ നികുതി നോട്ടീസ്; ആരൊക്കെ കുടുങ്ങും
വിദേശത്ത് ജോലി നേടി എന്‍.ആര്‍.ഐ ആകുന്നതോടെ നാട്ടിലെ സേവിംഗ്‌സ് അക്കൗണ്ട് ക്ലോസ് ചെയ്യുകയോ എന്‍.ആര്‍.ഒ അക്കൗണ്ടായി മാറ്റുകയോ ആണ് വേണ്ടത്. ഫെമ ചട്ടപ്രകാരം എന്‍.ആര്‍.ഐ സ്റ്റാറ്റസ് വെളിപ്പെടുത്താത്തതിനു പിഴയൊന്നുമില്ല. അതേസമയം, സേവിംഗ്‌സ് അക്കൗണ്ട് മാറ്റുന്നില്ലെങ്കില്‍ അത് അധികൃതര്‍ കണ്ടെത്തിയാല്‍ അക്കൗണ്ടിലുള്ള തുകയുടെ മൂന്നിരട്ടിയോ രണ്ടു ലക്ഷം രൂപവരെയോ പിഴ ഈടാക്കും. ഇത്തരത്തില്‍ പിഴ വിധിച്ചാല്‍ അത് അടക്കുന്നതുവരെ ഓരോ ദിവസവും 5000 രൂപ വീതം അധിക പിഴ ചേര്‍ക്കുകയും ചെയ്യും.
സേവിംഗ്‌സ് അക്കൗണ്ട് ആരും കണ്ടെത്താനും പോകുന്നില്ലെന്ന് ആശ്വസിക്കുന്നതിനു പകരം അത് എന്‍.ആര്‍.ഒ ആക്കി മാറ്റുന്നതാണ് ഉചിതം. ഇത് വളരെ എളുപ്പത്തില്‍ ഇത് ചെയ്യാവുന്നതാണ്.
സേവിംഗ്‌സ് അക്കൗണ്ട് എന്‍.ആര്‍.ഒ ആക്കി മാറ്റണമെന്ന അപേക്ഷയോടൊപ്പം നിങ്ങളുടെ ഫോട്ടോ, പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, വിസ പേജ് എന്നിവയുടെ പകര്‍പ്പുകള്‍ ബാങ്കിലേക്ക് അയച്ചാല്‍ മതിയാകും.