Sorry, you need to enable JavaScript to visit this website.

ഒറ്റച്ചിറകുള്ള ഫലസ്തീനിക്കുരുവി

നിനച്ചിരിക്കാതെ കവിയായി മാറിയ വ്യക്തിയാണ് ഉത്തര കേരളത്തിൽ നിന്നുള്ള പി.എസ്. ഹമീദ്. മഹാകവി ടി. ഉബൈദിന് ശേഷം ഉത്തര കേരളം മലയാളത്തിന് സമ്മാനിച്ച സർഗധനനായ കവി. ഉബൈദിന്റെ കുടുംബത്തിൽപെട്ട ഹമീദിന്റെ സിരകളിലും ചെറുപ്പം മുതലേ കവിതയുണ്ടായിരുന്നു. അധ്യാപകനും ഗായകനും കവിയും വിദ്യാഭ്യാസ പ്രവർത്തകനുമൊക്കെയായിരുന്ന പി. സീതിക്കുഞ്ഞിന്റെ മകനായ ഹമീദ് കുട്ടിക്കാലം തൊട്ടേ സാഹിത്യത്തിന്റേയും സംഗീതത്തിന്റേയും തലോടലേറ്റാണ് വളർന്നത്. വാദ്യസംഗീതത്തിലും ശാസ്ത്രീയ സംഗീതത്തിലുമൊക്കെ നിപുണനായിരുന്ന പിതാവിന്റെ ആലാപനങ്ങളും വായനയും കുട്ടിയായിരിക്കേ ഹമീദിനെ സ്വാധീനിച്ചിരിക്കണം. സ്വാഭാവികമായും സ്‌കൂൾ കോളേജ് കാലങ്ങളിൽ പാട്ടരങ്ങുകളിലും സാഹിത്യ വേദികളുമൊക്കെ നിറഞ്ഞാടാൻ ഹമീദിന് യോഗമുണ്ടായി.


കവിതയിലും മാപ്പിളപ്പാട്ടിലും അർഥം കൊണ്ടും ആശയം കൊണ്ടും ഉൾക്കനമാർന്ന രചനകളിലൂടെ സഹൃദയ മനം കവരുന്ന കവിയാണ് പി.എസ്. ഹമീദ്.
ഏകദേശം ഇരുപത് വയസ്സുള്ളപ്പോഴാണ് മാപ്പിള സാഹിത്യത്തിലെ ശ്രദ്ധേയരായ പി.കെ. മുഹമ്മദ് കുഞ്ഞി, പ്രൊഫസർ മൊയ്തീൻ ഷാ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള തൃശൂരിലെ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് വിവിധ അക്കാദമികളുമായി സഹകരിച്ച് മാപ്പിളപ്പാട്ടിൽ കവിതയുണ്ടോ എന്ന വിഷയത്തിൽ കവിത മൽസരം സംഘടിപ്പിക്കുന്ന വിവരമറിഞ്ഞത്. കവിത അയക്കുന്നവരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവരെ തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന ലൈവ് മൽസരത്തിൽ പങ്കെടുപ്പിക്കുമെന്നായിരുന്നു അറിയിപ്പ്.
ആവേശത്തോടെ മൽസരത്തിന് കവിതയയച്ച ഹമീദിനെ ഫൈനൽ മൽസരത്തിന് തെരഞ്ഞെടുത്തു. കൂട്ടുകാരനേയും കൂട്ടി തൃശൂർ സാഹിത്യ അക്കാദമിയിലേക്ക് വണ്ടി കയറുമ്പോൾ വലിയ പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. കാസർകോട് നിന്നും തൃശൂരിലേക്കുള്ള ട്രെയിൻ അര മണിക്കൂർ വൈകിയതിനാൽ മൽസരം തുടങ്ങിയ ശേഷമാണ് ഹമീദ് ഹാളിലെത്തിയത്. മാപ്പിളപ്പാട്ട് രംഗത്തെ കുലപതികളായ നിരവധി പേരാണ് മൽസരത്തിനുണ്ടായിരുന്നത്. ഗ്രന്ഥകാരന്മാരും കവികളും അറിയപ്പെടുന്ന പ്രതിഭകളുമൊക്കെ മാറ്റുരച്ച മൽസരത്തിൽ തുടക്കക്കാരനായ ഹമീദ് ഒട്ടും ആത്മവിശ്വാസമില്ലാതെയാണ് പങ്കെടുത്തത്. മഹാകവി അക്കിത്തം, വൈലോപ്പിള്ളി, ഗുപ്തൻ നായർ, ഡോ. സുകുമാർ അഴീക്കോട് തുടങ്ങിയ പ്രമുഖരാണ് മൽസരത്തിന് വിധികർത്താക്കളായി എത്തിയിരുന്നത്.


ഓർമയിലെ കുട്ടിക്കാലം എന്ന വിഷയത്തെ അധികരിച്ചാണ് കവിതയെഴുതേണ്ടിയിരുന്നത്. സാഹിത്യ സാംസ്‌കാരിക സമ്പന്നമായ തന്റെ കുട്ടിക്കാലം മനോഹരമായി വരച്ചുവെച്ച ഹമീദിന് മോയിൻ കുട്ടി വൈദ്യരുടെ പേരിലുള്ള സ്വർണ മെഡൽ ലഭിച്ചത് ഇന്നും അദ്ദേഹത്തിന് അവിസ്മരണീയമായ ഓർമയാണ്.
മലയാള സാഹിത്യത്തിലെ ലബ്ധപ്രതിഷ്ഠരായ വിധികർത്താക്കൾ ഹമീദിന്റെ കവിതയെ പ്രത്യേകം പ്രശംസിക്കുകയും മാപ്പിളപ്പാട്ടിൽ കവിതയും സാഹിത്യവുമുണ്ടെന്ന കാര്യത്തിൽ യാതൊരു സന്ദേഹത്തിനും പ്രസക്തിയില്ലെന്നാണ് ഈ ചെറുപ്പക്കാരൻ തെളിയിക്കുന്നതെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആ പുരസ്‌കാരത്തെ വഴിതെറ്റി വന്ന സമ്മാനമാണെന്നും തനിക്ക് അതെങ്ങനെ കിട്ടിയെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ലെന്നുമാണ് ഹമീദ് പറയുന്നത്. 1983 ൽ മുഖ്യമന്ത്രി സി. അച്യുതമേനോനിൽ നിന്നും ആ സ്വർണ മെഡൽ സ്വീകരിച്ചതിന്റെ ആവേശം ഈ കവിയിൽ ഇന്നും നിലനിൽക്കുന്നു. 1984 ലും 1987 ലും ഈ മൽസരങ്ങളിൽ സ്വർണ മെഡൽ നേടി മാപ്പിള കവിയായും മലയാള കവിയായും ഹമീദ് തന്റെ സാന്നിധ്യം അരക്കിട്ടുറപ്പിച്ചു. ഹമീദിന്റെ രചനകളെ കവിതയുടെ കസവണിഞ്ഞ മാപ്പിളപ്പാട്ടുകൾ എന്ന് വൈലോപ്പിള്ളി വിശേഷിപ്പിച്ചതാകും അന്ന് ലഭിച്ച സ്വർണ മെഡലിനേക്കാളും വലിയ അംഗീകാരം.
കവിത പോലെ തന്നെ സംഗീതവും ഹമീദിന് ്അനന്തരം കിട്ടിയതാണെന്ന് വേണം കരുതാൻ.
നിരവധി പ്രസിദ്ധീകരണങ്ങളിലായി മുന്നൂറിലധികം കവിതകൾ പ്രസിദ്ധീകരിച്ച ഹമീദ് ഗായകനായും പല വേദികളിലും തിളങ്ങിയിട്ടുണ്ട്. ശാസ്ത്രീയമായി സംഗീതം അഭ്യസിച്ച ഹമീദിന്റെ നേതൃത്വത്തിലുള്ള മ്യൂസിക് ക്ളബ് കോഴിക്കോട് ആകാശവാണി നിലയത്തിൽ നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. വിദ്യാർഥികളായതിനാൽ അവരുടെ സൗകര്യം പരിഗണിച്ച് കോഴിക്കോട്ട് നിന്നും മൊബൈൽ റെക്കോഡിംഗ് വാൻ തളങ്കരയിലെത്തിയിരുന്നു.
സമ്മാനങ്ങൾ നേടുന്നതിൽ മാത്രമല്ല, തന്റെ പാട്ടുകൾ പ്രഗൽഭരായ ഗായകർ പാടുന്നതിലും ഹമീദ് ഭാഗ്യവാനായിരുന്നു. എസ്.പി. ബാല സുബ്രഹ്മണ്യം, വാണി ജയറാം, ഡോ. കെ.ജെ. യേശുദാസ്, മാർേകാസ് തുടങ്ങിയവരൊക്കെ ഹമീദിന്റെ പാട്ടുകൾ പാടിയിട്ടുണെന്നറിയുമ്പോഴാണ് ഈ കവിയുടെ മഹത്വം നാം തിരിച്ചറിയുന്നത്.
എല്ലാ ഞായറാഴ്ചകളിലും ഇശൽ പ്രഭാതമെന്ന ശ്രദ്ധേയമായ പോഡ്കാസ്റ്റിലൂടെ ഈ കവി നമ്മെ ചിന്തിപ്പിക്കുകയും ആസ്വാദനത്തിന്റെയും ആലോചനയുടെയും പുതിയ തലങ്ങളിലേക്ക് കൂട്ടിെക്കാണ്ടുപോവുകയും ചെയ്യുന്നു. വാട്സ്ആപ് ഗ്രൂപ്പുകളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും ആയിരങ്ങൾ പങ്കുവെക്കുന്ന ഇശൽ പ്രഭാതം മാപ്പിളപ്പാട്ടിന്റെ മനോഹരമായ ചരിത്ര പ്രയാണം അടയാളപ്പെടുത്തുന്നതാണ്.
ജില്ല, സംസ്ഥാന സ്‌കൂൾ യുവജനോൽസവങ്ങളിൽ വർഷങ്ങളായി വിധികർത്താവായി എത്താറുള്ള ഹമീദ് നിരവധി ചാനലുകളിലും റേഡിയോകളിലും വിവിധ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
കവിയും സാഹിത്യകാരനുമായ ഹമീദിന് മാപ്പിളപ്പാട്ടിനെക്കുറിച്ചും കവിതയെക്കുറിച്ചുമൊക്കെ വ്യക്തമായ കാഴ്ചപ്പാടുണ്ട്. മകളെ സന്ദർശിക്കാനായി ദോഹയിലെത്തിയ അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗം.
ഇന്നത്തെ മാപ്പിളപ്പാട്ടുകളിൽ നിന്ന് സാഹിത്യാംശവും ഗാനാത്മകതയും ചോർന്നുപോകുന്നു എന്ന വിമർശനത്തെക്കുറിച്ച് താങ്കളുടെ പ്രതികരണം?
വളരെ പ്രസക്തമായ ചോദ്യമാണിത്. ഇപ്പോഴത്തെ മാപ്പിളപ്പാട്ടുകളിൽ മാപ്പിളയുമില്ല പാട്ടുമില്ല എന്ന് പറഞ്ഞാലും തെറ്റാവില്ല. എന്താണ് യഥാർത്ഥ മാപ്പിളപ്പാട്ടെന്നും എന്തെല്ലാം ചേരുവകളാണ് പാട്ടിലുണ്ടാകേണ്ടതെന്നും അതെന്തിന് വേണ്ടിയാണെന്നും മറ്റും അറിഞ്ഞവരല്ല ഈ രംഗത്ത് അധികമുള്ളത്. വരികൾക്കിടയിൽ കുറെ അറബി പദങ്ങൾ തിരുകിക്കയറ്റി ഈണത്തുണ്ടുകൾ കൊണ്ട് ഒട്ടിച്ചുവെച്ചാൽ പാട്ടായി എന്നാണ് ചിലരുടെ വിചാരം. അനുവദനീയമാണെങ്കിലും ഒന്നും അസ്ഥാനത്താകരുതെന്നാണ് പ്രമാണം. ചന്തം കെടുത്തുന്ന പദക്കൂട്ടുകളെക്കുറിച്ച് നല്ല ബോധ്യം ഉണ്ടാകണം. സൗന്ദര്യാരാധനയിൽ കവികൾ തന്നെയാണ് മുന്നിൽ. എഴുത്തിൽ വിശേഷിച്ച് പാട്ടിലും കവിതയിലും സൗന്ദര്യാംശത്തിന് വലിയ പ്രാധാന്യമുണ്ട് . ആശയത്തിനും അർത്ഥത്തിനും അലങ്കാരത്തിനും അനുയോജ്യമായ പദങ്ങളേ ഉപയോഗിക്കാവൂ. അതാകട്ടെ മർമ സ്ഥാനങ്ങളിൽ വരികയും വേണം. ഇനി എന്തെഴുതിയാലും ഈണവും സംഗീതവും ചേരുമ്പോൾ കേൾക്കാൻ ഇമ്പം ഉണ്ടായെന്ന് വരാം. പേക്ഷ ഈണത്തിന്റെയും മ്യൂസിക്കിന്റെയും ആടയാഭരണങ്ങൾ അഴിച്ചുമാറ്റിയാൽ അതിനകത്ത് മറ്റൊന്നുമുണ്ടാവില്ല. ചന്തമോ ചൈതന്യമോ തൊട്ടുതീണ്ടാത്ത പേടിപ്പെടുത്തുന്ന രൂപങ്ങളാണ്
ഇന്നത്തെ മാപ്പിളപ്പാട്ടുകളെന്ന് കുറ്റപ്പെടുത്തലുകൾ ഉണ്ടാകുന്നുവെങ്കിൽ കവികളുടെ സൗന്ദര്യ രാഹിത്യത്തെയാണ് അത് ചൂണ്ടുന്നത്. അതുകൊണ്ട് തന്നെ പുതിയ പാട്ടുകൾ പലതും പത്രവാർത്തകളായി അൽപായുസ്സിലൊടുങ്ങുന്നു. വാർത്തകളെ കവിതയാക്കാനുള്ള സർഗ സിദ്ധിയാണുണ്ടാകേണ്ടത് . യുവജനോത്സവങ്ങൾക്ക് വേണ്ടി തട്ടിക്കൂട്ടുന്ന ഗാനങ്ങളധികവും മാപ്പിളപ്പാട്ടിന്റെ ലേബിളൊട്ടിച്ച വ്യാജ സൃഷ്ടികളാണ്. എഴുതിയവർക്കോ പാടുന്നവർക്കോ കേൾക്കുന്നവർക്കോ എന്തിനധികം പറയുന്നു, വിധികർത്താക്കൾക്ക് പോലും മനസ്സിലാകുന്നില്ലെങ്കിൽ പാട്ടിന്റെ പേരിലുളള ഈ ശബ്ദകോലാഹലം ആർക്ക് വേണ്ടിയാണ്?
ഏറ്റവും ഒടുവിൽ ഖത്തറിലെ ഒരു വേദിയിൽ വെച്ചെഴുതി താങ്കൾ തന്നെ ചൊല്ലിയ ഒറ്റച്ചിറകുള്ള ഫലസ്തീനിക്കുരുവി.... പാട്ടായും കവിതയായും പരസ്പരം പരിരംഭണം ചെയ്യുന്നതിന്റെ രചന രസതന്ത്രം ഒന്ന് വിവരിക്കാമോ ?
അത് ബോധപൂർവം ചെയ്യുന്ന ഒന്നല്ല. അത് ഉള്ളിൽ നിന്നും തന്നെ അറിയാതെ ഉറവപൊട്ടുന്ന സർഗ പ്രക്രിയയാണ്. ഏതൊരു കവിത രചിക്കുമ്പോഴും അന്തർധാരയായി അതിന്റെ സംഗീതവും പിറവികൊള്ളും. അതുപോലെ തിരിച്ചും ഗാനം രചിക്കുമ്പോൾ കാവ്യാത്മകതയും മഴവില്ലെടുത്ത് പുറത്ത് വരും. മൗനം ആത്മാവിലേക്ക് അരിച്ചിറങ്ങുകയും ആത്മാവിലെ മൗനം വാചാലമാവുകയും ചെയ്യുമ്പോൾ പാട്ടും കവിതയുമുണ്ടാകുന്നു.
പിന്നെ വിഷയം ഫലസ്തീൻ എന്നത് ഏതൊരു സഹൃദയന്റെ ഉള്ളിലെയും അണയാത്ത നെരിപ്പോടാണ്. കവികളുടെ കാര്യം പിന്നെ പറയാനെന്തിരിക്കുന്നു. വാക്കുകൾ അഗ്നിച്ചിറകുമായി വന്ന് 'ഞങ്ങളെ സ്വീകരിക്കൂ' എന്ന് പറഞ്ഞ് നൃത്തമാടും. അതൊന്ന് ക്രമപ്പെടുത്തുകയേ വേണ്ടൂ.
പി.എസിന്റെ ആ മനോഹര രചനയിൽ നിന്നും ഏതാനും വരികളിതാ -
'ബൈത്തുൽ മുഖദ്ദസ്സിൽ നിന്നും പറന്നുള്ള 
ബുറാഖിൻ ചിറകടി മുഴങ്ങും ഫലസ്തീനിൽ 
ബൈഡന്റെ കോപത്തിൻ ബോംബിൻ പേമാരിക്കും 
ഭയപ്പെടാതോടിക്കളിക്കുന്നു പൈതങ്ങൾ 
സൈത്തൂൻ മരച്ചോട്ടിൽ ഒറ്റച്ചിറകുമായ് 
ബൈത്തിൻ മണിനാദം മീട്ടും കുരുവിക്ക് 
കത്തിയമർന്നുള്ള കിനാവും കിളിവീടും 
ഓർത്ത് സങ്കടക്കണ്ണീരൊട്ടും ചോർന്നില്ല 
ഹൃത്തിലെ സൂര്യപ്രഭാവം കെടുത്തുവാൻ 
ശക്തിയുളേളാരാരുമില്ലെന്നീ മൺതരികൾ 
നിത്യത തൻചിപ്പിക്കുള്ളിൽ വിരിയുന്ന 
മുത്തുമണികളെത്തലോടുന്നീ രാപ്പകൽ 
ഗസ്സതൻ മണ്ണിൽ വിടരും പനിനീരിൻ 
ഗന്ധം സുബർക്കത്തിൻ തോപ്പിന്നലങ്കാരം 
ഗന്ധർവ നാദങ്ങൾ പോലും ഫലസ്തീനിൽ 
ഗസലായ് മുഴങ്ങും ഫിർദൗസിൻ പൊൻതീരം.'
ഫലസ്തീന്റെ ഭൂത - വർത്തമാന - 
ഭാവികാലങ്ങളെ അയാളപ്പെടുത്തുന്ന 
ദീപ്തമായ വാംഗ്മയ ചിത്രമാണ്

ഒറ്റച്ചിറകുള്ള ഫലസ്തീനിക്കുരുവിയിലൂടെ വരച്ചിടുന്നത്. താഹിറയാണ് ഭാര്യ. ശബ്നം, ശിബിലി, സന എന്നിവരാണ് മക്കൾ.

Latest News