കൊച്ചി- താൻ സംവിധാനം ചെയ്ത ഗോൾഡ് സിനിമയെ പൊട്ടിക്കാൻ തിയറ്ററിൽ ആളുകളെ കൊണ്ട് കൂവിച്ച മഹാനും കൂട്ടരും പെടുമെന്നും പെടുത്തുമെന്നും സംവിധായകൻ അൽഫോൻസ് പുത്രൻ. ഒരു പടം പരാജയപ്പെട്ടാൽ ഇത്രയും സങ്കടപ്പെടുന്നത് എന്തിനാണെന്ന് അൽഫോൺസ് പുത്രന്റെ പോസ്റ്റുകളിലൊന്നിനുകീഴെ ഒരു ഫോളോവർ കമന്റ് ചെയ്തിരുന്നു. ഇതിനുള്ള മറുപടിയിലാണ് അൽഫോൺസ് പുത്രൻ ഇക്കാര്യം പറഞ്ഞത്.
ഒരുപടം പൊട്ടിച്ചതിലാണ് പ്രശ്നമെന്നും എന്നാൽ ആ ചിത്രം പൊട്ടിയതല്ലെന്നും അൽഫോൺസ് പുത്രൻ പറഞ്ഞു. റിലീസിന് മുമ്പ് 40 കോടി കളക്റ്റ് ചെയ്ത ഒരേയൊരു പൃഥ്വിരാജ് ചിത്രമാണ് ഗോൾഡ്. അതുകൊണ്ട് പടം ഫ്ളോപ്പ് അല്ല. തിയേറ്ററിൽ ഫ്ളോപ്പ് ആണ്. അതിനുകാരണം മോശം പ്രചാരണവും തന്നോടുപറഞ്ഞ കുറേ കള്ളത്തരങ്ങളും കണക്കുകൾ തന്നിൽനിന്ന് മറച്ചതും തന്നെ സഹായിക്കാതിരുന്നതുമാണ്. പുട്ടിന് പീര പോലെ ഇതൊരു അൽഫോൺസ് പുത്രൻ സിനിമയാണെന്ന ഒരേയൊരു വാക്കുമാത്രം. ഇതാണ് ആ മഹാൻ ആകെ മൊഴിഞ്ഞ വാക്കെന്നും അൽഫോൺസ് പുത്രൻ കുറ്റപ്പെടുത്തുന്നു.
ഞാൻ ആ സിനിമയിൽ ഏഴു ജോലികൾ ചെയ്തിട്ടുണ്ട്. പ്രചാരണ സമയത്ത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ ബാക്കി എല്ലാവരും മിണ്ടും എന്നുവിചാരിച്ചു. ഗോൾഡ് തിയേറ്ററിൽ മാത്രമാണ് പരാജയം. തിയേറ്ററിൽനിന്ന് പ്രേമത്തിന്റെ കാശ് പോലും കിട്ടാനുണ്ടെന്നാണ് അൻവർ റഷീദ് പറഞ്ഞത്. പിന്നെ തിയേറ്റർ ഓപ്പൺ ചെയ്ത് ആൾക്കാരെ കൂവിച്ച മഹാനും മഹാന്റെ കൂട്ടരും എല്ലാം പെടും. ഞാൻ പെടുത്തും. അൽഫോൺസ് പുത്രൻ പറഞ്ഞു.