അടിയും ഇടിയും വെടിയും വാളും വെട്ടുമായി രക്തപങ്കിലം സലാര്‍ സീസ്ഫയര്‍ ഒന്നാം ഭാഗം. ഒരു ഭാഗത്ത് ശാന്തനായ ദേവയും മറു ഭാഗത്ത് അഴിച്ചുവിട്ട ദേവയുമായി ഇരട്ട മുഖത്തോടെ പ്രഭാസും അത്രത്തോളമില്ലെങ്കിലും പ്രേക്ഷകനെ പിടിച്ചിരുത്തി പൃഥ്വിരാജ് സുകുമാരനും മത്സരിക്കുന്നുണ്ട്. ശ്രുതി ഹാസന്റെ സാന്നിധ്യവും സിനിമയ്ക്ക് ഗുണകരമാകുന്നുണ്ട്.
സിനിമയ്ക്ക് രണ്ടാം ഭാഗമുണ്ടെന്ന് പേരില്‍ തന്നെ സൂചനയുള്ളതുകൊണ്ട് സിനിമ പാതിയില്‍ നിര്‍ത്തുന്നത് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് തന്നെയാണ്. ആദ്യ പകുതി പഴയ കഥ പറയാനും രണ്ടാം പകുതി സിനിമയെ കടുപ്പിച്ചുവെക്കാനും ഉപയോഗിച്ച സംവിധായകന് രണ്ടാം ഭാഗത്തിന് തുടക്കമിട്ട് പ്രഭാസിനെ അമാനുഷികനാക്കിയാണ് ഒന്നാം ഭാഗം അവസാനിപ്പിക്കുന്നത്.
ഇത്രയധികം രക്തരൂക്ഷിതമായ സംഘട്ടന രംഗങ്ങളുമായി ഒരു സിനിമ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ വന്നിട്ടുണ്ടാവില്ല. അത്രയേറെ രക്തമാണ് സലാറില്‍ ചീന്തുന്നത്. ഒറ്റടിയിക്ക് വില്ലന്മാരെ മുഴുവന്‍ തകര്‍ത്തു തരിപ്പണമാക്കുന്ന നായകന് പക്ഷേ, അമ്മയുടെ അനുമതിയുണ്ടെങ്കിലേ കൈ ഉയര്‍ത്തുകയുള്ളു. മകന് കൈക്കരുത്താണെങ്കില് അമ്മയ്ക്ക് മനക്കരുത്താണ് സ്വന്തമായുള്ളത്. നാടുവിട്ടോടിയോടിയാണ് അമ്മ ഇത്രയേറെ ബലവത്തായതെന്ന് ഒരിടത്ത് സൂചന തരുന്നുണ്ട്. ഇങ്ങനെയൊന്നും ആകേണ്ടവരായിരുന്നില്ല ദേവയുടെ അമ്മ.
ഖാന്‍സാറെന്ന സാങ്കല്‍പ്പിക രാജ്യത്തിലാണ് കഥ നടക്കുന്നത്. ഖാന്‍സാറിലെ ഭരണാധികാരി രാജമണ്ണാറിന്റെ മകനാണ് വരദയെന്ന വരദരാജ മണ്ണാര്. മൂന്ന് ഗോത്രങ്ങളുടെ സംയുക്ത ഭരണത്തിലുള്ള ഖാന്‍സാറില്‍ ഊഴമിട്ടാണ് ഗോത്രങ്ങള്‍ ഭരണം നടത്തുന്നതെങ്കിലും തന്റെ അച്ഛന്റെ മരണശേഷം രാജമണ്ണാര്‍ അധികാരം പിടിച്ചെടുക്കുകയും അടുത്ത ഊഴത്തിന് അവകാശമുണ്ടായിരുന്ന ശൗരംഗ ഗോത്രക്കാരെ അടിച്ചമര്‍ത്തുകയും ചെയ്തതാണ് കാല്‍നൂറ്റാണ്ടിനു ശേഷം അവിടെ രക്തപങ്കിലമായി മാറാന്‍ കാരണമായത്.
ആയിരം വര്‍ഷത്തെ ചരിത്രമുള്ള ഖാന്‍സാറിന്റെ ചരിത്രത്തില്‍ ഏറ്റവും ശാന്തമായ കാല്‍നൂറ്റാണ്ടായിരുന്നു കടന്നു പോയത്. പക്ഷേ, കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തത മാത്രമായിരുന്നുവെന്ന് പിന്നീടാണ് തിരിച്ചറിയുന്നത്.
ബാല്യകാല കൂട്ടുകാരാണ് ദേവയും വരദരാജ മണ്ണാറും. ദേവയെ വരദ വിളിക്കുന്ന പേരാണ് സലാര്‍. പേര്‍ഷ്യയിലെ സുല്‍ത്താന്‍ തന്റെ പ്രതിസന്ധികളെല്ലാം തീര്‍ത്തുതരുന്ന കൂട്ടുകാരനെ വിളിച്ച പേരായിരുന്നു സലാര്‍ എന്നത്. സലാര്‍ എന്നാല്‍ നേതാവ് എന്നും മുഖ്യസൈന്യാധിപന്‍ എന്നൊക്കെയാണ് അര്‍ഥം.
ദൂരെ ദൂരെയൊരു ദേശത്ത് നടക്കുന്ന കഥയെന്നു പറഞ്ഞാണ് തുടങ്ങുന്നതെങ്കിലും ഇന്ത്യയിലെ ഏത് ഓഫിസറും ഞെട്ടുന്ന പേരും ചിഹ്നവുമാണ് ഖാന്‍സാറിന്റേത്. ബ്രിട്ടീഷ് ഭരണത്തിന് പോലും എത്തിനോക്കാനാവാതിരുന്ന ഖാന്‍സാര്‍ ആയുധം കൊണ്ടും ബലം കൊണ്ടും എന്നും മുന്നാലായിരുന്നു. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചപ്പോള്‍ കൂടെ ചേരാന്‍ താത്പര്യം കാണിക്കാതെ ഒറ്റയ്ക്കു നിന്ന ഖാന്‍സാര്‍ ഭയപ്പെടുത്തിയാണ് തങ്ങളുടെ നിലനില്‍പ്പ് ഉറപ്പിച്ചത്. അതോടൊപ്പം ഏറ്റവും ആധുനികമായ ആയുധങ്ങളും ഇവര്‍ക്ക് സ്വന്തമായിരുന്നു. മാത്രമല്ല, രാജ്യത്തിന് ചുറ്റും കോട്ട കെട്ടി സംരക്ഷിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലേക്ക് ഉള്‍പ്പെടെ ആയുധങ്ങളുടേയും മയക്കു മരുന്നിന്റേയുമെല്ലാം കച്ചവടം നടത്തിയിരുന്നത് ഖാന്‍സാര്‍ വഴിയായിരുന്നു.
വരദരാജ മണ്ണാറിന്റെ പിതാവാണ് ഭരിക്കുന്നതെങ്കിലും അയാള്‍ രാജ്യം കൈവശപ്പെടുത്തിയത് ദേവയുടെ അച്ഛനെ വധിച്ചുകൊണ്ടായിരുന്നു. ഭരണാധികാരിക്ക് പുറമേ ഗോത്രങ്ങളില്‍ നിന്നുള്ള പ്രതിനിധികളും വോട്ടവകാശമുള്ള പൗരപ്രമുഖരുമെല്ലാം ചേരുന്നതാണ് ഭരണ വ്യവസ്ഥയിലുള്ളത്. അധികാരക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്ന പലരുടേയും വോട്ടിന് പല മൂല്യമായിരുന്നു കല്പ്പിച്ചിരുന്നത്. അധികാരക്കസേരയിലിരിക്കാമെന്നല്ലാതെ രാജ മണ്ണാറുടെ കല്ലേപിളര്‍ക്കുന്ന കല്‍പ്പനയെ ധിക്കരിക്കാനോ ചോദ്യം ചെയ്യാനോ അവരാരും ധൈര്യപ്പെട്ടിരുന്നില്ല.
ഖാന്‍സാര്‍ രാജ്യത്തിന്റെ നിര്‍മിതിയും കഥ പറയാന്‍ ഉപയോഗിച്ച കളര്‍ ടോണും സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന വി എഫ് എക്സുമാണ് സലാറിനെ തിയേറ്റര്‍ എക്സ്പീരിയന്സാക്കുന്നത്. തെലുങ്കിന് പുറമേ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലാണ് സലാര്‍ റിലീസ് ചെയ്തിരിക്കുന്നത്.
മൂന്ന് മണിക്കൂറോളം ദൈര്‍ഘ്യമുള്ള സിനിമയില്‍ പ്രഭാസ് ഭൂരിപക്ഷം രംഗങ്ങൡും വെള്ളിത്തിരയിലുണ്ട്. സിനിമ തുടങ്ങി ഒരു മണിക്കൂര്‍ പിന്നിടുമ്പോഴാണ് പൃഥ്വിരാജിന്റെ രംഗപ്രവേശം.
കെ ജി എഫ് ചിത്രങ്ങള്‍ക്ക് ശേഷം പ്രശാന്ത് നീല്‍ രചനയും സംവിധാനവും നിര്‍വഹിച്ച കോടികള്‍ മുടക്കിയ ചിത്രം പ്രേക്ഷകനെ ബോറടിപ്പിക്കില്ല. പ്രഭാസിനും പൃഥ്വിരാജിനും പുറമേ ശ്രുതി ഹാസന്, ജഗപതി ബാബു, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രിയ റെഡ്ഡി, ഗരുഡ റാം, ബ്രഹ്മാജി തുടങ്ങി വന്‍ താരനിരയും നൂറുകണക്കിന് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും നിറഞ്ഞതാണ് സലാര്‍ സീസ്ഫയര്‍ ഭാഗം ഒന്ന്.