ഉപഭോക്താക്കളുടെ ഇടപാടുകൾ എളുപ്പവും വേഗത്തിലുമാക്കാൻ ആരംഭിച്ച വാട്‌സ്ആപ് ബാങ്കിംഗിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. എടിഎമ്മിൽ പോകാതെയും ബാങ്കിന്റെ ആപ് ഡൗൺലോഡ് ചെയ്യാതെയും ബാങ്കിങ് സേവനം പ്രയോജനപ്പെടുത്താൻ കഴിയും വിധമാണ് വാട്‌സ് ആപ്പിൽ സേവനം ഒരുക്കിയിരിക്കുന്നത്.
തുടക്കത്തിൽ അക്കൗണ്ട് ബാലൻസ്, മിനി സ്‌റ്റേറ്റ്‌മെന്റ് എന്നീ സേവനങ്ങളാണ് വാട്‌സ് ആപ് വഴി അറിയാൻ കഴിഞ്ഞിരുന്നതെങ്കിൽ ഇപ്പോൾ സേവനങ്ങളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. അക്കൗണ്ട് ബാലൻസ്, മിനി സ്‌റ്റേറ്റ്‌മെന്റ് എന്നിവയ്ക്ക് പുറമെ 13 സേവനങ്ങൾ കൂടി വാട്‌സ്ആപ് വഴി ലഭ്യമാക്കി.
പെൻഷൻ സ്ലിപ്പ്, ബാങ്കിങ് ഫോമുകൾ, വിവിധ നിക്ഷേപങ്ങളുടെ വിവരങ്ങൾ, വിവിധ വായ്പകളുടെ വിവരങ്ങൾ, എൻആർഐ സേവനം, ഇൻസ്റ്റാ അക്കൗണ്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ, ഡെബിറ്റ് കാർഡ് ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ, നഷ്ടപ്പെട്ടതും മോഷണം പോയതുമായ കാർഡിന്റെ വിവരങ്ങൾ, അടുത്തുള്ള എടിഎം, ബാങ്ക് ശാഖ എന്നിവ ലോക്കേറ്റ് ചെയ്യുന്നതിനുള്ള സേവനം, പരാതി പരിഹാര ഹെൽപ്‌ലൈൻ നമ്പറുകൾ, കോൺടാക്ട്‌സുകൾ, മുൻകൂട്ടി അനുമതി ലഭിച്ച വായ്പകൾ സംബന്ധിച്ച സംശയങ്ങൾ, ഡിജിറ്റൽ ബാങ്കിങ് വിവരങ്ങൾ, ബാങ്ക് അവധി വിവരങ്ങൾ എന്നിവയാണ് വാട്‌സ്ആപ് വഴി എസ്ബിഐ നൽകുന്ന മറ്റു സേവനങ്ങൾ.
സേവിങ് അക്കൗണ്ട്, റെക്കറിങ് ഡെപ്പോസിറ്റ്, സ്ഥിര നിക്ഷേപം എന്നിവ സംബന്ധിച്ച വിവരങ്ങൾ വാട്‌സ്ആപ് വഴി അറിയാൻ സാധിക്കുന്നത് നിക്ഷേപകർക്ക് ഏറെ പ്രയോജനം ചെയ്യും. എല്ലാ തരത്തിലുള്ള ബാങ്ക് ഫോമുകളും വാട്‌സ്ആപ് വഴി ലഭിക്കുന്ന തരത്തിലാണ് ക്രമീകരണം. ഡെപ്പോസിറ്റ് ഫോമുകൾ, പണം പിൻവലിക്കാൻ ഉപയോഗിക്കുന്ന ഫോമുകൾ തുടങ്ങി എല്ലാ തരത്തിലുള്ള ഫോമുകളും വാട്‌സ്ആപ് ബാങ്കിങ് സർവീസ് ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന വിധമാണ് സംവിധാനം. ഭവന വായ്പ, കാർ വായ്പ, സ്വർണ വായ്പ, വ്യക്തിഗത വായ്പ, വിദ്യാഭ്യാസ വായ്പ എന്നിവയുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിക്കാനും ഇതിലൂടെ സാധിക്കും. ഡെബിറ്റ് കാർഡിന്റെ ഉപയോഗം, ഇടപാട് ഹിസ്റ്ററി എന്നിവ അറിയാനും വാട്‌സ്ആപ് ബാങ്കിങ് സേവനം വഴി കഴിയും.
സേവനങ്ങൾ ലഭിക്കുന്നതിന് ആദ്യം ബാങ്കിന്റെ വാട്‌സ്ആപ്പിൽ അക്കൗണ്ട് രജിസ്റ്റർ ചെയ്യണം. അതിനായി ണഅഞഋഏ എന്ന് ടൈപ് ചെയ്ത ശേഷം സ്വന്തം അക്കൗണ്ട് നമ്പർ നൽകി 917208933148 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കണം. തുടർന്ന് രജിസ്റ്റർ ചെയ്തതായി എസ്ബിഐ എസ്എംഎസ് ആയി തന്നെ മറുപടി നൽകും.ഇതിനു ശേഷം വാട്‌സ് ആപ്പിൽ +919022690226 എന്ന നമ്പറിലേക്ക് 'വശ' എന്ന് ടൈപ് ചെയ്ത് സേവനം പ്രയോജനപ്പെടുത്താൻ കഴിയും.