കൊച്ചി: വ്യവസായികൾ വിദേശ കുരുമുളക് എത്തിച്ച് ആഭ്യന്തര വിപണിയുടെ താളം തെറ്റിക്കുന്നു. മധ്യവർത്തികൾ ഏലം ലേല കേന്ദ്രങ്ങളിൽ ആഴിഞ്ഞാടി വിലക്കയറ്റത്തിന് തുരങ്കം വെച്ചതായി കാർഷിക മേഖല. ശൈത്യം ശക്തമെങ്കിലും ചുക്കിന് ആവശ്യക്കാർ കുറവ്. വെളിച്ചെണ്ണ മുന്നേറാനാവാതെ വഴുതുന്നു. സ്വർണ വിലയിൽ വൻ ചാഞ്ചാട്ടം.
വിദേശ കുരുമുളക് ഇറക്കുമതി റെക്കോഡ് തലത്തിലേയ്ക്ക്. ആഭ്യന്തര വിപണിയുടെ താളം തെറ്റിക്കാൻ വൻകിട വ്യവസായികൾ കുരുമുളക് ഇറക്കുമതിക്ക് കഴിഞ്ഞ മാസം മത്സരിച്ചു. നവംബറിലെ ഇറക്കുമതി 3000 ടണ്ണിന് മുകളിലാണ്. ഇറക്കുമതി ഡ്യൂട്ടിയിൽ മാത്രം താൽപര്യം കാണിച്ച് വാണിജ്യ മന്ത്രാലയം വ്യവസായികൾക്ക് മുന്നിൽ പച്ചക്കൊടി ഉയർത്തുമ്പോൾ ആഭ്യന്തര കർഷകർ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെ കണ്ടില്ലെന്ന് നടക്കുകയാണ് കേന്ദ്രം. ശ്രീലങ്കയിൽ നിന്നും വിയറ്റ്‌നാമിൽ നിന്നുമുള്ള ഇറക്കുമതിക്ക് ഡ്യൂട്ടി ഇനത്തിൽ 80 കോടിയിൽ അധികം രൂപ ലഭിച്ചതായാണ് വ്യാപാര രംഗത്തുള്ളവരുടെ വിലയിരുത്തൽ.
അതേ സമയം കർഷകർ കുരുമുളക് വിപണിയുടെ ചലനങ്ങൾ നിരീക്ഷിക്കുന്നതല്ലാതെ കാര്യമായി ചരക്ക് ഇറക്കുന്നില്ല. അടുത്ത സീസണിലെ വിളവ് സംബന്ധിച്ച് വ്യക്തമായ ചിത്രം ലഭിച്ച ശേഷം കൂടുതൽ വാങ്ങലുകൾക്ക് നീക്കം നടത്താമെന്ന നിലപാടിലാണ് ഉത്തരേന്ത്യക്കാർ. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ മുളക് വില ടണ്ണിന് 7750 ഡോളറിൽ നിന്നും 7500 ലേയ്ക്ക് താഴ്ന്നു.
ലേല കേന്ദ്രങ്ങളിൽ ഏലക്ക പ്രവാഹം. സീസൺ കാലമായതിനാൽ ഒരു വശത്ത് ഉൽപാദനം ഉയർന്നത് നേട്ടമാക്കാനാവുമെന്ന് കാർഷിക മേഖല കണക്ക് കൂട്ടി. ഇതിനിടയിൽ മധ്യവർത്തികൾ നേരത്തെ ലേലത്തിൽ പിടിച്ച ചരക്ക് വീണ്ടും വിൽപനയ്ക്ക് ഇറക്കുന്നത് വിലക്കയറ്റത്തിന് തടസ്സം ഉളവാക്കുന്നതായി കർഷകർ. ചില ദിവസങ്ങളിൽ ഒന്നേ മുക്കാൽ ലക്ഷം കിലോ ഏലക്ക വരെ ലേലത്തിന് ഇറങ്ങി. ക്രിസ്മസ് ന്യൂ ഇയർ ഡിമാന്റ് വില ഉയർത്തുമെന്ന് പ്രതീക്ഷിച്ച അവസരത്തിൽ പുള്ളിങ് വഴി വീണ്ടും ഇറക്കിയാണ് നിരക്ക് ഉയരുന്നതിനെ തടഞ്ഞത്. ആഭ്യന്തര വിദേശ ഡിമാന്റ് എലത്തിനുണ്ടെങ്കിലും അതിന് അനുസൃതമായി നിരക്ക് കയറുന്നില്ല. വാരാവസാനം ശരാശരി ഇനങ്ങൾ 1650 രൂപ റേഞ്ചിലും മികച്ചയിനങ്ങൾ 2250 രൂപയിലുമാണ്.
ഉത്തരേന്ത്യൻ ശൈത്യത്തിന്റെ പിടിയിൽ അമർന്നിട്ടും ചുക്കിന് കാര്യമായ ഓർഡറില്ല. വൻ പ്രതീക്ഷയിൽ കേരളവും കർണാടകവും ഉയർന്ന അളവിൽ ചുക്ക് സംഭരിച്ചിട്ടുണ്ട്. നവംബറിൽ തന്നെ ഉൽപന്ന വിലയിൽ ഉണർവ് കണ്ട് തുടങ്ങാറുണ്ടെങ്കിലും ഇക്കുറി ഡിസംബർ ആദ്യ പകുതി അവസാനിച്ചിട്ടും വില സ്‌റ്റെഡിയാണ്. ഇഞ്ചി കൃഷി കുറഞ്ഞത് ചുക്ക് ഉൽപാദനത്തെ ബാധിച്ചു. മികച്ചയിനം ചുക്ക് വില 34,000 രൂപയിലാണ്. ഉത്തരേന്ത്യൻ മാർക്കറ്റുകളിൽ വിദേശ ചുക്ക് സ്‌റ്റോക്കുള്ളത് ആശങ്ക പരത്തുന്നു. ഗൾഫ് മേഖലയിൽ നിന്നും ചുക്കിന് ഓർഡറുകൾ എത്തുമെന്ന സൂചനയാണ് കയറ്റുമതി മേഖലയിൽ നിന്നും ലഭ്യമാവുന്നത്.
ഉത്സവ ദിവസങ്ങൾ അടുത്തെങ്കിലും വെളിച്ചെണ്ണയ്ക്ക് ആവശ്യക്കാരില്ല. ക്രിസ്മസിന് മുന്നോടിയായുള്ള ഡിമാന്റ് മില്ലുകാർ പ്രതീക്ഷിച്ചെങ്കിലും ഇറക്കുമതി എണ്ണകൾ വിൽപനയിൽ മുന്നിൽ. പാം ഓയിലിന്റെ ആകർഷകമായ വില ഡിമാന്റ് ഉയർത്തി. പാം ഓയിൽ വില 8450 രൂപ.
ടയർ നിമാതാക്കൾ റബറിൽ താൽപര്യം കാണിച്ചെങ്കിലും വില ഉയർന്നില്ല. ക്രിസ്മസ് അടുത്തതിനാൽ ചെറുകിട കർഷകർ കുറഞ്ഞ അളവിൽ ഷീറ്റും ലാറ്റക്‌സും വിൽപനയ്ക്ക് ഇറക്കുന്നുണ്ട്. വൻകിട തോട്ടങ്ങൾ വിൽപനയ്ക്ക് ഉത്സാഹിക്കുന്നില്ലെന്നാണ് കാർഷിക മേഖലകളിൽ നിന്നുള്ള വിവരം. കൊച്ചിയിൽ നാലാം ഗ്രേഡ് 15,100 രൂപ.
ആഭരണ വിപണികളിൽ പവൻ 45,720 രൂപയിൽ നിന്നും 45,320 ലേയ്ക്ക് ഇടിഞ്ഞങ്കിലും വാരത്തിന്റെ രണ്ടാം പകുതിയിൽ നിരക്ക് 46,200 ലേയ്ക്ക് കയറി. ശനിയാഴ്ച പവൻ 45,840 രൂപയിലാണ്.