സിനിമയടക്കം സൗദിയിലെ മാറ്റങ്ങളെ പ്രകീര്‍ത്തിച്ച് ഹോളിവുഡ് താരം ജോണി ഡെപ്പ്

ജിദ്ദ- ചലച്ചിത്ര മേഖലയിലടക്കം സൗദി അറേബ്യ കാഴ്ചവെക്കുന്ന മാറ്റങ്ങളേയും പരിവര്‍ത്തനങ്ങളേയും പ്രകീര്‍ത്തിച്ച്  ഹോളിവുഡ് താരം ജോണി ഡെപ്പ്. റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ അദ്ദേഹം ആതിഥേയത്വം വഹിച്ചു. ഫ്രഞ്ച് നടിയും ചലച്ചിത്ര നിര്‍മ്മാതാവുമായ മെയ്വെന്‍ സംവിധാനം ചെയ്ത ഫ്രഞ്ച് ചരിത്ര സിനിമയായ 'ജീന്‍ ഡു ബാരി' യുടെ മിഡില്‍ ഈസ്റ്റ് പ്രീമിയറിനാണ് അദ്ദേഹം  ആതിഥേയനായത്.  ഫ്രഞ്ച് രാജാവായ ലൂയി പതിനാറാമനായി ഡെപ്പാണ് വേഷമിട്ടിരിക്കുന്നത്.
യുവജനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് സൗദിയില്‍
വിവിധതരത്തിലുള്ള ആവിഷ്‌കാരപരവും സര്‍ഗ്ഗാത്മകവുമായ അവസരങ്ങള്‍ തുറക്കപ്പെടുന്നതെന്നും ഇത് ഏറെ അഭിനന്ദനാര്‍ഹമാണെന്നും ജോണി ഡെപ്പ് പറഞ്ഞു.
സൗദിയില്‍ സംഭവിക്കുന്നതെല്ലാം മനോഹരമായാണ് അനുഭവപ്പെടുന്നത്.  
കല, സിനിമ തുടങ്ങി സര്‍വതും ഇവിടെ അതീവ ഹൃദ്യവും മനോഹരവുമായാണ് പരിവര്‍ത്തിക്കപ്പെടുന്നത്. ഏറ്റവും മനോഹരമായി വികസിക്കുന്നത് യുവാക്കളുടെ സംസ്‌കാരമാണ്. ഫെസ്റ്റിവലിന്റെ പ്രമേയമായ 'യുവര്‍ സ്‌റ്റോറി, യുവര്‍ ഫെസ്റ്റിവല്‍' എന്നതുതന്നെ പ്രചോദനം നല്‍കുന്നതാണ്. സിനിമാ നിര്‍മ്മാതാക്കളില്‍ പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്ന സന്ദേശമാണിതെന്നും അദ്ദേഹം പറഞ്ഞു.

 

Latest News