ശ്രീമൂകാംബിക പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീമതി ലിജിന കമ്പനി നിർമിക്കുന്ന സിദ്ധവേൽ ദ ലയൺ ഓഫ് ഇൻവെസ്റ്റിഗേഷൻ എന്ന ക്രൈം ത്രില്ലർ സിനിമയുടെ ഷൂട്ടിംഗ് പൊള്ളാച്ചിയിൽ ആരംഭിച്ചു. സത്യജിത് റായ് നാഷണൽ ഫിലിം അവാർഡ് ജേതാവ് മിഥുൻ മനോഹറാണ് തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിലായി നിർമിക്കുന്ന സിദ്ധവേൽ സംവിധാനം ചെയ്യുന്നത്. രാംലാലിന്റേതാണ് കഥയും തിരക്കഥയും. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച രാജ്യാന്തര പ്രശസ്തനായ ഒരെഴുത്തുകാരന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണവും അതേത്തുടർന്ന് ചുരുളഴിഞ്ഞു വരുന്ന ദുരൂഹതകളും നിറഞ്ഞ സസ്പെൻസ് ക്രൈം ത്രില്ലറാണ് സിനിമ. പെൺകുട്ടികളടക്കം നിരവധി ആരാധകരുണ്ടായിരുന്ന എഴുത്തുകാരന്റെ മരണം സാധാരണ മരണമെന്ന നിലയിൽ കണക്കാക്കപ്പെട്ടിരുന്നെങ്കിലും അഞ്ചു വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ ഭാര്യയിൽ സംഭവിക്കുന്ന ചില ഇല്യൂഷനുകളിലൂടെ എഴുത്തുകാരന്റെ യഥാർത്ഥ മരണ കാരണം അന്വേഷിച്ചെത്തുന്ന സിദ്ധവേൽ എന്ന റിട്ടയേഡ് ഐ.പി.എസ് ഓഫീസറുടെ കണ്ടെത്തലുകളാണ് സിദ്ധവേൽ ദ ലയൺ ഓഫ് ഇൻവെസ്റ്റിഗേഷൻ. പൊള്ളാച്ചി, കമ്പം, തേനി, മൂന്നാർ, കോയമ്പത്തൂർ, പളനി, പാലക്കാട് എന്നീ സ്ഥലങ്ങൾക്കു പുറമെ കർണാടകയിലെയും ആന്ധ്രയിലെയുമടക്കം 28 ലൊക്കേഷനുകളിൽ ചിത്രീകരിക്കുന്ന സിനിമയിൽ മലയാളത്തിൽ നിന്ന് സിബി രാമദാസ് എന്ന ഒരു പുതുമുഖ നായികയേയും അവതരപ്പിക്കുന്നു. തമിഴ്, തെലുങ്ക് നടീനടൻമാർക്കൊപ്പം മലയാളത്തിൽ നിന്നും പുതുമുഖങ്ങളടക്കം നിരവധി അഭിനേതാക്കളും ചിത്രത്തിൽ അഭിനയിക്കുന്നു. ഇന്ത്യൻ സിനിമ ചരിത്രത്തിൽ വിസ്മയം രചിച്ച ബാഹുബലി സിനിമയുടെ തമിഴ് രചയിതാവ് ചെന്നൈ മുരുഗന്റേതാണ് സിദ്ധവേലിന്റെയും തമിഴ് സ്ക്രിപ്റ്റ്. രമേഷ് പരപ്പനങ്ങാടിയാണ് ഛായാഗ്രഹകൻ. ബിജു കൃഷ്ണ ചീഫ് അസോസിയേറ്റ്. മുസ്തഫ കീത്തടത്ത് അസോസിയേറ്റ് ഡയറക്ടർ. കലാസംവിധാനം ഉണ്ണി ഉഗ്രപുരം, സംഗീതം ഉണ്ണിരാജ, എഡിറ്റർ ബിജു ഒ.പി. മെയ്ക്കപ് നീനു പയ്യാനക്കൽ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് മനു, പ്രൊഡക്ഷൻ കൺട്രോളർ രതീഷ് പട്ടാമ്പി. ബൂസ് ലീ രാജേഷാണ് ഹൊറർ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്.