മുസ്‌ലിം മഹല്ല് ജമാഅത്ത് കമ്മിറ്റികളുടെ ശാക്തീകരണം ലക്ഷ്യമാക്കി 'സി.ഡി.സി കണക്ട് സോഫ്റ്റ്‌വെയർ. മഹല്ല് ജമാഅത്ത് തലങ്ങളിൽ വിവരശേഖരണം നടത്തി അവ ക്രോഡീകരിക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങളിലൂടെ മഹല്ല് ഭരണ സംവിധാനം ഡിജിറ്റലാക്കാനുദ്ദേശിച്ചാണ് ചട്ടിപറമ്പ് അൽഹുദ സി.ഡി.സി കണക്ട് ഇതു തയാറാക്കിയിട്ടുള്ളത്.
കോഡൂർ വട്ടപ്പറമ്പിലെ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിനും വലിയാട് ഗേൾസ് കാമ്പസിലെ ഹയർ സെക്കണ്ടറി, ബിരുദം കോഴ്‌സുകൾക്കൊപ്പം മതപഠന സൗകര്യം കൂടിയുള്ള സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക സമസ്ത ഫാദില കോളേജിനും നേതൃത്വം നൽകുന്ന അൽഹുദ എജ്യുക്കേഷണൽ കൾച്ചറൽ ആന്റ്് ചാരിറ്റി ട്രസ്റ്റിന്റെ സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള കമ്യൂണിറ്റി ഡെവലപ്‌മെന്റ് സെന്ററിന്റെ കീഴിലാണ് സി.ഡി.സി കണക്ട് സോഫ്റ്റ് വെയർ തയാറാക്കിയത്.ഓരോ മഹല്ലിന് കീഴിലെയും കുടുംബാംഗങ്ങളുടെ ജീവിതാവസ്ഥ, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ വിവരങ്ങൾക്കൊപ്പം മഹല്ല് ജമാഅത്തുകളുടെ ദൈനംദിന പ്രവർത്തനങ്ങളും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റാൻ സി.ഡി.സി. കണക്ട് സഹായിക്കും. അൽഹുദ കമ്യൂണിറ്റി ഡെവലപ്‌മെന്റ് സെന്റർ സംവിധാനവുമായി സഹകരിച്ച് പ്രവർത്തിക്കുന്ന കോഡൂർ, പൊന്മള, കുറുവ പഞ്ചായത്തുകളിലെ 27 മഹല്ലുകളിലാണ് സൗജന്യ പദ്ധതി ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. നിലവിൽ ഈ മഹല്ലുകളിലെ കുടുംബാംഗങ്ങൾക്കായി തുടർപഠനം, തൊഴിൽ സംരംഭകത്വം, വിവാഹം, കുടുംബ ജീവിതം തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകുന്നുണ്ട്.
വലിയാട് ഗേൾസ് കാമ്പസിൽ നടന്ന ചടങ്ങിൽ സി.ഡി.സി കണക്ടിന്റെ ലോഞ്ചിംഗ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. അൽഹുദ ട്രസ്റ്റ് ജനറൽ സെക്രട്ടറി പാട്ടുപാറ അബ്ദുസലാം മാസ്റ്റർ അധ്യക്ഷത വഹിച്ചു. അൽഹുദ ഫാദില കോളേജ് പ്രിൻസിപ്പൽ ഹസ്സൻ സഖാഫി പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി. അൽഹുദ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ പ്രിൻസിപ്പൽ ബഷീർ വാഫി വളപുരം സോഫ്റ്റ് വെയർ പരിചയപ്പെടുത്തി.