വില്ലന്‍ കഥാപാത്രങ്ങള്‍ വലിയ മാനസിക സംഘര്‍ഷം ഉണ്ടാക്കുന്നുവെന്നും ഇനി ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ താനില്ലെന്നും തമിഴ് നടന്‍ വിജയ് സേതുപതി. ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാരുഖ് ഖാന്‍ നായകനായ 'ജവാന്‍' ചിത്രത്തില്‍ വിജയ് സേതുപതി വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രം ബോക്‌സ്ഓഫീസില്‍ മികച്ച വിജയമാണ് നേടിയത്. ഇതിന് പിന്നാലെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
'വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ പരിമിതി തോന്നാറുണ്ട്, വലിയ മാനസിക സംഘര്‍ഷം അതുണ്ടാക്കുന്നു, ഈ മാനസിക ബുദ്ധിമുട്ട് അഭിമുഖീകരിക്കേണ്ടതില്ല എന്ന തോന്നല്‍ ഉണ്ടായി. ഇത്തരം കഥാപാത്രങ്ങള്‍ അവതരിപ്പിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു. എന്നാല്‍, ഞാന്‍ ഇനി വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യില്ല എന്ന് തീരുമാനമെടുത്തിരിക്കുകയാണ്. അത്തരം കഥാപാത്രങ്ങളെ സ്വീകരിക്കാന്‍ ആവില്ല. കുറച്ച് കാലത്തേക്ക് എങ്കിലും വില്ലന്‍ റോളുകളില്‍നിന്ന് വിട്ടുനില്‍ക്കും- വിജയ് സേതുപതി വ്യക്തമാക്കി.
വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രമായ മാസ്റ്ററില്‍ വിജയിയുടെ വില്ലനായി അദ്ദേഹം എത്തിയിരുന്നു. പിന്നാലെ കമല്‍ഹാസന്‍ പ്രധാന വേഷത്തില്‍ എത്തിയ വിക്രത്തിലും വില്ലനായി എത്തി. ഈ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അറ്റ്‌ലി സംവിധാനം ചെയ്ത ജവാനില്‍ വില്ലനായി വിജയ് സേതുപതി എത്തിയത്.