Sorry, you need to enable JavaScript to visit this website.

നടി തൃഷയോടൊപ്പം ബെഡ്‌റൂം സീന്‍; പറഞ്ഞത് തമാശയെന്ന് മന്‍സൂര്‍ അലി ഖാന്‍

ചെന്നൈ-നടി തൃഷക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശം വിവാദമയാതോടെ വിശദീകരണവുമായി നടന്‍ മന്‍സൂര്‍ അലിഖാന്‍. തന്റേത് തമാശരീതിയിലുള്ള പരാമര്‍ശമായിരുന്നു. ആരോ എഡിറ്റ് ചെയ്ത വീഡിയോ കണ്ട് നടി തൃഷ തെറ്റിദ്ധരിച്ചതാണെന്നും മന്‍സൂര്‍ അലിഖാന്‍ പറഞ്ഞു.

മനുഷ്യനെന്ന നിലയില്‍ ജനങ്ങള്‍ക്ക് വേണ്ടി ഞാന്‍ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അത് ഇനിയും തുടരും. എന്റെ വ്യക്തിത്വത്തെ ഇങ്ങനെ ചോദ്യം ചെയ്യേണ്ടതില്ല. എനിക്കെതിരായ അപകീര്‍ത്തിപ്രചാരണമല്ലാതെ ഇതില്‍ മറ്റൊന്നുമില്ല. മനുഷ്യരാശിക്ക് വേണ്ടിയാണ് ഞാന്‍ നിലകൊള്ളുന്നത്. തമിഴ് ജനതയ്ക്ക് എന്നെ അറിയാം. ഞാനാരാണെന്നും എന്താണെന്നും എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്-സോഷ്യല്‍മീഡിയയില്‍ നല്‍കിയ കുറിപ്പില്‍ മന്‍സൂര്‍ അലിഖാന്‍ പറഞ്ഞു.
ലിയോ സിനിമയില്‍ തൃഷയുണ്ടെന്ന് അറിഞ്ഞപ്പോള്‍ തനിക്കൊപ്പം ഒരു ബെഡ്‌റൂം സീന്‍ എങ്കിലും കാണുമെന്ന് പ്രതീക്ഷിച്ചുവെന്നായിരുന്നു നടന്റെ വിവാദ പരാമര്‍ശം. അത്തരം ഒരു സീന്‍ ഉണ്ടായില്ലെന്നും മറ്റ് നടിമാരെപ്പോലെ തൃഷയെയും കട്ടിലിലേക്ക് വലിച്ചിടാനാവുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്നുമാണ് സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പ്രസ്മീറ്റില്‍ മന്‍സൂര്‍ അലിഖാന്‍ പറഞ്ഞത്.
ഇതിനെതിരെ രൂക്ഷമായാണ് തൃഷയും സംവിധായകന്‍ ലോകേഷ് കനകരാജും പ്രതികരിച്ചത്. തന്നെക്കുറിച്ച് മന്‍സൂര്‍ അലി ഖാന്‍ മോശവും അശ്ലീലവുമായ രീതിയില്‍ സംസാരിക്കുന്ന വീഡിയോ കാണാനിടയായി. തീരെ മര്യാദയില്ലാത്തതും സ്ത്രീവിരുദ്ധവും വെറുപ്പുളവാക്കുന്നതുമായ സെക്‌സിസ്റ്റ് പ്രസ്താവനയാണിതെന്ന് തൃഷ പറഞ്ഞു. അയാള്‍ മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നും അയാള്‍ക്കൊപ്പം സിനിമ ഉണ്ടാകാതിരിക്കാന്‍ ഏറ്റവുമധികം ശ്രദ്ധിക്കുമെന്നും തൃഷ പറഞ്ഞിരുന്നു.
സഹപ്രവര്‍ത്തകന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ നിരാശനാണെന്നും രോഷം തോന്നിയെന്നും ലോകേഷ് പ്രതികരിച്ചു. എല്ലാ മേഖലയിലും സ്ത്രീകളോട് ബഹുമാനത്തോടെ പെരുമാറേണ്ടത് അത്യാവശ്യമാണ്. സ്ത്രീകള്‍, കലാകാരന്മാര്‍, പ്രൊഫഷനലുകള്‍ എന്നിവരോടുള്ള ബഹുമാനം എല്ലാ വ്യവസായത്തിലും വിലമതിക്കാനാകാത്ത ഒന്നായിരിക്കണമെന്ന് അദ്ദേഹം എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

 

Latest News