വാഷിംഗ്ടണ്‍- ഫലസ്തീന് അനുകൂല ശബ്ദങ്ങള്‍ക്കും ഉള്ളടക്കത്തിനുമെതിരെ സോഷ്യല്‍ മീഡിയ ഭീമനായ ടിക് ടോക്കില്‍ വലിയ സമ്മര്‍ദം. ഇസ്രായില്‍ അനുകൂല സെലിബ്രിറ്റികളില്‍നിന്നും ജൂതന്മാര്ക്ക് വേണ്ടി സ്വാധീനം ചെലുത്തുന്നവരില്നിന്നുമാണ് ടിക് ടോക്കില്‍ സമ്മര്‍ദം ശക്തമായതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഈ ആഴ്ച ആദ്യം കമ്പനിയിലെ ഉദ്യോഗസ്ഥര്‍ ഒരു ഡസനോളം ഇസ്രായില്‍ അനുകൂല സെലിബ്രിറ്റികളുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അഭിനേതാക്കളായ സച്ചാ ബാരണ്‍ കോഹന്, ഡെബ്ര മെസ്സിംഗ്, ആമി ഷുമര്‍ എന്നിവരും ഇവരില്‍ ഉള്‍പ്പെടുന്നു. ടിക്ടോക്കില്‍ യഹൂദ വിരുദ്ധ നിലപാട് ശക്തിപ്പെടുന്നതാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്.
നിയമാനുസൃതമായ ഫലസ്തീന് അനുകൂല ശബ്ദത്തിനുവേണ്ടി നിലകൊള്ളുന്ന ഉപയോക്താക്കളെ അടിച്ചമര്‍ത്താനുള്ള ആവശ്യങ്ങളുമായി സഹകരിക്കാനാണ് ടിക് ടോക്ക് അധികൃതരില്‍ സമ്മര്‍ദം തുടരുന്നത്. ഇസ്രായിലിനെ വിമര്‍ശിക്കാന്‍ അനുവദിക്കുന്നത് നാസിസത്തിനു തുല്യമാണെന്നുവരെ യോഗത്തില്‍ പങ്കെടുത്ത സെലിബ്രിറ്റികള്‍ പറഞ്ഞു.
ടിക് ടോക്കില്‍ എന്താണ് സംഭവിക്കുന്നത്, നാസികള്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ യഹൂദ വിരുദ്ധ പ്രസ്ഥാനമാണ് ഇത് സൃഷ്ടിക്കുന്നതെന്ന് ഔദ്യോഗിക ടിക് ടോക്ക് അക്കൗണ്ട് ഇല്ലാത്ത നടന് സച്ചാ ബാരണ്‍ കോഹന് പറഞ്ഞു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ യഹൂദ വിരുദ്ധത പരിഹരിക്കാന്‍ കഴിയുമെന്ന് അവകാശപ്പെട്ടെങ്കിലും നിങ്ങളുടെ കാര്യത്തില്‍ ലജ്ജ തോന്നുന്നുവെന്നാണ് ടിക് ടോക്കിന്റെ ഓപ്പറേഷന്‍സ് മേധാവി ആദം പ്രസ്സറിനോട് കോഹന് പറഞ്ഞത്.
യഹൂദവിരുദ്ധമെന്ന് അപ്പാര്‍ത്തീഡ് രാഷ്ട്രത്തെ പിന്തുണക്കുന്നവര്‍ അവകാശപ്പെടുന്ന ഫ്രം ദ റിവര്‍ ടു സീ എന്ന വാചകം ടിക് ടോക്കില്‍ ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു. ഫലസ്തീനിലെ ഓരോ ഇഞ്ചിലും അധിനിവേശം നടത്തിയ ഇസ്രായില്‍ നേതാക്കള്‍ കുപ്രസിദ്ധമായ ഇതേ വാചകം തന്നെയാണ് ഉപയോഗിച്ചിരുന്നത് എന്നത് വൈരുധ്യമാണ്.
ഈ വാചകം ടിക് ടോക്കിലെ 40,000 മോഡറേറ്റര്‍മാരുടെ വ്യാഖ്യാനത്തിന് വിധേയമാണെന്ന് കമ്പനി മേധാവി പ്രസ്സര്‍ പറഞ്ഞു. എന്നാല്‍ 'യഹൂദന്മാരെ കൊല്ലുക, ഇസ്രായില്‍ രാഷ്ട്രത്തെ ഉന്മൂലനം ചെയ്യുക എന്നതാണ് ഉദ്ദേശിക്കുന്നതെന്ന് കൃത്യമായി വ്യക്തമാകുന്നിടത്ത് അത് നീക്കംചെയ്യുമെന്ന് അദ്ദേഹം യോഗത്തില്‍ പങ്കെടുത്തവരോട് പറഞ്ഞു. ഒക്ടോബര്‍ ഏഴുമുതല്‍ ഇന്നുവരെ തങ്ങളുടെ സമീപനം വ്യക്തമാണെന്നും ആളുകള്‍ വ്യക്തമല്ലാത്ത പദപ്രയോഗം നടത്തുന്ന സന്ദര്‍ഭങ്ങളില്‍ അത് സ്വീകാര്യമായ അഭിപ്രായ പ്രകടനമായി കണക്കാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫലസ്തീന് അനുകൂല, ഇസ്രായില്‍ വിരുദ്ധ ഉള്ളടക്കം പ്രോത്സാഹിപ്പിക്കുന്നുവെന്ന അവകാശവാദങ്ങള്‍ ടിക് ടോക്ക് നിഷേധിച്ച സാഹചര്യത്തിലാണ് കമ്പനി അധികൃതരുമായുള്ള ഇസ്രായില്‍ അനുകൂല സെലിബ്രിറ്റികളുടെ കൂടിക്കാഴ്ച. ഈ ആഴ്ചത്തെ കൂടിക്കാഴ്ച. ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്ക് ആപ്പ് നിരോധിക്കണമെന്ന ആവശ്യം അമേരിക്കയിലെ ജനപ്രതിനിധികള്‍ ശക്തമാക്കിയിട്ടുണ്ട്. പ്ലാറ്റ്ഫോമിലെ അല്‍ഗോരിതം വഴി പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കത്തെ ചൈന സ്വാധീനിച്ചേക്കാമെന്നാണ് ഇവര്‍ വാദിക്കന്നത്.
ടിക് ടോക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ നിന്ന് വീഡിയോകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന രാജ്യങ്ങളുടെ മുന്‍നിരയിലാണ് ഇസ്രായില്‍. സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കെതിരെ ഇസ്രായില്‍ തുടരുന്ന അടിച്ചമര്‍ത്തലിന്റെ വ്യാപ്തിയാണ് ഇതു വ്യക്തമാക്കുന്നത്.
കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ ഉള്ളടക്കമോ അക്കൗണ്ടുകളോ നീക്കം ചെയ്യാനോ പരിമിതപ്പെടുത്താനോ വേണ്ടി ലോകമെമ്പാടുമുള്ള സര്‍ക്കാരുകളില്‍ നിന്ന് 2,713 അഭ്യര്‍ത്ഥനകളാണ് ടിക് ടോക്കിന് ലഭിച്ചതെന്ന് ജറൂസലം പോസ്റ്റിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സമയത്ത് പ്ലാറ്റ്ഫോമില്‍ അപ്ലോഡ് ചെയ്ത 110,954,663 വീഡിയോകള്‍ കമ്പനി നീക്കം ചെയ്തു. ടിക് ടോക്കില്‍ അപ് ലോഡ് ചെയ്ത വീഡിയോകളുടെ ഏകദേശം ഒരു ശതമാനമാണിത്.