Sorry, you need to enable JavaScript to visit this website.

കുരുവികളുടെ ചിറകടി...ഡോ. സലീം അലിയുടെ ഓർമകളിലൂടെ...

ഭാരതത്തിലെ പക്ഷിനിരീക്ഷണ ശാസ്ത്രത്തിന് ലോകത്തിന് മുമ്പിൽ മേൽവിലാസം ഉണ്ടാക്കിക്കൊടുത്ത സലീം മൊയ്‌നുദ്ദീൻ അബ്ദുൽ അലിയെന്ന ഡോ. സലീം അലിയുടെ ജന്മദിനമായിരുന്നു ഇക്കഴിഞ്ഞ നവംബർ 12.
നമ്മുടെ പക്ഷിജീവിത പഠനത്തിന്റെ പിതാവെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം.  പക്ഷിനിരീക്ഷണ ശാസ്ത്രത്തെ ഒരു ജനകീയ പ്രസ്ഥാനമാക്കി വളർത്തിയെടുത്തത് സലീം അലിയാണ്.
തന്റെ ജീവതത്തിലെ ഏറ്റവും ഉൽപാദനക്ഷമമായ കാലഘട്ടം 1930 മുതൽ 50 വരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പക്ഷി സർവേയായിരുന്നുവെന്ന് സലീം അലി പറഞ്ഞിട്ടുണ്ട്.  തന്റെ പക്ഷി സർവേകളിൽ ഏറ്റവും ഗുണകരമായത് തിരു - കൊച്ചി സംസ്ഥാനങ്ങളിൽ നടത്തിയ സർവേയാണെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.  1933 ൽ തിരുകൊച്ചി സർവേ ആരംഭിച്ചു. സലീം അലി കേരളത്തിൽ എത്തുന്ന കാലത്ത് ഇവിടം മൂന്ന് കഷ്ണങ്ങളായി കിടക്കുകയായിരുന്നു.  തിരുവിതാംകൂർ, കൊച്ചി, മലബാർ, ഇതിൽ മലബാർ മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്നു.  മറ്റു രണ്ടു ഭാഗവും നാട്ടുരാജാക്കന്മാരുടെ ഭരണമായിരുന്നു. 


സലീം അലിയുടെ ഭാര്യ തെഹ്മിനക്കൊപ്പം തിരുവിതാംകൂറിലെ 14 ഓളം സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പഠനങ്ങൾ നടത്തി.  സർവേയിൽ തെഹ്മിന സലീം അലിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചു. വരവുചെലവു കണക്കൊക്കെ അവരാണ് നോക്കിയിരുന്നത്. തിരുവിതാംകൂർ സർവേയ്ക്ക്  2000 രൂപയും കൊച്ചി സർേവയ്ക്ക് 1200 രൂപയുമാണ് സർക്കാർ അനുവദിച്ചിരുന്നത്.  1933 ജനുവരിയിൽ മറയൂരിൽ നിന്നാണ് സർവേ ആരംഭിച്ചത്.  തിരുവിതാംകൂർ മ്യൂസിയം ഡയറക്ടറായിരുന്ന എൻ.ജി. പിള്ള കൂടി സലീമിനൊപ്പം ചേർന്നിരുന്നു.  മദ്രാസ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് സുവോളജിയിൽ ബിരുദധാരിയായ എൻ.ജി. പിള്ള വളരെ വേഗം സർവേയുടെ ഭാഗമാകുകയും സലീം അലിയുടെ പ്രിയപ്പെട്ടവനായിത്തീരുകയും ചെയ്തു. 
മറയൂർ, മൂന്നാർ, ശാന്തൻപാറ, തട്ടേക്കാട്, കോട്ടയം, പീരുമേട്, കുമളി, ദേരമല, രാജമ്പാറ, തെൻമല, തിരുവനന്തപുരം, കേപ് കോമറിൻ, അരമ്പോളി, ബാലമൂർ എസ്റ്റേറ്റ് എന്നിങ്ങനെ 14 (പതിനാല്) കേന്ദ്രങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു  തിരുവിതാംകൂർ സർവേ നടത്തിയത്. 
 അക്കാലത്തെ പക്ഷി സർവേകളിലും പഠനങ്ങളിലും പക്ഷികളെ വെടിവെച്ചിട്ട് തൂകൽ സൂക്ഷിക്കുകയെന്ന സമ്പ്രദായത്തിനാണ് മുൻതൂക്കം നൽകിയിരുന്നത്. അതുകൊണ്ട് പക്ഷിപഠനവുമായി ബന്ധപ്പെട്ടു തന്നെ ധാരാളം പക്ഷികൾ കൊല്ലപ്പെട്ടിരുന്നു. ഹാക്ക്-ഈഗിളിനെപ്പോലെ അപൂർവമായി കാണുന്ന പക്ഷികളെയും ഇത്തരത്തിൽ കൊന്നിരുന്നുവെന്നത് അക്കാലത്തെ പക്ഷി പഠനത്തിന്റെ വലിയൊരു പോരായ്മയായിരുന്നു. പക്ഷി പഠന പ്രസിദ്ധീകരണത്തിൽ ഒരു പക്ഷിയെ കണ്ടുവെന്ന് രേഖപ്പെടുത്തണമെങ്കിൽ തന്നെ അവയുടെ തുകൽ അവിടെ എത്തിക്കേണ്ടതുണ്ടായിരുന്നു. 
പക്ഷിസമ്പന്നതയുടെ കാര്യത്തിൽ കേരളം വളരെ മുമ്പിലാണ്.  
 ഈ സംസ്ഥാനത്ത് ഏതാണ്ട് 519 ജാതി പക്ഷികൾ ജീവിക്കുന്നുണ്ട്. സലീം അലിയുടെ ബോർഡ് ഓഫ് കേരളയിൽ 289 ജാതി പക്ഷികളാണ് ഉള്ളത്   ഇന്ദുചൂഡന്റെ കേരളത്തിലെ പക്ഷികളുടെ അഞ്ചാം പതിപ്പിൽ 512 ജാതി പക്ഷികൾ ഉണ്ടെന്ന് വ്യക്തമാക്കുന്നു. അതിനു ശേഷം ചില പക്ഷികളെ പുതുതായി കണ്ടെത്തി. 1935-37 കാലത്ത്  മുംബൈ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ ജേണലിൽ സലീം അലി തിരു-കൊച്ചി സർവേ സംബന്ധിച്ച് വിശദമായി എഴുതുകയുണ്ടായി.  ഓർത്തോളജി ഓഫ് ട്രാവൻകൂർ ആന്റ് കൊച്ചിൻ എന്ന പേരിൽ 246 പേജുകളിലായാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.  
ലോകമെമ്പാടുമുള്ള പക്ഷിപ്രേമികളുടെ പ്രശംസ ഇതിന്റെ പേരിൽ സലീം അലിക്ക് ലഭിക്കുകയുണ്ടായി.  അന്നത്തെ തിരുവിതാംകൂർ ദിവാനും തിരുവിതാംകൂർ സർവകലാശാലുയടെ ചാൻസലറുമായിരുന്ന സർ സി.പി. രാമസ്വാമി അയ്യർ സലീം അലിയുടെ പക്ഷി സർവേ റിപ്പോർട്ട് കാണാനിടയാവുകയും അതു പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കാൻ മുൻകൈയെടുക്കുകയും ചെയ്തു. 
1953 ൽ ബേർഡ്‌സ് ഓഫ് ട്രാവൻകൂർ ആന്റ് കൊച്ചിൻ എന്ന പേരിൽ സലീം അലിയുടെ തിരുവിതാംകൂർ കൊച്ചി പക്ഷി സർവേ പുസ്തകമായി.  ആദ്യ പതിപ്പ് വേഗത്തിൽ വിറ്റഴിച്ചു. 1969 ൽ സലീം അലിയുടെ ബേർഡ് ഓഫ് ട്രാവൻകൂർ ആന്റ് കൊച്ചിൻ എന്ന പുസ്തകം ബേർഡ്‌സ് ഓഫ് കേരള എന്ന പേരിൽ രണ്ടാം പതിപ്പ് പ്രസിദ്ധീകരിച്ചു.  1985 ൽ  ഇതിന്റെ മൂന്നാം പതിപ്പും പുറത്തു വന്നു.  പച്ചപ്പ് പൊതിഞ്ഞ കേരളത്തെ സലീം അലി ഏറെ സ്‌നേഹിച്ചിരുന്നു.  അവസരം കിട്ടുമ്പോഴൊക്കെ കേരളത്തിൽ പക്ഷിനിരീക്ഷണം നടത്താൻ അദ്ദേഹം ശ്രമിച്ചിരുന്നു. 1939 ൽ ഒരു സാധാരണ ഓപറേഷനെ തുടർന്നുണ്ടായ അണുബാധയെത്തുടർന്ന് ഭാര്യ തെഹ്മിന മരിച്ചത് സലീം അലിക്ക് കനത്ത ആഘാതമായി.
1947 ൽ തിരുവനന്തപുരം, പൊൻമുടി, മെർക്കിസ്റ്റൻ, കെപ്‌കോമിറിൻ, ബാലമൂർ മുതുകുഴി, തെന്മല, കോട്ടയം, മുണ്ടക്കയം, പീരുമേട്, സൗണ്ട്ടൺ എസ്റ്റേറ്റ്, വണ്ടിപ്പെരിയാർ, തേക്കടി, തട്ടേക്കാട്, മൂന്നാർ, ആനമുടി, ദേവികുളം, ചാലക്കുടി, കാവാലം ഫോറസ്റ്റ് ട്രാംവേ, പറമ്പിക്കുളം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പക്ഷിപഠനം നടത്തുകയുണ്ടായി. 
സൈലന്റ് വാലി കാടുകൾക്കായുള്ള സമരം തോൽക്കാതിരുന്നത് സലീം അലിയുടെ കൃത്യസമയത്തുള്ള ഇടപെടൽ കൊണ്ടും  ഇന്ദിരാഗാന്ധിയുമായുള്ള അദ്ദേഹത്തിന്റെ വ്യക്തിപരമായ അടുപ്പവും മൂലമാണ്. അങ്ങനെയാണ് സൈലന്റ് വാലി കാടുകൾ കേരളത്തിന്റെ ഓക്‌സിജൻ  പാർലർ ആയി ഇപ്പോഴും ജീവനോെടയിരിക്കുന്നത്. 
സലീം അലി ഒരിക്കലും കാൽപനിക പരിസ്ഥിതിവാദി ആയിരുന്നില്ല. പ്രായോഗിക വാദിയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ  വാക്കുകൾ വെളിപ്പെടുത്തുന്നു.
'എന്നെ സംബന്ധിച്ചിടത്തോളം വന്യജീവി സംരക്ഷണമെന്നത് ഭൂമിയേയും മണ്ണിനേയും സംബന്ധിക്കുന്ന പ്രായോഗികമായ ആവശ്യങ്ങൾക്കും ലക്ഷ്യങ്ങൾക്കും കൂടി ഉപയോഗിക്കേണ്ടതുണ്ട്. ശാസ്ത്രീയവും പുനരുൽപാദനപരവും സാമ്പത്തികവുമായ കാരണങ്ങളാലാണ് അത് പ്രസക്തമാകുന്നത്. വികാരപരതയ്ക്കതിൽ ഇടമില്ല. അതിനാൽ ഇപ്പോൾ നൽകിവരുന്ന രീതിയിലുള്ള അഹിംസയിലധിഷ്ഠിതമായ സംരക്ഷണ പാഠങ്ങൾ നിർഭാഗ്യകരമാണ്, അസ്ഥാനത്തുള്ളതുമാണ്'.
ഒരു പുരുഷായുസ്സു കൊണ്ട്   ചെയ്തുതീർക്കേണ്ടതൊ ക്കെ അദ്ഭുതകരമായ വേഗത്തോടെ അദ്ദേഹം ചെയ്തുതീർത്തു. പ്രകൃതിപഠനത്തിൽ 'ദി ബേർഡ് മാൻ ഓഫ് ഇന്ത്യ' എന്നേ പരിൽ അറിയപ്പെടുന്ന സലീം അലി ചെയ്തു വെച്ചതിനപ്പുറത്തേക്ക് ഇന്നും നമുക്ക് കൂടുതൽ പോകാനായിട്ടില്ല. അത്രക്കുണ്ട് അദ്ദേഹത്തിന്റെ സംഭാവനകൾ. 
കശ്മീരിലെ ശ്രീനഗർ ദേശീയ ഉദ്യാനം മുതൽ കേരളത്തിലെ തട്ടേക്കാട് പക്ഷിസങ്കേതം വരെ സലീം അലിയുടെ പേരു നൽകി നമ്മൾ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഒട്ടുമിക്കസംസ്ഥാനങ്ങളിലും അദ്ദേഹത്തിന്റെ പേരിൽ ജീവിക്കുന്ന സ്മാരകങ്ങളുണ്ട്. ഹിമാലയത്തിൽ കാണപ്പെടുന്ന ഹിമാലയൻ ഫോറസ്റ്റ് ത്രഷ് എന്ന പക്ഷിക്ക് സലീം അലിയുടെ പേരാണ് നൽകിയിരിക്കുന്നത്. 
 രാഷ്ട്രം അദ്ദേഹത്തിന് 1958 ൽ പദ്മഭൂഷണും 1978 ൽ പദ്മവിഭൂഷണും നൽകി ആദരിച്ചു. ദി ഫാൾ ഓഫ് എ സ്പാരോ അദ്ദേഹത്തിന്റെ ആത്മകഥയാണ്. ദി ബുക്ക് ഓഫ് ഇന്ത്യൻ ബേർഡ്‌സ് ഉൾപ്പെടെ നിരവധി പക്ഷിപുസ്തകങ്ങൾ അദ്ദേഹം രചിക്കുകയുണ്ടായി. 985 ൽ സലീം അലി രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്യപ്പെട്ടു. 1987 ജൂൺ 20 ന് 91 -ാമത്തെ വയസ്സിൽ പ്രോസ്റ്റേറ്റ് കാൻസറിനെത്തുടർന്ന് സലീം അലി അന്തരിച്ചു. 

Latest News