ഗൾഫ് നാടുകളിൽ ജീവിക്കുന്ന പുരുഷന്മാരിൽ പലരെയും അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചിലും കഷണ്ടിയും. ചെറുപ്പക്കാർക്കിടയിൽ പോലും കണ്ടു വരുന്ന ഒരു ഗുരുതരമായ സൗന്ദര്യപ്രശ്നമാണിത്. പണ്ടൊക്കെ പുരുഷന്മാരുടെ കഷണ്ടി പ്രായമാകുന്നതിന്റെ ലക്ഷണമായിരുന്നു. എന്നാൽ മാറി വരുന്ന ജീവിത സാഹചര്യങ്ങൾ കാരണം ഇന്ന് ചെറുപ്പക്കാരായ മൊട്ടത്തലയന്മാരും ഏറെയാണ്. 25 വയസുള്ളവരിൽ പോലും കഷണ്ടി, മുടി കൊഴിയൽ, മുടി നരയ്ക്കൽ തുടങ്ങിയ പ്രശ്നങ്ങളുണ്ട്.
ജോലിഭാരം മൂലമുള്ള പിരിമുറുക്കങ്ങളും വേണ്ട രീതിയിൽ മുടി സംരക്ഷിക്കാത്തതുമൊക്കെയാണ് ഈ പ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. ഒന്നു ശ്രദ്ധിച്ചാൽ ഈ പ്രശ്നങ്ങളൊക്കെ ഒഴിവാക്കി ആരോഗ്യമുള്ള മുടി നിലനിർത്താവുന്നതേയുള്ളു. കഷണ്ടിയ്ക്കു കാരണങ്ങൾ പലതുണ്ട്. ഇതിൽ പാരമ്പര്യം പ്രധാനപ്പെട്ട ഒന്നാണ്. ഇതിനു പുറമെ മാനസിക സമ്മർദ്ദം, ഭക്ഷണത്തിലെ പോരായ്മകൾ, അന്തരീക്ഷവും വെള്ളവും തുടങ്ങിയ പല കാരണങ്ങളുമുണ്ട്. കഷണ്ടി വന്നു കഴിഞ്ഞു പരിഹാരം തേടുന്നതിനേക്കാൾ കഷണ്ടി വരാതെ നോക്കുന്നതാണ് കൂടുതൽ നല്ലത്. കഷണ്ടി തടയാൻ, അല്ലെങ്കിൽ വരാതിരിയ്ക്കാൻ പല വഴികളുണ്ട്. പുരുഷ കഷണ്ടി വരാതെ തടയാൻ സഹായിക്കുന്ന ചില പ്രത്യേക വഴികളെക്കുറിച്ചറിയൂ.
എണ്ണ തേച്ചു കുളി
ചെറുചൂടുള്ള വെളിച്ചെണ്ണയോ ഇതുപോലുളള എണ്ണകൾ എന്തെങ്കിലുമോ തലയിൽ പുരട്ടി മസാജ് ചെയ്തു കുളിയ്ക്കുന്നത് കഷണ്ടി വരാതിരിയ്ക്കാൻ മാത്രമല്ല, മുടി വളരാൻ കൂടി നല്ലതാണ്.
മുടിയിൽ പരീക്ഷണം പാടില്ല
സ്ത്രീകളെപ്പോലെ പുരുഷന്മാരും മുടി പരീക്ഷണത്തിൽ പുറകിലല്ല. നീട്ടുക, ചുരുട്ടുക തുടങ്ങിയ പരീക്ഷണങ്ങൾ നടത്താത്തതാണ് മുടിയുടെ സ്വാഭാവിക ആരോഗ്യത്തിന് നല്ലത്. എളുപ്പം പൊട്ടിപ്പോകുന്ന മുടിയാണ് നിങ്ങളുടേതെങ്കിൽ ഒരിക്കലും കൃത്രിമമാർഗങ്ങൾ ഉപയോഗിക്കരുത്. ഇതു കൂടാതെ മുടിക്ക് നിറം കൊടുക്കുന്നതും ജെല്ലുകളുപയോഗിക്കുന്നതും നല്ലതല്ല. ഇവയിൽ രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നതു കൊണ്ട് മുടിയുടെ സ്വാഭാവികവളർച്ച തന്നെ മുരടിച്ചുപോകും. കഴിവതും ഇത്തരം പരീക്ഷണങ്ങൾക്കു മുതിരാതെയിരിയ്ക്കുക.
തല തോർത്തുന്നത് സൂക്ഷിച്ച്
നമ്മുടെ മുടി വളരെ മൃദുലമാണ്. അതുകൊണ്ട് മുടി കൈകാര്യം ചെയ്യുമ്പോഴും വളരെ ശ്രദ്ധ വേണം. കുളി കഴിഞ്ഞ് വെള്ളം കളയാനായി നാം മുടി അമർത്തി തോർത്താറുണ്ട്. അത് മുടിക്ക് നല്ലതല്ല. ഇങ്ങനെ ചെയ്യുമ്പോൾ പുതുതായി വളർന്നു വരുന്ന മുടി മുരടിച്ചു പോകും. മൃദുവായ ടവലുപയോഗിച്ച് വെള്ളം കളയുന്നതാണ് നല്ലത്. അമർത്തി തോർത്തുന്നത് മുടി നഷ്ടപ്പെടാനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്.
തല വൃത്തിയായി സൂക്ഷിക്കുക
മുടിയിലെ വിയർപ്പ്, ചെളി തുടങ്ങിയവ മുടി കൊഴിയാനും കഷണ്ടി വരാനുമുള്ള ഒരു കാരണമാണ്. മുടി വൃത്തിയായി സൂക്ഷിക്കുക. വിയർപ്പും ചെളിയുമൊന്നും വരാതെ സൂക്ഷിക്കുക. ഇതിന് ഷാംപൂ പോലുള്ള വഴികൾ ഉപയോഗിയ്ക്കുമ്പോഴും ശ്രദ്ധിക്കുക. കെമിക്കലുകൾ അടങ്ങിയ ഷാംപൂ കഴിവതും ഉപയോഗിക്കാതിരിയ്ക്കുക.
മാനസിക സമ്മർദ്ദം
മാനസിക സമ്മർദ്ദം മുടിയുടെ ആരോഗ്യം കളയുന്ന ഒന്നാണ്. സ്ട്രെസ്സ് എന്നത് പുതുതലമുറയുടെ ജീവിതത്തിന്റെ ഭാഗമായത് പോലെയാണ്. ജോലിയിലും വീട്ടിലും ബന്ധങ്ങളിലുമൊക്കെ പല കാരണങ്ങളാൽ പലരും മാനസിക സമ്മർദ്ദമനുഭവിക്കുന്നു. ഇന്നത്തെ ചെറുപ്പക്കാരെ ബാധിയ്ക്കുന്ന പ്രധാന പ്രശ്നം കൂടിയാണിത്. അതുകൊണ്ട് ജോലിയിലാണെങ്കിലും വീട്ടിലാണെങ്കിലും സമ്മർദ്ദം കുറയ്ക്കാനുള്ള മാർഗങ്ങൾ കണ്ടെത്തുക.
ഹെയർ ഡ്രയർ വേണ്ട
നനഞ്ഞ മുടി ഉണക്കാൻ ഹെയർ ഡ്രയർ ഉപയോഗിയ്ക്കാതിരിയ്ക്കുക. ഇത് മുടി കളയുന്ന ഒന്നാണ്. ഇത് ഉള്ള മുടി കൊഴിഞ്ഞ് പോവുന്നതിനും മുടിയുടെ ആരോഗ്യം നശിപ്പിക്കുന്നതിനും ആണ് കാരണമാകുക. മാത്രമല്ല പല വിധത്തിൽ ഇത് മുടിക്ക് ദോഷകരമായി മാറുന്നു.
സവാള
കഷണ്ടിയിൽ മുടി വളരാൻ സഹായിക്കുന്ന ചുരുക്കം ചില വീട്ടുവൈദ്യങ്ങളും അടുക്കളക്കൂട്ടുകളുമുണ്ട്. ഇതിലൊന്നാണ് സവാള. പൊട്ടാസ്യം, അയൊഡിൻ, ഫോസ്ഫറസ്, ബയോട്ടിൻ, സൾഫർ തുടങ്ങിയ പല ഘടകങ്ങളും ഇതിലുണ്ട്. ഇതിലെ സൾഫർ, ബയോട്ടിൻ ഘടകങ്ങളാണ് പ്രധാനമായും ഇതിനു സഹായിക്കുന്നത്. സവാളയിൽ നിയാസിൻ എന്നൊരു പ്രത്യേക ഘടകവുമുണ്ട്. ഇത് മുടിയുടെ രോമകൂപങ്ങളിൽ നിന്നും മുടി വളരാൻ ഇട വരുത്തുന്നു. ഗ്ലൈക്കോസൈഡ് എന്നൊരു ഘടകവും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് മുടിയിലേയ്ക്കുള്ള ബ്ലഡ് സർകുലേഷനും ഓക്സിജൻ സപ്ലൈയും കൂട്ടുന്നു. സവാള ചില പ്രത്യേക രീതികളിൽ ഉപയോഗിയ്ക്കുന്നത് മുടി വളർച്ചയ്ക്കു മാത്രമല്ല, കഷണ്ടിയ്ക്കുള്ള പ്രതിവിധി കൂടിയാണ്. സവാള നീര് തലയിൽ ആഴ്ചയിൽ നാലു ദിവസമെങ്കിലും തേച്ചു പിടിപ്പിയ്ക്കുക. അര മണിക്കൂർ കഴിയുമ്പോൾ കഴുകാം.
സവാള നീരും വെളിച്ചെണ്ണയും
സവാള നീരും വെളിച്ചെണ്ണയും കലർന്ന മിശ്രിതവും മുടി വളരാൻ ഏറെ നല്ലതാണ്. വെളിച്ചെണ്ണ മുടി വളർച്ചയ്ക്കു പൊതുവേ സഹായകമാണ്. ഇതിലെ ആരോഗ്യകരമായ കൊഴുപ്പുകളാണ് ഇതിനു സഹായിക്കുന്നത്. ഇതിൽ ലോറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ കേടായ കോശങ്ങളെ റിപ്പയർ ചെയ്ത് പുതിയ കോശങ്ങളും ഇതുവഴി പുതിയ മുടിയും നൽകുന്നു. മുടിയ്ക്ക് ഈർപ്പം നൽകാനും തലയോടിലെ രക്തപ്രവാഹം വർദ്ധിപ്പിയ്ക്കാനുമെല്ലാം ഇത് ഏറെ നല്ലതാണ്. നല്ല ശുദ്ധമായ വെളിച്ചെണ്ണയെടുത്ത് ചെറുതായി ചൂടാക്കി ഇതിൽ സവാള നീരു ചേർത്തിളക്കി ശിരോചർമത്തിൽ പുരട്ടി മസാജ് ചെയ്യാം. ഇത് ആഴ്ചയിൽ രണ്ടു മൂന്നു തവണയെങ്കിലും അൽപകാലം അടുപ്പിച്ചു ചെയ്യാവുന്നതേയുള്ളൂ. ഫലമുണ്ടാകും.
പ്രോട്ടീൻ
മുടിയുടെ വളർച്ചയ്ക്ക്, മുടി പൊഴിയാതിരിയ്ക്കാൻ പല പോഷകങ്ങളും അത്യാവശ്യമാണ്. ഇതിലൊന്നാണ് പ്രോട്ടീൻ. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കുക. ഇത് കഷണ്ടി വരാതെ തടയാൻ ഏറെ പ്രധാനമാണ്. മത്സ്യം, മാംസം, മുട്ട, പയർ വർഗങ്ങൾ എന്നിവയെല്ലാം ഇതിനു സഹായിക്കുന്നു. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതു ഗുണം ചെയ്യും.