Sorry, you need to enable JavaScript to visit this website.

യുവാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ സംഘര്‍ഷം, ഇതര സമുദായത്തിലെ ഏഴു പേര്‍ അറസ്റ്റില്‍

ബെല്‍ഗാവി-കര്‍ണാടകയിലെ ബെല്‍ഗാവി ജില്ലയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഇതര സമുദായക്കാരെ ഏഴു പേരെ അറസ്റ്റ് ചെയ്തായി പോലീസ് അറിയിച്ചു. ഗോകാക് പട്ടണത്തിലാണ് 23 കാരനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
സന്തോഷ് ഷാനൂര്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.  കൊലപാതകത്തെ തുടര്‍ന്ന് ഇയാളുടെ സമുദായത്തില്‍പ്പെട്ട 150 ഓളം പേര്‍ ഞായറാഴ്ച പത്ത് പ്രതികളുടെ വീടുകള്‍ക്ക് സമീപം തടിച്ചുകൂടി കല്ലെറിഞ്ഞിരുന്നു. രാത്രി മുഴുവന്‍ സംഘര്‍ഷാവസ്ഥ തുടര്‍ന്നു. പോലീസ് സ്ഥലത്തെത്തി ഏറെ നേരം അനുനയിപ്പിച്ച ശേഷമാണ് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ കഴിഞ്ഞത്. തുടര്‍ന്ന് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതായി പോലീസ് അറിയിച്ചു.
ഞായറാഴ്ച രാവിലെ മൗനേഷ് എന്നയാളെ ഒരാള്‍ മര്‍ദിച്ചിരുന്നു. തുടര്‍ന്ന് സന്തോഷ് ഷാനൂര്‍ സുഹൃത്തുക്കളോടൊപ്പം പ്രതിയുടെ വീട്ടിലേക്ക് പോയി. ഇത്  ഇരുവിഭാഗവും തമ്മിലുള്ള വാക്കേറ്റത്തിന് ഇടയാക്കിയതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വഴക്കിനിടെ പ്രതികള്‍ വാളും കത്തിയും ഉപയോഗിച്ച് സന്തോഷ് ഷാനൂരിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു.


ഇതിനു പിന്നാലെയാണ്  150ഓളം പേര്‍ പ്രതികളുടെ വീടുകള്‍ക്ക് സമീപം തടിച്ചുകൂടി കല്ലെറിഞ്ഞത്. ഇത് പ്രദേശത്ത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി. പോലീസ് സംഘങ്ങള്‍ സ്ഥലത്തെത്തി ജനക്കൂട്ടത്തിന്റെ ആശങ്കകള്‍ പരിഹരിക്കുമെന്ന് ഉറപ്പു നല്‍കുകയും സമാധാനം നിലനിര്‍ത്താന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. പ്രതികളെ പിടികൂടി ശിക്ഷിക്കുമെന്ന് ഉറപ്പു നല്‍കിയതോടെയാണ് ജനക്കൂട്ടം പിരിഞ്ഞുപോയത്.
കൊല്ലപ്പെട്ടയാളും മുഖ്യപ്രതിയും തമ്മില്‍  ചില സാമ്പത്തിക തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. എങ്കിലും കാര്യങ്ങള്‍ കൂടുതല്‍ പരിശോധിക്കേണ്ടതുണ്ടെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ബെല്‍ഗാവി പോലീസ് സൂപ്രണ്ട് ഭീമശങ്കര്‍ ഗുലേദ് പറഞ്ഞു. ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിലുള്ള ബാക്കി മൂന്ന് പേരെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സന്തോഷ് ഷാനൂരിന്റെ മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു. യുവാവ് 10 മാസം മുമ്പാണ് വിവാഹിതനായതെന്നും ഭാര്യ ഗര്‍ഭിണിയാണെന്നും പോലീസ് സൂപ്രണ്ട് ഗുലേദ് പറഞ്ഞു.

 

Latest News