തേങ്ങ പൂളാനെന്നു പറഞ്ഞ് കത്തി വാങ്ങി, മകന്റെ ഭാര്യയെ കുത്തിക്കൊന്നു

കൊല്‍ക്കത്ത-ചായയും കടിയും നല്‍കിയതിനു തൊട്ടുപിന്നാലെ മകന്റെ ഭാര്യയെ വയോധികന്‍ കുത്തിക്കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലാണ് 40 കാരിയെ അമ്മായിയപ്പന്‍ കുത്തിക്കൊലപ്പെടുത്തിയത്
75 കാരനായ പ്രതി ഗോപാല്‍ ബിശ്വാസ് മകന്റെ ഭാര്യ മുക്തി ബിശ്വാസുമായി നല്ല ബന്ധത്തിലായിരുന്നില്ലെന്നും ഏതാനും ദിവസം മുമ്പ് വാങ്ങിയ മൂര്‍ച്ചയുള്ള വെട്ടുകത്തി ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.
ദീപാവലിക്ക് മകനു വേണ്ടി മെഴുകുതിരി വാങ്ങാന്‍ ഭര്‍ത്താവ് അടുത്തുള്ള കടയിലേക്ക് പോയപ്പോള്‍ യുവതിയുടെ മുറിയില്‍ കയറി ഇയാള്‍ പലതവണ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഭര്‍ത്താവ് ദേബു ബിശ്വാസ് തിരികെ വന്നപ്പോള്‍ അവരുടെ മുറിയില്‍ നിന്ന് അസാധാരണമായ ശബ്ദം കേട്ടു. അവരുടെ മകന്‍ ബഹളം വെച്ചതായിരിക്കാമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍, മുറിയില്‍ കയറിയപ്പോള്‍ മുക്തിയെ രക്തത്തില്‍ കുളിച്ചുകിടക്കുന്നതായി കണ്ടു. യുവതിയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ആയുധം വീടിന് പുറത്തേക്ക് എറിഞ്ഞ ഗോപാല്‍ ബിശ്വാസ് സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് ആദ്യം പറഞ്ഞിരുന്നത്. പിന്നീട് ഇയാള്‍ കുറ്റം സമ്മതിച്ചു.
ദിവസങ്ങള്‍ക്ക് മുമ്പ് കത്തി വാങ്ങിയപ്പോള്‍  തേങ്ങ പൂളാനാണെന്നാണ് പറഞ്ഞിരുന്നത്.
തന്റെ ഭാര്യ ചായയും കടിയും നല്‍കിയതിനുശേഷമാണ് വിമുക്തഭടനായ പിതാവ്് മുക്തിയെ കൊലപ്പെടുത്തിയതെന്ന് ദേബു പറഞ്ഞു.
സംഭവം നടക്കുമ്പോള്‍ ഇവരുടെ രണ്ട് കുട്ടികളും വീട്ടില്‍ ഉണ്ടായിരുന്നു. വീട്ടുകാര്‍ സംഭവം അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

 

Latest News