Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കുരുമുളക് വില ഉയരുമെന്ന പ്രതീക്ഷയിൽ കർഷകർ

ഇന്ത്യൻ കുരുമുളക് സാങ്കേതിക തിരുത്തലുകൾക്ക് ശേഷം പുതിയ ദിശ തേടുന്നു. ഉത്തരേന്ത്യ ദീപാവലി ആഘോഷങ്ങളിൽ അമർന്ന് നിൽക്കുകയാണ്. ഉത്സവ ദിനങ്ങളിലെ ആവശ്യങ്ങൾക്കുള്ള കുരുമുളക് ശേഖരിച്ച് രംഗം വിട്ട അന്തർസംസ്ഥാന ഇടപാടുകാർ വാരത്തിന്റെ രണ്ടാം പകുതിയിൽ പുതിയ വാങ്ങലുകൾക്കായി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് കാർഷിക മേഖലയും വിപണി വൃത്തങ്ങളും. ഹൈറേഞ്ചിലെയും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലെയും സ്‌റ്റോക്കിസ്റ്റുകൾ ചരക്ക് ഇറക്കാതെ വിപണിയുടെ ചലനങ്ങൾ കഴിഞ്ഞ വാരത്തിലും നിരീക്ഷിച്ചു. കൊച്ചി ടെർമിനൽ മാർക്കറ്റിൽ വാരമധ്യം പിന്നിട്ടതോടെ വരവ് കുറഞ്ഞത് തിരിച്ചു വരവിന് അവസരം ഒരുക്കി. ക്വിന്റലിന് 2200 രൂപയുടെ ഇടിവ് ചുരുങ്ങിയ ദിവസങ്ങളിൽ സംഭവിച്ച ശേഷം താഴ്ന്ന തലത്തിൽ നിന്നും വാരാവസാന ദിവസങ്ങളിൽ അൺ ഗാർബിൾഡ് 58,700 രൂപയായി ഉയർന്നു. ഞായറാഴ്ച നടന്ന ദീപാവലി മുഹൂർത്ത വ്യാപാരത്തിൽ 200 രൂപ കുരുമുളകിന് വർധിച്ച് 58,900 രൂപയായി. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 7250 ഡോളർ വരെ താഴ്ന്ന ശേഷം 7500 ലാണ്. ശ്രീലങ്ക 6500 ഡോളറിനും വിയറ്റ്‌നാം 3425 ഡോളറിനും ബ്രസീൽ 3350 ഡോളറിനും ഇന്തോനേഷ്യ 4000 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
അനുകൂല കാലാവസ്ഥയിൽ ഒട്ടുമിക്ക തോട്ടങ്ങളിലും ഏലക്ക ഉൽപാദനം ഉയരുന്നു. ഒക്ടോബർ ആദ്യ പതിനൊന്ന് ദിവസങ്ങളെ അപേക്ഷിച്ച് നവംബറിൽ ഇതേ കാലയവളിൽ ലേലത്തിലെ ചരക്ക് വരവ് ഗണ്യമായി വർധിച്ചു. കഴിഞ്ഞ മാസം ആദ്യ പതിനൊന്ന് ദിവസങ്ങളിൽ ഒമ്പത് ലക്ഷം കിലോ ഏലക്ക ലേലത്തിന് എത്തിയെങ്കിൽ ഈ മാസം അത് പത്ത് ലക്ഷം കിലോയ്ക്ക് മുകളിലാണ്. എന്നാൽ പിന്നിട്ട സീസണിനെ അപേക്ഷിച്ച് മൊത്തം ഉൽപാദനം കുറവാണ്.  മികച്ചയിനം ഏലക്ക കിലോ 2224 രൂപയിലും ശരാശരി ഇനങ്ങൾ 1613 രൂപയിലുമാണ്. ആഭ്യന്തര വാങ്ങലുകാർ താൽക്കാലികമായി അൽപം പിൻവലിയാമെങ്കിലും അധികം വൈകാതെ ക്രിസ്മസിനുള്ള ചരക്ക് സംഭരണം തുടങ്ങും. രാജ്യത്ത് എറ്റവും കൂടുതൽ ഭക്ഷ്യ എണ്ണകളുടെ വിൽപന നടക്കുന്നത് ദീപാവലി വേളയിലാണ്. അതുകൊണ്ട് തന്നെ ഒട്ടുമിക്ക പാചക എണ്ണകളുടെയും നിരക്ക് ഉയർന്നു. കൂട്ടത്തിൽ വെളിച്ചെണ്ണയും മുന്നേറി. എന്നാൽ ഉത്സവ ദിനത്തിന് മുന്നേ കാലിടറുന്ന അവസ്ഥയിലാണ് നാളികേരോൽപന്നങ്ങൾ. 
വാരത്തിന്റെ തുടക്കത്തിൽ മികവ് കാണിച്ച വെളിച്ചെണ്ണ പക്ഷേ പിന്നീട് തളർന്നു. സ്ഥിതിഗതികൾ വിലയിരുത്തി വീണ്ടും തിരുത്തലുകൾ മുന്നിൽ കണ്ട് വൻകിട മില്ലുകൾ സ്‌റ്റോക്ക് വിൽപനയ്ക്ക് തിടുക്കം കാണിക്കുന്നുണ്ട്. വെളിച്ചെണ്ണ 13,400, കൊപ്ര 9100 രൂപയിലുമാണ്. അതേ സമയം ഞായറാഴ്ച സന്ധ്യയ്ക്ക് നടന്ന ദീപാവലി മുഹൂർത്ത വ്യാപാരത്തിൽ വെളിച്ചെണ്ണ 13,425 രൂപയായും കൊപ്ര 9125 രൂപയായും ഉയർന്നു.
റബർ ഉണർവ് തുടരുമെന്ന കണക്കുകൂട്ടലിൽ സ്‌റ്റോക്കിസ്റ്റുകൾ വിൽപന കുറച്ചു. ലഭ്യത ചുരുങ്ങിയത് ടയർ വ്യവസായികളെ അസ്വസ്ഥരാക്കിയതോടെ അവർ നിരക്ക് ഉയർത്തി. സംസ്ഥാനത്ത് റബർ ഉൽപാദനം ഉയരുന്ന അവസരമായതിനാൽ വില ഇടിച്ച് ഷീറ്റ് ശേഖരിക്കാമെന്ന നിലപാടിലായിരുന്നു ടയർ ലോബി. നാലാം ഗ്രേഡ് റബർ വാരാന്ത്യം കിലോ 155 രൂപയിലാണ്. നവംബറിൽ റബറിന് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണിത്. 
അന്താരാഷ്ട്ര സ്വർണ വില ഇടിഞ്ഞു. പശ്ചിമേഷ്യൻ സംഘർഷാവസ്ഥയിൽ ട്രോയ് ഔൺസിന് 1811 ഡോളറിൽ നിന്നും 198 ഡോളർ ഉയർന്ന് 2009 ഡോളർ വരെ മുന്നേറിയ മഞ്ഞ ലോഹത്തിന് തിരിച്ചടി. നിക്ഷേപകരും ഫണ്ടുകളും ലാഭമെടുപ്പിന് ഉത്സാഹിച്ചതോടെ 1934 ഡോളറിലേയ്ക്ക് നിരക്ക് ഇടിഞ്ഞു. 200 ദിവസങ്ങളിലെ ശരാശരി വിലയിരുത്തിയാൽ 1934 ലെ സപ്പോർട്ട് ഒരുവേള തകർന്നത് 1924 1910 ഡോളറിലേയ്ക്ക് വിപണിയെ തിരിക്കാം. സംഘർഷ സാധ്യതകൾ തുടരുന്നതിനാൽ സ്വർണ വില താഴുന്ന അവസരങ്ങളിൽ വിവിധ കേന്ദ്ര ബാങ്കുകൾ നിക്ഷേപകരാവുന്നുണ്ട്. ചുരുങ്ങിയ ദിവസങ്ങളിൽ ഔൺസിന് 70 ഡോളർ ഇടിഞ്ഞ തക്കത്തിന് ബാങ്കുകൾ സ്വർണം വാരിക്കൂട്ടുകയാണ്. 
കേരളത്തിലെ ആഭരണ വിപണികളിൽ സ്വർണ വില പവന് 45,200 രൂപയിൽ നിന്നും 44,440 ലേയ്ക്ക് താഴ്ന്നു. ഗ്രാമിന് 5650 രൂപയിൽ നിന്നും 5555 രൂപയായി.    

Latest News