പുതുവർഷമായ വിക്രം സംവത് 2080 നെ ഓഹരി വിപണി പ്രതീക്ഷകളോടെ വരവേറ്റു. ദീപാവലി മുഹൂർത്ത വ്യാപാരത്തിൽ നേട്ടം കൈവരിക്കാനായത് നിക്ഷേപകരുടെ ആത്മവിശ്വാസം ഇരട്ടിപ്പിക്കും. ഞായറാഴ്ച സന്ധ്യക്ക് ഒരു മണിക്കൂർ നീണ്ട മുഹൂർത്ത കച്ചവടത്തിൽ സെൻസെക്‌സ് 354 പോയന്റും നിഫ്റ്റി 100 പോയന്റും വർധിച്ചു. പിന്നിട്ട വാരത്തിൽ സെൻസെക്‌സ് 540 പോയന്റും നിഫ്റ്റി 194 പോയന്റും മുന്നേറി.
തുടർച്ചയായ രണ്ടാം വാരമാണ് ഇന്ത്യൻ ഇൻഡക്‌സുകൾ മികവ് കാണിക്കുന്നത്. മുൻവാരം സൂചിപ്പിച്ച സാങ്കേതിക ചലനങ്ങൾക്ക് ഒപ്പമാണ് നിഫ്റ്റി സഞ്ചരിച്ചത്. 19,230 ൽ ഇടപാടുകൾ പുനരാരംഭിച്ച നിഫ്റ്റി രണ്ടാഴ്ചയായി 19,473 നെയാണ് ലക്ഷ്യമാക്കുന്നത്. കഴിഞ്ഞ വാരത്തിൽ ഈ റേഞ്ചിൽ പത്ത് പോയന്റ് അകലെ സൂചികയ്ക്ക് കാലിടറി. അതേ സമയം മുൻവാരം വ്യക്തമാക്കിയ 19,258-19,346 ലെ പ്രതിരോധങ്ങൾ തകർത്തു. ദീപാവലിയോട് അനുബന്ധിച്ച ആവേശം വിപണിയിൽ അലയടിച്ചാൽ 19,462 ലും പ്രതിരോധം തല ഉയർത്തുമെന്ന് കഴിഞ്ഞ ലക്കം സൂചിപ്പിച്ചത് ഒരു പോയന്റ് വ്യത്യാസത്തിൽ മറികടന്ന് 19,463 വരെ കയറി. മാർക്കറ്റ് 19,425 ൽ ക്ലോസിങ് നടന്നു.
വെളളിയാഴ്ച വിപണി കാഴ്ച വെച്ച ആ ഒരു പോയന്റ് വ്യത്യാസം സൂചികയുടെ അടിയൊഴുക്കിനെ വ്യക്തമാക്കുന്നു. ഈ വാരം 19,543 പോയന്റിനെ കൈപ്പിടിയിൽ ഒതുക്കാനുള്ള ആദ്യ ശ്രമം വിജയം കണ്ടാൽ തുടർന്നുള്ള ദിവസങ്ങളിൽ 19,683 ലേയ്ക്ക് ചുവടുവെക്കാം. 19,344-19,263 ൽ സപ്പോർട്ട് പ്രതീക്ഷിക്കാം. വിപണിയുടെ മറ്റ് സാങ്കേതിക വശങ്ങളിലേയ്ക്ക് തിരിഞ്ഞാൽ സൂപ്പർ ട്രെന്റ് സെല്ലിങ് മൂഡിൽ നിലകൊള്ളുമ്പോൾ പാരാബോളിക്ക് ബുള്ളിഷായെങ്കിലും എംഎസിഡി ദുർബലാവസ്ഥയിലാണ്.
നിഫ്റ്റി ഫ്യൂച്ചർ ഓപൺ ഇൻറ്ററസ്റ്റ് തൊട്ട് മുൻവാരത്തിലെ 124.6 ലക്ഷം കരാറുകളിൽ നിന്നും 123.9 ലക്ഷം കരാറായി. ഈ ഒരു കുറവ് ദുർബലാവസ്ഥയ്ക്ക് ഇടയാക്കുമെന്ന് വിലയിരുത്താനാവില്ല.
ബോംബെ സെൻസെക്‌സ് രണ്ടാഴ്ച കൊണ്ട് 1100 പോയന്റ് മുന്നേറി. 64,363 ൽ ഇടപാടുകൾ പുനരാരംഭിച്ച സെൻസെക്‌സ് 65,068 വരെ ഉയർന്നു. ഉയർന്ന തലത്തിലെ ലാഭമെടുപ്പിൽ അൽപം തളർന്ന് 64,904 ൽ മാർക്കറ്റ് ക്ലോസിങ് നടന്നു.
മുൻനിര ഓഹരിയായ എൽ ആന്റ് റ്റി നാല് ശതമാനം മികവിൽ 3022 രൂപയായി ഉയർന്നപ്പോൾ ആക്‌സിസ് ബാങ്കും നാല് ശതമാനം നേട്ടത്തിൽ 1028 രൂപയായി കയറി. എസ് ബി ഐ, ഐ സി ഐ സി ഐ ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, ഇൻഡസ് ബാങ്ക് തുടങ്ങിയവയും മികവിലാണ്. എം ആന്റ് എം, മാരുതി, ടാറ്റാ സ്റ്റീൽ, സൺ ഫാർമ ഐ റ്റി സി, എയർടെൽ തുടങ്ങിയവയിലും ഇടപാടുകാർ താൽപര്യം കാണിച്ചു.
വിദേശ ഫണ്ടുകൾ വിൽപനത്തോത് അൽപം കുറച്ചു. നവംബർ ആദ്യ വാരം 5548 കോടി രൂപയുടെ ഓഹരികൾ വിറ്റ അവർ കഴിഞ്ഞ വാരം വിൽപന 3105 കോടി രൂപയായി ചുരുക്കി. ഇന്ത്യൻ മാർക്കറ്റിനോടുള്ള അവരുടെ മനോഭാവത്തിൽ ചെറിയ മാറ്റം കണ്ടു തുടങ്ങി. ആഭ്യന്തര ഫണ്ടുകൾ പിന്നിട്ട വാരം 4155 കോടിയുടെ നിക്ഷേപം നടത്തി.
വിനിമയ വിപണിയിൽ രൂപയ്ക്ക് റെക്കോർഡ് മൂല്യത്തകർച്ച. വാരാരംഭത്തിൽ 83.24 ൽ നിലകൊണ്ട രൂപ പിന്നീട് 83.50 ലേയ്ക്ക് ദുർബലമായി, വാരാന്ത്യം 83.29 ലാണ്. രൂപ സാങ്കേതികമായി 83.60 ലേയ്ക്ക് ദുർബലമാകാനുള്ള സാധ്യതകൾ തെളിഞ്ഞതായി മുൻവാരം സൂചിപ്പിച്ചിരുന്നു. എന്നാൽ വിപണിയിലുണ്ടായ തകർച്ച അംഗീകരിക്കാൻ ആർ ബി ഐ ഇനിയും തയാറായിട്ടില്ല.
ഇത് ട്രേഡിങ് പ്ലാറ്റ്‌ഫോമിലുണ്ടായ തകരാറാണെന്ന നിലപാടിലാണ് കേന്ദ്ര ബാങ്ക്. ഓരോ സെക്കൻഡിലും കോടികളുടെ ഇടപാടുകൾ നടക്കുന്ന ഫോറെക്‌സ് മാർക്കറ്റിൽ എന്തുകൊണ്ട് ഇത്തരം ഒരു പിഴവ് സംഭവിച്ചു, ഡോളറിനെ തഴഞ്ഞ് കൂടുതൽ രാജ്യങ്ങളുമായി രൂപയിൽ ഇടപാടുകൾക്ക് വാണിജ്യ മന്ത്രാലയവും റിസർവ് ബാങ്കും കിണഞ്ഞ് ശ്രമിക്കുകയാണ്. ഇന്ത്യൻ രൂപയുടെ റെക്കോർഡ് മൂല്യത്തകർച്ചയെ സാങ്കേതിക പിഴവായി ചിത്രീകരിക്കുകയാണ്.