Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സംവത് 2080 ന്റെ ശുഭപ്രതീക്ഷകൾ

ജീവിതത്തിൽ വിശ്വാസത്തിന് എത്രത്തോളം പ്രാധാന്യമുണ്ടോ ബിസിനസിലും അത്ര തന്നെ പ്രാധാന്യം അതിനുണ്ട്. ഇന്ത്യൻ വിപണി ഇപ്പോൾ സംവത് 2080 ന്റെ പ്രതീക്ഷകളിൽ അഭിരമിക്കുകയാണ്. നോർത്തിന്ത്യൻ പുതുവർഷമാണ് സംവത്. ഗുജറാത്തി ഹൈന്ദവ വിശ്വാസപ്രകാരമുള്ള സംവത് ഇന്ത്യയുടെ ഓഹരി, ബിസിനസ് സമൂഹങ്ങൾ പ്രാധാന്യത്തോടെയാണ് കാണുന്നത്. സംവത്2079 വിട പറയുകയും  സംവത് 2080 പിറക്കുകയും ചെയ്തത് ദീപാവലി ദിനമായ ഞായറാഴ്ചയാണ്. ഞായറാഴ്ച നടന്ന മുഹൂർത്ത വ്യാപാരത്തോടെ ഇന്ത്യൻ ഓഹരി സൂചികകൾ പുതുവർഷമായ സംവത്2080 ലേക്ക് പ്രതീക്ഷകളോടെ ചുവടുവെച്ചു.
സംവത് 2079 ഇടത്തരം, ചെറുകിട ഓഹരികളുടേതായിരുന്നു. നിഫ്റ്റി മിഡ്കാപ് 100, നിഫ്റ്റി സ്‌മോൾ കാപ് 100 എന്നിവയുടെ പ്രകടനം യഥാക്രമം 32 ശതമാനം, 37 ശതമാനം എന്നിങ്ങനെ ശക്തമായിരുന്നു.  രണ്ടാം പകുതിയിൽ ചെറുകിട ഓഹരികളിലേക്ക് പണമൊഴുക്ക് വർധിച്ചത് മികച്ച പ്രകടനത്തിലേക്കു നയിച്ചു. നേരിട്ടും മ്യൂച്വൽ ഫണ്ടിലൂടെയും പണമെത്തി. വൻകിട ഓഹരികളുടെ നിഫ്റ്റി 100 സ്ഥിരതയാർന്ന പ്രകടനത്തിലൂടെ 8 ശതമാനം നേട്ടമുണ്ടാക്കി. എന്നാൽ വർഷത്തിലുടനീളം നീണ്ടുനിന്ന അസ്ഥിരത ഓഹരികളെ ബാധിച്ചിരുന്നു.
വർഷത്തിന്റ ആദ്യ പകുതിയിൽ വൻകിട ഓഹരികളുടെ ലാഭ വളർച്ച മികച്ച രീതിയിലായിരുന്നു. അതുവരെ പ്രഖ്യാപിക്കപ്പെട്ട രണ്ടാം പാദ ഫലങ്ങളുടെ ഫലമായി 30 മുതൽ 35 ശതമാനം വരെ നേട്ടമുണ്ടായി. ഈ മികച്ച പ്രകടനത്തിനു ശേഷവും വൻകിട ഓഹരികളുടെ സൂചിക നിഫ്റ്റി 100 ൽ,  താഴ്ന്ന ഇരട്ട സഖ്യാ വളർച്ച മാത്രമാണ് രേഖപ്പെടുത്തിയത്. അടുത്ത ആറു മാസത്തിനകം ഇടത്തരം വൻകിട ഓഹരികൾക്കിടയിലെ പ്രകടനത്തിന്റെ അകലം കുറയുമെന്നതിനാൽ വൻകിട ഓഹരികളുടെ മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള ആഗോള സാഹചര്യങ്ങളിലും മികച്ച  പ്രതിരോധം കാഴ്ച വെക്കുന്ന ഇന്ത്യൻ ഓഹരി വിപണിയിലുള്ള വിശ്വാസം കൂടിയാണിത്.
2080 സംവതിൽ ഓഹരി, കടപ്പത്രങ്ങൾ, സ്വർണം, പണം എന്നീ ആസ്തികളിൽ നിക്ഷേപിച്ച് ലാഭം കൊയ്യാനുള്ള സാധ്യത പ്രവചിക്കപ്പെടുന്നു. പോർട്‌ഫോളിയോ വൈവിധ്യ വൽക്കരണത്തിലൂടെ റിസ്‌ക് കുറച്ചുകൊണ്ട് വ്യക്തമായ ധാരണയോടെ വേണം ഓഹരികൾ വാങ്ങാൻ. കടപ്പത്രങ്ങളും കുറഞ്ഞത് 7 ശതമാനം മുതൽ 11.25 ശതമാനം വരെ ലാഭം നൽകും. രൂപയുടെ ഇടിവ്, ആഗോള സമ്പദ്‌വ്യവസ്ഥയിലെ വേഗക്കുറവ്, ഇന്ത്യയിലെ സ്ഥിരതയാർന്ന ഡിമാന്റ്, കൂടിവരുന്ന ആഗോള സംഘർഷങ്ങൾ എന്നീ ഘടകങ്ങൾ സ്വർണത്തിലുള്ള നിക്ഷേപത്തിനും ഗുണകരമാണ്. റിസ്‌കെടുക്കാൻ മടിയുള്ള ശരാശരി നിക്ഷേപകന് 40 ശതമാനം ഓഹരിയിലും 40 ശതമാനം കടപ്പത്രത്തിലും 20 ശതമാനം സ്വർണത്തിലും നിക്ഷേപിക്കുന്നതാണ്  ഗുണകരം.
2080 സംവതിൽ നിരീക്ഷിക്കേണ്ട സുപ്രധാന ആഗോള ഘടകങ്ങൾ പലിശ നിരക്കും രാഷ്ട്രീയ പ്രശ്‌നങ്ങളുമാണ്. 2023-24 വർഷം നിലവിലുള്ള കൂടിയ നിലവാരത്തിൽ തന്നെയായിരിക്കും ബോണ്ട് യീൽഡ്.  വിലക്കയറ്റത്തിലുണ്ടായ നേരിയ കുറവു കാരണം നേരിയ വ്യതിയാനം രേഖപ്പെടുത്തും എന്നു മാത്രം. ഇത് ഓഹരികൾക്ക് എതിരാണെങ്കിലും കടപ്പത്രങ്ങളുടെ കാര്യത്തിൽ ഗുണകരമാണ്. ഉക്രൈൻ, ഇസ്രായിൽ യുദ്ധങ്ങളിൽ സ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ടെങ്കിലും ആഗോള സാമ്പത്തിക വളർച്ച കുറയുമെന്നു തന്നെയാണ് വിലയിരുത്തൽ. എന്നാൽ ക്രൂഡോയിൽ വില അൽപം കുറയുമെന്നാണ് കണക്കാക്കുന്നത്. ഇത് ഇന്ത്യക്ക് ഗുണകരമായിരിക്കും.  മൂന്നാമതായി കേന്ദ്ര തെരഞ്ഞെടുപ്പ് വരുമ്പോൾ ഇന്ത്യയിലായാലും യുഎസിലായാലും വ്യതിയാനങ്ങളോ ഏകീകരണമോ ഉണ്ടാകാറുണ്ട്.  ഇത്തരം ഘട്ടങ്ങളിൽ, തീരുമാനങ്ങളെടുക്കുന്നതിലെ കാലതാമസം, സർക്കാർ ചെലവഴിക്കുന്ന പണത്തിന്റെ കുറവ്, നേതൃത്വത്തിലുണ്ടാകാവുന്ന മാറ്റം ഇവയെല്ലാമാണ് ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കു കാരണമാകാറുള്ളത്.  യുഎസിൽ നേതൃമാറ്റമുണ്ടായാൽ അത് ആഗോള വിപണിയെ കാര്യമായി ബാധിക്കാറില്ല. എന്നാൽ ഇന്ത്യയിൽ സ്ഥിതി അതല്ല, നേതൃമാറ്റം നിലവിലുള്ള പരിഷ്‌കരണ നീക്കങ്ങൾക്കത് തടയിടാനിടയുണ്ട്.  ഇപ്പോഴാരും ഇങ്ങനെയൊരു സാഹചര്യം പ്രതീക്ഷിക്കുന്നില്ല.
അടുത്ത വർഷം ഡിസംബറോടെ നിഫ്റ്റി 50 ൽ 21,000 ആണ് നമ്മുടെ ലക്ഷ്യം. ഇത് സെൻസെക്‌സിൽ 70,000 ആയി മാറും. ഇവിടം മുതൽ നമുക്ക് 8 ശതമാനം ലാഭം പ്രതീക്ഷിക്കാൻ കഴിയുമെന്നാണ് മനസ്സിലാക്കേണ്ടത്.   2080 സംവതിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്  ആഭ്യന്തര  ഡിമാന്റുള്ള ഉപഭോഗം,  നിർമാണം, അടിസ്ഥാന സൗകര്യങ്ങൾ, ഊർജം എന്നീ മേഖലകളിലെ വൻകിട ഓഹരികളിലാണ്. വിശാല വിപണിയേക്കാൾ മെച്ചപ്പെട്ട നേട്ടമായിരിക്കും ഈ മേഖലയിൽ ലഭിക്കാൻ പോകുന്നത്. ഇതിനു പുറമെ ഐടി ഉൾപ്പടെ കയറ്റുമതി അധിഷ്ഠിത മേഖലകൾ, ഫാർമ, കെമിക്കൽ മേഖലകളിലെ ഓഹരികൾ കൂടുതലായി വാങ്ങുന്നതാണ് ദീർഘകാല നിക്ഷേപകരെ സംബന്ധിച്ചേടത്തോളം ഗുണകരം.
(ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

Latest News