ലണ്ടന്‍-മണിക്കൂറുകളോളം ഒരേ ഇരിപ്പ് തുടരുന്ന ശീലമുണ്ടെങ്കില്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. ദീര്‍ഘനേരമുള്ള ഇരിപ്പ് പുകവലിക്ക് തുല്യമായ അപകടം ശരീരത്തില്‍ ഉണ്ടാക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്. പലതരത്തിലുള്ള ജീവിത ശൈലി രോഗങ്ങള്‍ മുതല്‍ അകാല മരണത്തിന് വരെ ദീര്‍ഘനേരമുള്ള ഈ ഇരുപ്പ് കാരണമാകും.
എഴുന്നേല്‍ക്കാനുള്ള മടി കാരണം ഇരിക്കുന്നിടത്ത് തന്നെ ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന ധാരാളം പേരുണ്ട്. മണിക്കൂറുകളോളം ഈ ഇരിപ്പ് തുടര്‍ന്നാല്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മുതല്‍ പ്രമേഹം, കാന്‍സര്‍ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനും ഇവ അകാല മരണത്തിലേക്ക് നയിക്കാനുള്ള സാധ്യത കൂടുതലാണെന്നും ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്പോര്‍ട്സ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
ദിവസേന 22 മിനിറ്റ് വ്യായാമം ചെയ്യുന്നത് ഈ സാഹചര്യങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും. നോര്‍വേ, സ്വീഡന്, അമേരിക്ക എന്നിടങ്ങളില്‍ നിന്നായി 50 വയസിന് മുകളില്‍ പ്രായമായ 11,989 പേരില്‍ നടത്തിയ പഠനത്തില്‍ 12 മണിക്കൂറിലധികം ഇരിപ്പ് ശീലമാക്കിയവരില്‍ 22 മിനിറ്റ് വ്യായാമം അകാല മരണ സാധ്യത കുറച്ചതായി കണ്ടെത്തിയെന്ന് പഠനത്തില്‍ പറയുന്നു.
ആറ് മണിക്കൂറിലേറെ ഇരുന്ന് ജോലി ചെയ്യുന്നവരില്‍ 10 മിനിറ്റത്തെ വ്യായാമം അകാല മരണത്തിനുള്ള സാധ്യത 32 ശതമാനം വരെ കുറയ്ക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നടത്തം, ഗാര്‍ഡനിങ് തുടങ്ങിയ മിതമായ വ്യായാമങ്ങളാണ് ആരോഗ്യവിദഗ്ധര്‍ ഇത്തരക്കാര്‍ക്ക് നിര്‍ദേശിക്കുന്നത്. പഠനം മുതിര്‍ന്നവരിലാണ് നടത്തിയതെങ്കിലും യുവാക്കള്‍ക്കും ഇത് ബാധകമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 22 മിനിട്ട് എന്തെങ്കിലും തരത്തിലുള്ള വ്യായാമത്തില്‍ ഏര്‍പ്പെട്ടാല്‍ മതിയാകുമെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.