മുംബൈ- തെന്നിന്ത്യന്‍ സൂപ്പര്‍ നായിക രശ്മിക മന്ദാനയുടേതെന്ന പേരില്‍ പുറത്തുവന്ന ഡീപ് ഫെയ്ക് വീഡിയോക്ക് പിന്നാലെ ബോളിവുഡ് താരം കത്രീന കൈഫിന്റെ ഡീപ്‌ഫെയ്ക് ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ടൈഗര്‍ 3യില്‍ നിന്നുള്ള ചിത്രമെന്ന പേരിലാണ് ഈ വ്യാജ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എ.ഐ ഉപയോഗിച്ച് വ്യാജമായി രൂപപ്പെടുത്തിയ ചിത്രമാണിത്. ചിത്രത്തില്‍ ഒരു ടവല്‍ ധരിച്ച് കത്രീന കൈഫ് ഹോളിവുഡ് താരവുമായി ഒരു ഫൈറ്റ് സീന്‍ ചെയ്യുന്നുണ്ട്. ഈ രംഗം എഐ ഉപയോഗിച്ച് ഒരു ലോ കട്ട് മേല്‍വസ്ത്രവും വെള്ള അടി വസ്ത്രവുമാക്കി മാറ്റുകയാണ് ചെയ്തത്.
രശ്മികക്ക് പിന്നാലെ കത്രീന കൈഫിന്റെ ഡീപ് ഫെയ്ക് ചിത്രവും പ്രചരിച്ചതിന് പിന്നാലെ ശക്തമായ നടപടി എടുക്കണമെന്ന് ആവശ്യമുയര്‍ന്നു. സംഭവത്തിന് പിന്നാലെ കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഐടി നിയമം അനുസരിച്ച് വ്യാജ ഉള്ളടക്കം വരാതിരിക്കേണ്ട ഉത്തരവാദിത്തം ഡിജിറ്റല്‍ ഫ്‌ളാറ്റ്‌ഫോമുകള്‍ക്കുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. സര്‍ക്കാരോ ഉപയോക്താവോ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ 36 മണിക്കൂറുനുള്ളില്‍ ഇവ നീക്കം ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.