മുംബൈ- തന്റെ ശരീരമാണ് ആളുകള്‍ക്ക് പ്രശ്‌നമെന്ന നടി രശ്മിക മന്ദാനയുടെ വാക്കുകള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍. ഇന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് രശ്മിക മന്ദാന. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ നടിയുടെ ഡീപ്‌ഫേക് വീഡിയോ ആണ് ചര്‍ച്ചയായിരിക്കുന്നത്.
ഗുരുതരമായി വിഷയമാണിതെന്ന് ചൂണ്ടിക്കാട്ടി മെഗാ സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചന്‍ അടക്കമുളള താരങ്ങളും കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറും രംഗത്തുവന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍തന്നെയാണ് ഇത്തരം വീഡിയോകള്‍ നിയന്ത്രിക്കേണ്ടതെന്നാണ് മന്ത്രി രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടത്.
ഫിറ്റഡ് ഔട്ട്ഫിറ്റ് ധരിച്ച് ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രശ്മികയുടെ വീഡിയോ എന്ന രീതിയിലാണ് ദൃശ്യം പ്രചരിച്ചത്. വീഡിയോ പ്രത്യക്ഷപ്പെട്ടപ്പോള്‍ത്തന്നെ ഇതിലെ സത്യാവസ്ഥ ആരാധകര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയാ ഉപയോക്താക്കള്‍ അന്വേഷിച്ചുതുടങ്ങിയിരുന്നു. പിന്നാലെ ഡീപ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച മോര്‍ഫ്ഡ് വീഡിയോ ആണിതെന്ന് വ്യക്തമായി.
കൃത്രിമമായി നിര്‍മിക്കുന്ന നിരവധി ചിത്രങ്ങളും വീഡിയോകളും ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നുണ്ട്.
ഈ വീഡിയോ ഉണ്ടാക്കിയവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കുമെതിരെ നിയമനടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് അമിതാഭ് ബച്ചന്‍ അടക്കമുള്ള താരങ്ങള്‍.
തനിക്ക് അധിക്ഷേപം കേട്ട് മതിയായെന്ന് പല വിധ വിവാദങ്ങളില്‍ ഉള്‍പ്പെട്ട നടി രശ്മിക നേരത്തെ തന്നെ തുറന്നുപറഞ്ഞിരുന്നു.
സോഷ്യല്‍മീഡിയയിലെ ആളുകള്‍ക്ക് എന്റെ ശരീരമാണ് പ്രശ്‌നം. ഞാന്‍ വര്‍ക്ക്ഔട്ട് ചെയ്താല്‍ പറയും ഞാന്‍ പുരുഷനെപ്പോലെയാണ്. ഞാന്‍ അധികം വര്‍ക്ക് ഔട്ട് ചെയ്യുന്നില്ലെങ്കില്‍, എനിക്ക് ഭയങ്കര തടിയാണെന്നും. ഞാന്‍ അധികം സംസാരിച്ചാല്‍ അവള്‍ വായാടി. സംസാരിച്ചില്ലെങ്കില്‍ ആറ്റിറ്റിയൂഡ് ആണെന്നും പറയും- നടി പറഞ്ഞു.
ഞാന്‍ ഒന്ന് ശ്വാസം വിട്ടാലും വിട്ടിലെങ്കിലും ആളുകള്‍ക്ക് പ്രശ്‌നമാണ്. ഞാന്‍ എന്ത് ചെയ്താലും പ്രശ്‌നം. എങ്കില്‍ ഞാന്‍ എന്ത് ചെയ്യണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? ഞാന്‍ പോകണോ? അതോ നിക്കണോ എന്നാണ് മാധ്യമപ്രവര്‍ത്തക പ്രേമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രശ്മിക ചോദിച്ചത്.
ആളുകള്‍ക്ക് എന്താണ് വേണ്ടതെന്ന് തനിക്ക് മനസിലാവുന്നില്ലെന്നും നിരന്തരമായി ഉയരുന്ന ഈ അക്രമങ്ങള്‍ തന്നെ മാനസികമായി ബാധിക്കുന്നുണ്ടെന്നും രശ്മിക പറഞ്ഞിരുന്നു.