'പത്തുവെളുപ്പിനു മുറ്റത്തു നിക്കണ കസ്തൂരിമുല്ലയ്ക്കു കാതുകുത്ത്...' ഭരതനും ലോഹിതദാസും ഒന്നിച്ച വെങ്കലം എന്ന ചിത്രത്തിൽ പി. ഭാസ്‌കരനും രവീന്ദ്രൻമാസ്റ്ററും ചേർന്നൊരുക്കിയ ഈ മെലഡി ഗാനം പാടിക്കൊണ്ടാണ് ബിജു നാരായണൻ എന്ന കൊച്ചിക്കാരൻ പിന്നണിഗാനരംഗത്ത് ചുവടുവെക്കുന്നത്. ഇപ്പോഴിതാ 'ദൂരെ ദൂരെ ഇതൾ വിരിയാനൊരു സ്വപ്നം കാത്തുനിൽക്കുന്നു' എന്ന രഞ്ജിത് ശങ്കറിന്റെ ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിൽ സന്തോഷ് വർമ്മയും ആനന്ദ് മധുസൂദനനും ചേർന്നൊരുക്കിയ ഗാനത്തിലെത്തുമ്പോൾ ബിജു നാരായണന്റെ സംഗീതജീവിതത്തിന് ഇരുപത്തഞ്ച് വയസ്സ്. ഇതിനിടയിൽ പലപ്പോഴും ഈ ഗായകൻ സിനിമയിൽനിന്നു വഴിമാറി നടന്നു. ഭക്തിഗാനങ്ങളും സംഗീതപരിപാടികളുമായി പാട്ടിന്റെ വഴിയിലൂടെതന്നെയായിരുന്നു സഞ്ചാരമെന്ന് ബിജു നാരായണൻ പറയുന്നു. സ്വതഃസിദ്ധമായ ആലാപന ശൈലിയിലൂടെ ജനമനസ്സുകളിൽ ഇടംപിടിച്ച ഗായകന്റെ പാട്ടുവഴിയിലൂടെ സഞ്ചരിക്കാം.
ഞാൻ മേരിക്കുട്ടിയിലേയ്ക്കുള്ള വഴി?
സമൂഹത്തിൽനിന്നു അകറ്റിനിർത്തപ്പെട്ട ഒരു വിഭാഗമാണ് ട്രാൻസ്‌ജെൻഡർ. അവരുടെ ദുഃഖങ്ങളും സ്വപ്നങ്ങളുമെല്ലാം അനാവരണം ചെയ്യുന്ന ചിത്രമാണ് ജയസൂര്യ നായകനായ ഞാൻ മേരിക്കുട്ടി. അവരുടെ പ്രതീക്ഷകളെ അർത്ഥവത്താക്കുന്ന വരികൾ പാടുമ്പോൾ ഒരു പുതിയ ഫീൽ വേണമെന്ന് അവർക്കു തോന്നി. സ്ഥിരം ഗായകരെ മാറ്റനിർത്തി ഗൃഹാതുരത്വം തുളുമ്പുന്ന ശബ്ദമാകണമെന്ന ചിന്തയാണ് എന്നിലെത്തിച്ചത്. ഗാനരചയിതാവായ സന്തോഷ്‌വർമ്മയാണ് പേര് നിർദ്ദേശിച്ചത്. സ്‌കെയിൽ ബേസ്ഡ് ആയതിനാൽ പാടാൻ അല്പം ബുദ്ധിമുട്ടുള്ള പാട്ടാണിത്. അനുപല്ലവിയുടെ അവസാനം ഹൈ പിച്ചിലാണ് ചിട്ടപ്പെടുത്തിയിരുന്നത്. ആനന്ദാണ് അടുത്തദിവസം തന്നെ റെക്കോഡ് ചെയ്യണമെന്നു പറഞ്ഞ് വിളിച്ചത്. രണ്ടുവരി ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പറഞ്ഞു. പിറ്റേ ദിവസംതന്നെ പാടാൻ പോയി. പാട്ട് എഴുതിയെടുത്ത് പാടുന്ന സമയത്തും റെക്കോഡ് ചെയ്യുമ്പോഴുമെല്ലാം ഒരു പോസിറ്റീവ് എനർജി തോന്നിയിരുന്നു. പാടിക്കഴിഞ്ഞ് ഒരാഴ്ചക്കകം യൂട്യൂബിൽ റിലീസ് ചെയ്തു. ഏഴുലക്ഷത്തിലധികം ആളുകളാണ് പാട്ട് കണ്ടത്. പാട്ടിനെക്കുറിച്ച് ആരും മോശം കമന്റിട്ടില്ല. ഒരു സാന്ത്വനംപോലെ എല്ലാവരേയും ആകർഷിച്ച ഈ ഗാനം പാടാൻ കഴിഞ്ഞത് ഭാഗ്യമായാണ് കരുതുന്നത്. ആ സിനിമയുടെ മൊത്തം ഫീൽ ഈ പാട്ടിൽ ഉള്ളക്കം ചെയ്തിട്ടുണ്ട്.
ആലാപനവഴിയിലേക്കുള്ള തുടക്കം എങ്ങനെയായിരുന്നു?
ചേച്ചിയെ പാട്ടു പഠിപ്പിക്കാൻ വന്ന സംഗീതാധ്യാപകൻ എന്റെയും ഗുരുവായി. പാടാൻ കഴിവുണ്ടെന്നു കണ്ടപ്പോൾ വീട്ടുകാരും എതിർത്തില്ല. സ്‌കൂളിലും കോളേജിലുമെല്ലാം നിരവധി സമ്മാനങ്ങൾ നേടി. എറണാകുളം മഹാരാജാസിലായിരുന്നു പഠനം. കോളേജ് പഠനകാലം തൊട്ടേ റെക്കോഡിങ്ങിനു പോയിത്തുടങ്ങി. തിരക്ക് കൂടിയപ്പോൾ ഇതുതന്നെയാണ് പ്രൊഫഷനെന്നു തീരുമാനിക്കുകയായിരുന്നു. സിനിമയിൽ പാടിത്തുടങ്ങിയിട്ട് ഇരുപത്തഞ്ചു കൊല്ലം ആയിട്ടേയുള്ളുവെങ്കിലും അതിനും അഞ്ചുവർഷം മുൻപേ കാസറ്റുകളിൽ പാടിത്തുടങ്ങിയിരുന്നു. ജോണി സാഗരികയുമായുള്ള അടുപ്പമാണ് സിനിമയിലേക്ക് വഴിതിരിച്ചത്. അദ്ദേഹമാണ് രവീന്ദ്രൻ മാസ്റ്ററോട് എന്നെക്കുറിച്ച് പറയുന്നതും വെങ്കലത്തിലെ പാട്ട് പാടാൻ അവസരം ലഭിക്കുന്നതും. ആരാധനയും സ്‌നേഹവും പേടിയുമെല്ലാം ഒരുപോലെ അനുഭവപ്പെടുന്ന വ്യക്തിത്വമായിരുന്നു രവീന്ദ്രൻ മാസ്റ്ററുടേത്. ഗായകരിൽനിന്നു എന്താണ് വേണ്ടതെന്ന് കൃത്യമായി അറിയുകയും അത് പാടിച്ചെടുക്കാനും അദ്ദേഹത്തിനറിയാം.
പിന്നണി ഗായകനെന്ന നിലയിൽ നീണ്ട ഇടവേള?
ഞാനിവിടെ തന്നെ ഉണ്ടായിരുന്നു. എങ്ങും പോയിട്ടില്ല. ആളുകൾ ശ്രദ്ധിക്കുന്ന തരത്തിലുള്ള പോപ്പുലർ പാട്ടുകൾ പാടിയില്ലെന്നേയുള്ളു. ഭക്തിഗാന ആൽബങ്ങളിലും മറ്റ് ആൽബങ്ങളിലുമെല്ലാമായി സംഗീതരംഗത്തു തന്നെയുണ്ടായിരുന്നു. കൂടാതെ സംഗീത പരിപാടികളും. ഇതിനിടയിൽ സർവോപരി പാലാക്കാരനിൽ ബിജിബാൽ ചിട്ടപ്പെടുത്തിയ 'ചെമ്മാനത്തമ്പിളി പൂക്കുന്നേ...', ഓർഡിനറിയിലെ 'തെച്ചിപ്പൂ മന്ദാരം...', മായാമോഹിനിയിലെ 'ആവണിപ്പാടം പൂത്തേ...' എന്നീ ചിത്രങ്ങളിൽ പാടി. പല പാട്ടുകളും പാടിയത് ഞാനാണെന്നുപോലും ആരും തിരിച്ചറിഞ്ഞില്ല. തുടക്കത്തിൽ പാടിയ സത്യം ശിവം സുന്ദരം എന്ന ചിത്രത്തിലെ 'സൂര്യനായ് തഴുകി ഉറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം...' എന്ന പാട്ടുപാടി വർഷങ്ങൾ കഴിഞ്ഞാണ് പലരും ഞാനാണ് പാടിയത് എന്നറിയുന്നത്.
രവീന്ദ്രൻ മാസ്റ്ററുടെ വിയോഗം?
രവീന്ദ്രൻ മാസ്റ്ററുടെ വിയോഗം മലയാള സിനിമക്കുതന്നെ വലിയ നഷ്ടമായിരുന്നു. വ്യക്തിപരമായി എനിക്കും. ഒരുപാട് നല്ല ഗാനങ്ങൾ നൽകി അനുഗ്രഹിച്ചത് അദ്ദേഹമായിരുന്നു. വെങ്കലത്തിലെ 'പത്തുവെളുപ്പിന്...', വടക്കുംനാഥനിൽ ഗിരീഷ് പുത്തഞ്ചേരി എഴുതിയ 'കളഭം തരാം...', എന്റെ ഹൃദയത്തിന്റെ ഉടമ എന്ന ചിത്രത്തിൽ ഒ.എൻ.വി. സാർ എഴുതിയ 'പറയാത്ത മൊഴികൾ തൻ ആഴത്തിൽ...' എന്നിവയെല്ലാം ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചവയായിരുന്നു.
എസ്.പി. വെങ്കിടേഷിനൊപ്പം?
ഏറ്റവുമധികം പാടിയത് അദ്ദേഹത്തിന്റെ പാട്ടുകളാണ്. അനിയൻ ബാവ ചേട്ടൻ ബാവ എന്ന ചിത്രത്തിലെ മഴവിൽക്കൊടിയിൽ, മിഴിനീരിൻ കയൽ, പുതുക്കോട്ടയിലെ പുതുമണവാളൻ എന്ന ചിത്രത്തിലെ ആരു പറഞ്ഞാലും, ഒരു വെള്ളിത്താമ്പലം, തങ്കക്കൊലൂസിൽ..., സൂപ്പർമാൻ എന്ന ചിത്രത്തിലെ ആവാരം പൂവിന്മേൽ..., ദില്ലിവാലാ രാജകുമാരൻ എന്ന ചിത്രത്തിലെ അകലെ നിഴലായ് അലയും കിളിയേ..., മാന്ത്രികത്തിലെ കേളീ വിപിനം വിജനം... തുടങ്ങി എൺപതോളം ഗാനങ്ങൾ അദ്ദേഹത്തിന്റേതായിരുന്നു.
തൊണ്ണൂറുകളിൽ സജീവമായിരുന്നു. പിന്നീട് സംഭവിച്ചത്?
ആരേയും അങ്ങോട്ട് ചെന്നു ബുദ്ധിമുട്ടിക്കുന്നത് ഇഷ്ടമല്ലായിരുന്നു. എന്റെ സ്വഭാവമങ്ങിനെയാണ്. എന്നാൽ കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്നതാണ് ഇവിടത്തെ അവസ്ഥ. ഇപ്പോഴത്തെ വരവുതന്നെ സന്തോഷ് വർമ്മയുടെ താല്പര്യത്തിൽ ആനന്ദ് വിളിച്ചതുകൊണ്ടു മാത്രമാണ്. ദൈവാനുഗ്രഹം എന്നല്ലാതെ എന്തുപറയാൻ.
അടിപൊളി പാട്ടുകളും ലിസ്റ്റിലുണ്ടല്ലോ?
ദ കാർ എന്ന ചിത്രത്തിൽ സഞ്ജീവ് ലാൽ ചിട്ടപ്പെടുത്തിയ രാജയോഗം സ്വന്തമാക്കാം, മധുരനൊമ്പരക്കാറ്റിൽ വിദ്യാസാഗർ ഈണമിട്ട മുന്തിരിച്ചേലുള്ള പെണ്ണേ, ഇന്ദ്രപ്രസ്ഥത്തിൽ സുജാതയോടൊപ്പം പാടിയ മഴവില്ലിൻ കൊട്ടാരത്തിൽ മണിമേഘത്താളംതട്ടി, രസികനിലെ നീ വാടാ തെമ്മാടീ, ലാൽജോസിന്റെ പട്ടാളത്തിലെ വെണ്ണക്കല്ലിൽ നിന്നെക്കൊത്തി വെള്ളിപ്പൂത്തിങ്കൾ തുടങ്ങിയ ഫാസ്റ്റ് നമ്പറുകളും ഹിറ്റ്‌ലിസ്റ്റിൽ ഇടംപിടിച്ചവയാണ്.
ഒട്ടേറെ ഓണപ്പാട്ടുകളും പാടിയിട്ടുണ്ട്?
ഓണപ്പാട്ടുകളുടെ ഒരു നല്ല കാലം ഓർമ്മയിലുണ്ട്. ഒരു വർഷം അഞ്ചും ആറും കാസറ്റുകൾക്കുവരെ പാടിയ കാലമുണ്ടായിരുന്നു. പെരുമ്പാവൂർ ജി. രവീന്ദ്രനാഥിന്റെ ഓണപ്പുലരി, ജോൺസൻ, രവീന്ദ്രൻ മാസ്റ്റർ കൂട്ടുകെട്ടിന്റെ ഓലപ്പീപ്പി തുടങ്ങിയവയെല്ലാം ജനപ്രീതി നേടിയവയായിരുന്നു. ഇരുനൂറ്റിയൻപതോളം കാസറ്റുകളിലും സി.ഡികളിലുമായി ആയിരത്തിലേറെ ഓണപ്പാട്ടുകൾ പാടിയിട്ടുണ്ട്. പോരാത്തതിന് ഓണാഘോഷവുമായി ബന്ധപ്പെട്ട് പ്രോഗ്രാമുകളുമായി നിരവധി വിദേശ യാത്രകൾ നടത്തിയിട്ടുണ്ട്. അക്കാലത്ത് ഒരിക്കലും കുടുംബാംഗങ്ങളുമൊത്ത് ഓണമാഘോഷിക്കാൻ കഴിയാറില്ല. ഇത്തവണയും ഒരു അമേരിക്കൻ യാത്രയുണ്ട്.
പ്രതിഭാ സ്പർശം?
ദേവരാജൻ മാസ്റ്റർ, ദക്ഷിണാമൂർത്തിസ്വാമി, രാഘവൻ മാസ്റ്റർ, ശ്യാം സാർ, എ.ടി. ഉമ്മർ സാർ, എം.എസ്. വിശ്വനാഥൻ സാർ, ഇളയരാജ എന്നിവരുടെയെല്ലാം പാട്ടുകൾ പാടാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. എം.എസ്. വിശ്വനാഥൻ സാർ ചിട്ടപ്പെടുത്തിയ അയ്യപ്പഭക്തിഗാന ആൽബത്തിൽ പത്ത് പാട്ടുകൾ പാടാനുള്ള അപൂർവഭാഗ്യവും ഇക്കൂട്ടത്തിലുണ്ട്.
പുതിയ പാട്ടുകൾ?
ആരാണ് ഞാൻ എന്ന ചിത്രത്തിൽ വിനോദ് വേണുഗോപാൽ സംഗീതം നൽകിയ 'ഭൂമിയും ആകാശവും...', നിതീഷ് നായർ സംവിധാനം ചെയ്യുന്ന ഒരു പത്താം ക്ലാസിലെ പ്രണയം എന്ന ചിത്രത്തിൽ രഘുപതി ചിട്ടപ്പെടുത്തിയ സോളോ തുടങ്ങിയവയാണ് പുതിയ പാട്ടുകൾ.
ബിജിബാൽ, രതീഷ് വേഗ, ആനന്ദ് തുടങ്ങിയ പുതുതലമുറയ്‌ക്കൊപ്പം പ്രവർത്തിക്കാനായതിൽ ഏറെ സന്തോഷമുണ്ട്. ആൽബം ഗാനങ്ങളിൽ ഏറെ പ്രിയം 'ഇഷ്ടമാണെന്നാദ്യം ചൊല്ലിയതാര്..., 'നിനക്കായ് തോഴീ പുനർജനിക്കാം...' തുടങ്ങിയ ഗാനങ്ങളാണ്.
നിരവധി ഗായകർ അരങ്ങുവാഴുമ്പോഴും നമുക്ക് ഇത്രയെങ്കിലും പാടാൻ കഴിഞ്ഞല്ലോ എന്നോർക്കുമ്പോൾ സന്തോഷം. ഇനിയും പാടണം. പാട്ട് പാടുന്നതാണ് ഏറ്റവും വലിയ സന്തോഷം.
ഗുരുനാഥന്മാർ?
ആര്യനാട് സദാശിവൻ സാറാണ് സംഗീതത്തിൽ ഗുരു. ഹിന്ദുസ്ഥാനി അഭ്യസിച്ചത് ബാംഗ്ലൂരിലെ ഫയാസ് ഖാനിൽ നിന്നാണ്.
കുടുംബം
എറണാകുളത്തിനടുത്ത രവിപുരത്താണ് താമസം. ശ്രീലതയാണ് ഭാര്യ. മൂത്ത മകൻ സിദ്ധാർഥ് ബാംഗ്ലൂരിൽ എൽ.എൽ.ബിക്കു പഠിക്കുന്നു. ഇളയവൻ സൂര്യ ഒമ്പതിലും.