മമ്മൂട്ടിയും ജ്യോതികയും നായികാ നായകന്മാരാകുന്ന ജിയോ ബേബി ചിത്രം 'കാതല്‍ ദി കോര്‍' നവംബര്‍ 23 മുതല്‍ തിയറ്ററുകളിലെത്തും. പ്രഖ്യാപനം മുതല്‍ പ്രേക്ഷകശ്രദ്ധ നേടിയ ഒരു സിനിമയാണിത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിച്ച ഈ സിനിമ ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറെര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.
'കണ്ണൂര്‍ സ്‌ക്വാഡ്'ന്റെ വന്‍ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ എത്തുന്ന 'കാതല്‍ ദി കോര്‍' വ്യത്യസ്തമായൊരു കാഴ്ചാനുഭവം പ്രേക്ഷകന് സമ്മാനിക്കും എന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ഒരുങ്ങുന്ന സിനിമകള്‍ എല്ലായ്‌പ്പോഴും പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടേയുള്ളൂ. റോഷാക്കും നന്‍പകന്‍ നേരത്തെ മയക്കവും വലിയ രീതിയില്‍ സ്വീകാര്യത നേടിയിരുന്നു. 100 കോടി ബിസിനസുമായി 2023ലെ മികച്ച ചിത്രങ്ങളില്‍ ഇടം നേടി 'കണ്ണൂര്‍ സ്‌ക്വാഡ്' ആറാം വാരത്തിലും തിയറ്ററുകളില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെയാണ് 'ടര്‍ബോ'യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് 'ടര്‍ബോ'.
മമ്മൂട്ടിയോടൊപ്പം അഭിനയിച്ചുകൊണ്ട് വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം 'കാതല്‍ ദി കോര്‍'ലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് ജ്യോതിക. 2009ല്‍ പുറത്തിറങ്ങിയ 'സീതാകല്യാണം' ആണ് ജ്യോതിക ഒടുവിലായി അഭിനയിച്ച മലയാള ചിത്രം.