Sorry, you need to enable JavaScript to visit this website.

നിസ്സാരമല്ല, നിറങ്ങൾ

നിറങ്ങൾ കൊണ്ട് സമ്പന്നമായ ഒരു ചുറ്റുപാടിലാണു നാം ജീവിക്കുന്നത്. പക്ഷെ പലപ്പോഴും നിറങ്ങളുടെ സ്വാധീനത്തെ കുറിച്ച്  നാം അശ്രദ്ധരാണ്. പ്രശസ്തകവി ചാൾസ് ബോദ്ലയറുടെ രസകരമായ ഒരു കവിത ഇങ്ങിനെ : 'എനിക്ക് ചുവപ്പു നിറമുള്ള പുൽത്തകിടികളും നീലച്ചായം തേച്ച മരങ്ങളും വേണം.  പ്രകൃതിയ്ക്ക് ഒരു ഭാവനയുമില്ല'. നിറങ്ങളുടെ അടിസ്ഥാനത്തിൽ ബാഹ്യയാഥാർത്ഥ്യത്തെ പൊളിച്ച് പണിയാനുള്ള ആഗ്രഹത്തെയാണ് ഈ വരികൾ  വ്യക്തമാക്കുന്നത് എന്ന്  കാണാവുന്നതാണ്.

നാം  നിത്യേന കാണുന്ന നിറങ്ങൾ നമ്മുടെ ജീവിതത്തിൽ  വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ചില ഷേഡുകൾക്ക് നമ്മെ ഉത്തേജിപ്പിക്കാനും ഉണർവുണ്ടാക്കാനും കഴിയുമെങ്കിലും, മറ്റുള്ളവ നമ്മിൽ  തളർച്ചയും ക്ഷീണവും ഉണ്ടാക്കുന്നു. അതിനാൽ തന്നെ നാം നിരന്തരം  ഇടപഴകുന്ന ഇടങ്ങൾക്ക്    നിറം നൽകുമ്പോൾ  ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

തരംഗദൈർഘ്യം കുറവുള്ള നിറങ്ങൾ ഉത്തേജകമല്ല എന്നു വർണ മനഃശാസ്ത്രകാരൻമാർ കണ്ടെത്തിയിട്ടുണ്ട്. പുറത്ത് ശാന്തതയുടെയും വിശ്രമത്തിന്റെയും ഒരു ബോധം വളർത്താൻ  പച്ചയും നീലയും ഉപകരിക്കുമെങ്കിലും ഇവ വീട്ടിനകത്ത് ഉപയോഗിക്കപ്പെടുമ്പോൾ,  വീടുകളിൽ പലപ്പോഴും നമുക്ക് ഒരിക്കലും ഉന്നമനമോ ഉന്മേഷമോ അനുഭവപ്പെടില്ല. അതേസമയം കൂടുതൽ പ്രഭാവമുള്ള നിറങ്ങൾ കൂടുതൽ ഉപയോഗിച്ചാലും പ്രതികൂല ഫലമാണുണ്ടാവുക. നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ മിതത്വം പാലിക്കുകയെന്നതാണു പ്രധാനം. കാരണം നമ്മുടെ ഓർമ്മശക്തിയേയും ബന്ധങ്ങളെയും ഊർജ്ജസ്വലതയേയും  വികാരങ്ങളെയും സർഗ്ഗശേഷിയേയും എന്തിനധികം വിശപ്പിനെ പോലും സ്വാധീനിക്കാൻ നിറങ്ങൾക്ക് കഴിയും.

ചുവപ്പു നിറത്തിനു  നീണ്ടതരംഗദൈർഘ്യമുണ്ട്. അതായത് അവ കൂടുതൽ ഊർജ്ജസ്വലവും ഉത്തേജിപ്പിക്കുന്നതുമായ നിറമായി കണക്കാക്കപ്പെടുന്നു. പക്ഷെ അമിതമായി ആ നിറം ഉപയോഗിക്കുമ്പോൾ, യഥാർത്ഥത്തിൽ നമ്മെ അത് കൂടുതൽ ക്ഷീണിതരാക്കും. മാത്രമല്ല , അത് ശാന്തമായ  ഒരു  അന്തരീക്ഷം സൃഷ്ടിക്കുന്നതിനും തടസ്സമാവും.
കവികൾ  നിറങ്ങൾ  ഏറെ ഉപയോഗിച്ചതായി  കാണാം. 'മഞ്ഞത്തെച്ചി പൂങ്കുല  പോലെ, ചൊകചൊകയൊരു ചെറുകവിത വിടർന്നൂ എന്നുമെല്ലാം ചങ്ങമ്പുഴയും 'ചുറ്റിലും മഞ്ഞത്തൊരു മാമ്പൂവിൻ മണം ചിന്നീ'
എന്ന് മഞ്ഞയെ കൂടുതലായി ഇഷ്ടപ്പെട്ടിരുന്ന വൈലോപ്പിള്ളിയും എഴുതിയത്  നാം വായിച്ചതാണ് . മാമ്പൂവിന്റെ ഇളം മഞ്ഞയും കണിക്കൊന്നയുടെ കടുംമഞ്ഞയും ജീവിതാസക്തിയുടെ നിറങ്ങളാണ് വൈലോപ്പിള്ളിക്ക് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് . അതേ കവി തന്നെ ചൈനീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലെഴുതിയ മഞ്ഞക്കടലിനോടെന്ന കവിതയിൽ ആക്രമണവാസനയുടെ ഇരമ്പിക്കയറലിനെയാണ് മഞ്ഞയോട് ചേർത്തു വച്ചിരിക്കുന്നത്.   മഞ്ഞക്കടൽ, പച്ചയാം രക്തം, നീല നിലാവ്, വെളുത്ത കാക്കകൾ എന്നൊക്കെ നിറങ്ങളുടെ വൈരുദ്ധ്യത്തെ ഭാവബിംബങ്ങളാക്കി അവതരിപ്പിക്കാൻ വൈലോപ്പിള്ളിക്ക് യാതൊരു പ്രയാസവും ഉണ്ടായിരുന്നില്ല എന്നും വിലയിരുത്തപ്പെട്ടിട്ടുണ്ട് . എങ്കിലും അവയ്ക്കിടയിൽ മഞ്ഞയ്‌ക്കൊരു സവിശേഷസ്ഥാനമുണ്ട്. മഞ്ഞ ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും ശുഭാപ്തിവിശ്വാസത്തിന്റെയും പ്രതീകമായാണ് പൊതുവേ കരുതി പോരുന്നത്. ബുദ്ധിശക്തിയുടെയും ഉത്സാഹത്തിന്റെയും നിറം. 'പക്ഷിയുടെ മണം' എന്ന  കഥയിൽ  മഞ്ഞയെ ഏകാന്തതയുടെയും രോഗത്തിന്റെയും മരണത്തിന്റെയും നിറമാക്കി അവതരിപ്പിച്ചിട്ടുണ്ട്  മാധവിക്കുട്ടി.

'നമ്മെ ചുറ്റിപ്പറ്റിയുള്ള ഷേഡുകൾ നമ്മുടെ വികാരങ്ങളിലും ക്ഷേമത്തിലും ശക്തമായ സ്വാധീനം ചെലുത്തും, അതിനാൽ, ഒരിടം  എങ്ങനെ കാണാൻ ആഗ്രഹിക്കുന്നുവെന്ന് മാത്രമല്ല, അത് എങ്ങനെ അനുഭവിക്കണമെന്ന് നാം ആഗ്രഹിക്കുന്നുവെന്നതും  പ്രധാനമാണ്,'  
നിറ വിദഗ്ധയായ ഹെലൻ ഷാ പറയുന്നു.'നിറത്തിന്റെ മനഃശാസ്ത്രം മനസ്സിലാക്കി  ഒത്തു പോകുന്ന ഷേഡുകളും കോമ്പിനേഷനുകളും തിരഞ്ഞെടുക്കുക എന്നതാണ് പ്രധാനം.'

കളർ സൈക്കോളജി നല്ല പോലെ പ്രയോജനപ്പെടുത്തുന്ന ഇന്റീരിയർ ഡിസൈനർമാരുടെ സേവനം ഇക്കാര്യത്തിൽ ഉപയോഗപ്പെടുത്തുന്നത് നല്ലതാണ്. അവർ നിർദ്ദേശിക്കുന്ന നിറങ്ങൾ   നിങ്ങളുടെ ഗാർഹികാന്തരീക്ഷം കൂടുതൽ ഉന്മേഷദായകമാക്കുന്ന തരത്തിൽ  പാകപ്പെടുത്തിയെടുക്കാൻ സഹായകമായേക്കും.

'അഗ്‌നിചുവപ്പ് പോലെയുള്ള ഉജ്ജ്വലവും , ഊർജ്ജസ്വലവുമായ നിറങ്ങൾ ചിലപ്പോൾ അമിതമായി ഉത്തേജിപ്പിക്കുന്നതാണ്.  നിരന്തരം നമ്മെ ചുറ്റിപ്പറ്റി ഈ നിറങ്ങൾ ഉണ്ടാവുന്നത്  മാനസികോർജ്ജം കുറയാനിടയാക്കും. നമ്മുടെ വീടിന് ചുവപ്പ് നിറം നൽകാനും ശരിയായ അളവിൽ ഊർജം നൽകാനുമുള്ള മികച്ച മാർഗമായി ഒരു ഫീച്ചർവാൾ പെയിന്റ് ചെയ്യാനാണ് ഹെലൻ  നിർദ്ദേശിക്കുന്നത്.

വിശ്രമിക്കുന്ന താമസസ്ഥലങ്ങളിൽ  തവിട്ടുനിറം അമിതമായി ഉപയോഗിക്കുന്നത് ആഴവും അളവും ഇല്ലാത്ത ഒരു ഇടം നിർമിക്കുന്നതിന് തുല്യമാണ് എന്നാണു നിറ വിദഗ്ധ ഹെലൻ പറയുന്നത്.

ചുരുക്കത്തിൽ വിവരങ്ങൾ കൈമാറുന്നതിലും ചില പ്രത്യേക മാനസികാവസ്ഥകൾ സൃഷ്ടിക്കുന്നതിലും ആളുകൾ എടുക്കുന്ന തീരുമാനങ്ങളെ സ്വാധീനിക്കുന്നതിലും നിറത്തിന് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയും. ആളുകൾ വാങ്ങാൻ തിരഞ്ഞെടുക്കുന്ന വസ്തുക്കൾ, അവർ ധരിക്കുന്ന വസ്ത്രങ്ങൾ, അവരുടെ ചുറ്റുപാടുകൾ അലങ്കരിക്കുന്ന രീതി എന്നിവയിലും വർണ്ണ മുൻഗണനകൾ നിർണായകമായ സ്വാധീനം ചെലുത്തുന്നു. വർണ മനഃശാസ്ത്രത്തെക്കുറിച്ച് കൂടുതൽ സൂക്ഷമമായി മനസ്സിലാക്കാൻ ശാസ്ത്രീയ ഗവേഷണ പഠനങ്ങൾ വർധിച്ച തോതിൽ നടന്നു കൊണ്ടിരിക്കുന്നതായി കാണാം.

Latest News