Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വെളിച്ചെണ്ണ, ചുക്ക് വിപണി ഉണർവിൽ; സ്വർണം സർവകാല റെക്കോർഡിൽ

ദീപാവലി പ്രമാണിച്ച് വെളിച്ചെണ്ണ വിപണിയും  ശൈത്യകാലത്തിന് മുന്നേ ചുക്ക് വിപണിയും  ചൂടുപിടിച്ചു. ആഭരണ കേന്ദ്രങ്ങളിൽ സ്വർണം സർവകാല റെക്കോർഡിൽ.  നവരാത്രി കഴിഞ്ഞങ്കിലും ദീപാവലി വരെ വെളിച്ചെണ്ണയ്ക്ക് ആഭ്യന്തര ഡിമാന്റ് തുടരുമെന്ന വിശ്വാസത്തിലാണ് തമിഴ്‌നാട്. കാങ്കയത്തെ  കൊപ്രയാട്ട് മില്ലുകാർ സംഘടിതരായി എണ്ണ വില ഉയർത്തുകയാണ്. ഏതാനും മാസമായുള്ള കരുതൽ ശേഖരം എത്രയും വേഗത്തിൽ വിറ്റുമാറാനുള്ള  നീക്കത്തിലാണവർ. നവംബർ രണ്ടാം വാരമാണ് ദീപാവലി. ഇതിന് മുന്നേയുള്ള കാലയളവിൽ പരമാവധി വെളിച്ചെണ്ണ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇറക്കുകയാണവർ. കൊച്ചിയിൽ വെളിച്ചെണ്ണയ്ക്ക് രണ്ടാഴ്ചക്കിടയിൽ 900 രൂപ വർധിച്ച് 13,500 രുപയായി. കൊപ്രയ്ക്ക് പിന്നിട്ട വാരം 400 രൂപ ഉയർന്ന് 9200 രൂപയായി. ഇതിനിടയിൽ ഇന്തോനേഷ്യയുടെ പാം ഓയിൽ കയറ്റുമതി ഓഗസ്റ്റിൽ 55 ശതമാനം ഇടിഞ്ഞു. ഇത് ഇന്ത്യൻ ഭക്ഷ്യയെണ്ണ വിപണിക്ക് ഊർജം പകരും. 
ശൈത്യകാല ആവശ്യങ്ങൾക്കുള്ള ചുക്ക് സംഭരണത്തിന് ഉത്തരേന്ത്യ തുടക്കം കുറിച്ചു. നവരാത്രി വേളയിൽ ഭാഗികമായി അകന്ന വാങ്ങലുകാർ അടുത്ത വാരം സജീവമാക്കുമെന്ന നിഗമനത്തിലാണ് ചുക്ക് വ്യാപാരികൾ. നവംബറിൽ ശൈത്യകാലത്തിന് തുടക്കം കുറിക്കുന്നതോടെ രാജ്യത്തിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളിൽ നിന്നും പതിവ് പോലെ ഓർഡറുകൾ പ്രവഹിക്കാം. ഇതിനിടയിൽ വിദേശ കച്ചവടങ്ങൾ ഉറപ്പിച്ചവർ മികച്ചയിനം ചുക്ക് വില 32,500 നിന്നും 34,000 രൂപയായി ഉയർത്തി. 
ഉത്തരേന്ത്യക്കാർ നവരാത്രി ആഘോഷങ്ങൾക്ക് ശേഷം കുരുമുളക് വിപണിയിൽ ഇനിയും സജീവമല്ല. കഴിഞ്ഞ വാരം അവർ നിലയുറപ്പിക്കുമെന്നാണ് വിപണി വൃത്തങ്ങൾ നേരത്തെ കണക്ക് കൂട്ടിയത്. വാങ്ങലുകാരുടെ അഭാവത്തിലും മുളക് കരുത്ത് നിലനിർത്തിയത് ഏറെ ശ്രദ്ധേയമായി. രംഗത്ത് നിന്ന് അകന്ന് വില ഇടിക്കാനുള്ള തന്ത്രങ്ങളും അവർ പയറ്റിയെങ്കിലും സ്‌റ്റോക്കിസ്റ്റുകൾ ചരക്ക് ഇറക്കിയില്ല. തുലാവർഷത്തിന് തുടക്കം കുറിച്ചെങ്കിലും കാർഷിക മേഖലയിൽ നിന്നും പ്രതികൂല വാർത്തകളില്ലെന്നത് ഉൽപാദകർക്ക് ആശ്വാസം. തുലാമഴ കനത്താൽ അത് കുരുമുളക് കൊടികളെ ബാധിക്കും. കൊച്ചിയിൽ ഗാർബിൾഡ് മുളക് 62,900 രൂപ. അന്തരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 7700 ഡോളർ.  
കയറ്റുമതിക്കാരിൽ നിന്നും ആഭ്യന്തര ഇടപാടുകാരിൽ നിന്നും ഏലത്തിന് ഡിമാന്റ്. പല ദിവസങ്ങളിലും ഒരു ലക്ഷം കിലോയ്ക്ക് മുകളിൽ ചരക്ക് ഇറങ്ങിയെങ്കിലും ഇതിൽ ഭൂരിഭാഗവും വിറ്റഴിഞ്ഞു. ദീപാവലി മുന്നിൽ കണ്ടുള്ള വാങ്ങൽ താൽപര്യമാണ്. വരുംദിനങ്ങളിലും വാങ്ങലുകാരുടെ പിൻതുണ ഉറപ്പ് വരുത്താനാവുമെന്ന് വിപണി വൃത്തങ്ങൾ. വലിപ്പം കൂടിയ ഏലക്ക കിലോ 2368 രൂപ.  
സംസ്ഥാനത്ത് റബർ ഉൽപാദനം ഉയർന്നു, എന്നാൽ നിരക്ക് ഉയർത്താൻ ടയർ ലോബി തയാറായില്ല. നവംബറിൽ താപനില വീണ്ടും കുറയുന്നതിനാൽ മരങ്ങളിൽ നിന്നുള്ള യീൽഡ് ഉയരും. ജനുവരി അവസാനം വരെ ഉൽപാദന കേന്ദ്രങ്ങൾ സജീവമാകും.  നാലാം ഗ്രേഡ് റബർ 15,200 രൂപ. 
ആഗോള സ്വർണ വില വാരാന്ത്യം രണ്ടായിരം ഡോളറിന്റെ മാധുര്യം നുകർന്നു. ന്യൂയോർക്കിൽ  ട്രോയ് ഔൺസിന് 1994 ഡോളറിൽ നിന്നും 1971 ഡോളർ വരെ താഴ്ന്ന വേളയിലാണ് പുൾ ബാക്ക് റാലിക്ക് അവസരം ഒരുങ്ങിയത്. പുതിയ നിക്ഷേപത്തിനുള്ള അവസരമാക്കി ഫണ്ടുകൾ മാറ്റിയതോടെ 2000 ഡോളറും കടന്ന് 2009 വരെ കയറി. വിപണി 2084 ഡോളറിനെ ലക്ഷ്യമാക്കിയുള്ള പ്രയാണത്തിലാണ്.  കേരളത്തിൽ സ്വർണ വില പവൻ 45,280 രൂപയിൽ നിന്നും മുൻ റെക്കോർഡായ 45,720 ലും തകർത്ത് പുതിയ ഉയരമായ 45,920 രൂപയിലെത്തി. ഒരു ഗ്രാം സ്വർണ വില 5740 രൂപ.  പുതിയ സാഹചര്യത്തിൽ ഒരു പവൻ സ്വർണം  വാങ്ങാൻ അരലക്ഷം രൂപ വേണ്ടിവരും. സാധാരണ ഏറ്റവും കുറഞ്ഞ അഞ്ചു ശതമാനം പണിക്കൂലിയും മറ്റും നൽകേണ്ടതായുണ്ട്, അതായത് വില 48,216 രൂപയായി ഉയരും, പിന്നെ മൂന്ന് ശതമാനം ജി എസ് ടി കൂടി പതിയുന്നതോടെ വില 49,662 രൂപയിലെത്തും. ഇതിന് പുറെമ ഹാൾ മാർക്കിങ് നിരക്ക് കൂടി പതിയുന്നതോടെ പവന്റെ വില  49,707 രൂപയിലേയ്ക്ക് നീങ്ങും.

Latest News