ബെംഗളൂരു - കർണാടകയിലെ ചിക്കബെല്ലാപുരയിൽ നിർത്തിയിട്ട ടാങ്കർ ലോറിയിൽ ടാറ്റാ സുമോ ഇടിച്ച് 12 പേർ മരിച്ചു. നാല് സത്രീകളും എട്ടു പുരുഷന്മാരുമാണ് മരിച്ചത്. അഞ്ച് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഏഴ് പേർ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. ഇന്ന് പുലർച്ചെ ബെംഗളൂരു-ഹൈദരാബാദ് ഹൈവേ 44-ൽ വച്ചാണ് അപകടം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
കനത്ത മൂടൽമഞ്ഞിൽ റോഡരികിൽ നിർത്തിയിട്ട ടാങ്കർ ലോറി സുമോ ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടാത്തതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബാഗേപ്പള്ളിയിൽനിന്ന് ചിക്കബെല്ലാപുരയിലേക്ക് പോയവരാണ് അപകടത്തിൽപ്പെട്ടത്.
'അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനുള്ള അന്വേഷണത്തിലാണ്. മൂടൽമഞ്ഞ് കാരണം ദൃശ്യപരത കുറവായതാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പറയുന്നതെന്ന് ചിക്കബെല്ലാപൂർ പോലീസ് സൂപ്രണ്ട് ഡി എൽ നാഗേഷ് പറഞ്ഞു.
അപകടത്തിൽപ്പെട്ടവർ ആന്ധ്രാപ്രദേശിൽ നിന്ന് വന്നവരാണെന്ന് എസ്.പി പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഡോറുകൾ കുടുങ്ങിപ്പോയതിനെ തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് അവ പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.