കൊച്ചി -നടന്‍ ദിലീപിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഗാനരചയിതാവായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ഒരു പാട്ട് എഴുതാന്‍ വിളിച്ച ശേഷം ദിലീപ് തന്നെ അപമാനിച്ചതായി നേരത്തെ കൈതപ്രം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇത് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടാണ് ദിലീപിനെതിരെ കൈതപ്രം രൂക്ഷമായി പ്രതികരിച്ചത്.
'ദിലീപ് എന്നെ പാട്ടെഴുതാന്‍ വിളിച്ചു കൊണ്ടുപോയി. ഒരു പാട്ടാണ് എനിക്കുള്ളത് എന്ന് എന്നോട് നേരത്തെ പറഞ്ഞാല്‍ മതി. എനിക്കെന്താണ് പ്രശ്നം. എന്നെ ദീപക് ദേവിന്റെ രണ്ടാം നിലയിലുള്ള സ്റ്റുഡിയോയിലേക്ക് നടത്തി കയറ്റി, അവിടെ ഇരുത്തിയാണ് പാട്ടെഴുതിച്ചത്. ഒരു പാട്ട് ഞാന്‍ പൂര്‍ത്തിയാക്കി. അപ്പോള്‍ അയാള്‍ വിളിച്ചു പറയുകയാണ്, ഇനി അടുത്തത് വേറെ നമ്പൂതിരി എഴുതുമെന്ന്. അത്ര ധിക്കാരമൊന്നും എന്നോട് വേണ്ട എന്ന് ഞാന്‍ പറഞ്ഞു. നിന്റെ പടം എനിക്കു വേണ്ട എന്ന് പറഞ്ഞ് ഞാന്‍ ഇറങ്ങിവന്നു',
'ഭരതേട്ടന്‍ പറഞ്ഞാല്‍ പോലും ഞാന്‍ കേള്‍ക്കൂല്ല, പിന്നെയാണ് ഇവന്‍ പറയുന്നത് കേള്‍ക്കുന്നത്. അവന്‍ ഇപ്പോള്‍ ഇത് കാണുന്നുണ്ടെങ്കില്‍ കണ്ടോട്ടെ. എന്നെ വിളിച്ചില്ലെങ്കിലും ഒരു പ്രശ്നവുമില്ല. അവനെ ഞാന്‍ വിളിക്കില്ല. ഇവരെയൊന്നും എനിക്ക് പേടിയില്ല. എന്നെ സംബന്ധിച്ച ഒരു കാര്യങ്ങള്‍ക്കും എനിക്ക് പേടിയില്ല', കൈതപ്രം പറഞ്ഞു. തന്റെ സിനിമയില്‍ അഭിനയിക്കാന്‍ മലയാളത്തിലെ ആരും തയ്യാറായില്ലെന്നും കൈതപ്രം ദാമോദരന്‍ നമ്പൂതിരി അഭിമുഖത്തില്‍ പറഞ്ഞു. ഇവിടെയുള്ള ഒരു നടനും പുതുമ ഉണ്ടെന്ന് വിചാരിച്ച് പോലും അന്ന് ചിത്രത്തില്‍ അഭിനയിക്കാന്‍ വന്നില്ല. പൃഥ്വിരാജിന്റെയൊക്കെ പിന്നാലെ നടന്നിട്ടുണ്ട്. ഒറ്റയാളും തിരിഞ്ഞുനോക്കിയില്ല- അദ്ദേഹം പറഞ്ഞു.