സമഗ്ര വികസനത്തിലൂടെ മൂന്നു വർഷത്തിനകം എറണാകുളം ജില്ലയിലെ മൂക്കന്നൂരിനെ സുസ്ഥിര ഡിജിറ്റൽ ഗ്രാമമാക്കി മാറ്റുന്നതിന് മൂക്കന്നൂർ മിഷൻ എന്ന വിപുലമായ പദ്ധതിക്ക് ഫെഡറൽ ബാങ്ക് തുടക്കമിട്ടു. ബാങ്കിന്റെ സ്ഥാപകനായ കെ.പി. ഹോർമിസിന്റെ നൂറ്റിയാറാമത് ജന്മദിനത്തോടനുബന്ധിച്ചാണ് അദ്ദേഹത്തിന്റെ ജന്മനാടിനെ ബാങ്ക് ദത്തെടുത്തത്. ഗ്രാമത്തിലെ അടിസ്ഥാന സൗകര്യ, സാമൂഹിക മേഖലകളിൽ സമഗ്രമായ മാറ്റങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഗ്രാമത്തെ പൂർണമായും ഡിജിറ്റൈസ് ചെയ്യുക, സമഗ്ര മാലിന്യ പരിലാനം, സാമൂഹിക വികസനം, ഹരിതോർജ പദ്ധതികൾ എന്നിവയടങ്ങുന്നതാണ് മൂക്കന്നൂർ മിഷൻ. ഫൗണ്ടേഴ്‌സ് ഡേ ആഘോഷങ്ങളുടെ ഭാഗമായി മൂക്കന്നൂരിൽ സംഘടിപ്പിച്ച പരിപാടിയിൽ ഫെഡറൽ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ പദ്ധതി ഉദ്ഘാടനം ചെയ്തു. മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു പാലാട്ടി അധ്യക്ഷത വഹിച്ചു. സമഗ്ര വികസനത്തിലൂടെ മൂക്കന്നൂരിനെ രാജ്യത്തെ ഏറ്റവും മികച്ച മാതൃക സുസ്ഥിര ഗ്രാമമാക്കി മാറ്റുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ശ്യാം ശ്രീനിവാസൻ പറഞ്ഞു.
മുക്കന്നൂർ മിഷൻ മൂന്നു ഘട്ടങ്ങളിലായി, മൂന്ന് വർഷം കൊണ്ട് പൂർത്തീകരിക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യ വർഷം മാലിന്യ സംസ്‌കരണം, സാമൂഹിക ക്ഷേമം, പരിസ്ഥിതി, പുനരുപയോഗ ഊർജം എന്നിവയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളാണ് നടപ്പിലാക്കുക. സ്വഛഭാരത് പദ്ധതിയുടെ ചുവടുപിടിച്ച് പ്ലാസ്റ്റിക്, ഇ-മാലിന്യങ്ങളുടെ ശേഖരണത്തിനും സംസ്‌കരണത്തിനും ശാസ്ത്രീയ പരിഹാരങ്ങൾ നടപ്പിലാക്കും. ആവശ്യമായ ഇടങ്ങളിലെല്ലാം ശുചിമുറികൾ നിർമിക്കും. മരത്തൈകൾ നടൽ, റോഡുകളുടെ വശങ്ങൾ ചെടി വെച്ചുപിടിപ്പിക്കൽ, വയോജന പരിചരണ കേന്ദ്രത്തിലേക്ക് ആവശ്യമായ ഉപകരണങ്ങളുടെ വിതരണം, ബസ് ഷെൽട്ടറുകളുടെ നിർമാണം, ട്രാഫിക് ബോധവൽക്കരണം, ലൈബ്രറി നവീകരണം, സിസിടിവി ക്യാമറ സ്ഥാപിക്കൽ തുടങ്ങിയ പദ്ധതികൾ പൂർത്തിയാക്കും. പൊതുജനാരോഗ്യ കേന്ദ്രത്തിൽ 10 കിലോ വാട്ട് ശേഷിയുള്ള സോളാർ പ്ലാന്റ് സ്ഥാപിക്കും. ഇവിടെ ഇലക്ട്രിക് വാഹനങ്ങൾക്ക് റീചാർജ് സൗകര്യവുമൊരുക്കും. തെരുവു വിളക്കുകളെല്ലാം സൗരോർജ വിളക്കുകളാക്കി മാറ്റും.