കെഎസ് യുഎം സ്റ്റാർട്ടപ്പായ ഇൻഐടി സൊല്യൂഷൻസിന് ഒരാഴ്ചയ്ക്കുള്ളിൽ ഇരട്ട പുരസ്‌കാര തിളക്കം. ബംഗളൂരുവിൽ ഹെഡ്സ്റ്റാർട്ട് സംഘടിപ്പിച്ച എച്എസ്എക്‌സ്2.0 സമ്മേളനത്തിലെ എമർജിംഗ് സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ 2023 പുരസ്‌കാരവും വേൾഡ് കൊങ്ങിണി സെന്ററിന്റെ മികച്ച അഞ്ച് സ്റ്റാർട്ടപ്പുകൾക്കുള്ള പുരസ്‌കാരവുമാണ് ഇൻഐടി സൊല്യൂഷൻസിന് ലഭിച്ചത്.
ആയിരത്തിലധികം സ്റ്റാർട്ടപ്പുകളാണ് ബംഗളൂരുവിലെ സാപ് ലാബ്‌സിൽ നടന്ന എച്എസ്എക്‌സ് 2.0 സമ്മേളനത്തിൽ മാറ്റുരച്ചത്. ഇതിൽ നിന്ന് 70 സ്റ്റാർട്ടപ്പുകളെ തെരഞ്ഞെടുത്താണ് പുരസ്‌കാര ജേതാക്കളെ നിശ്ചയിച്ചത്. ഇതോടെ ഭാരത് പിച്ചാത്തോൺ 2.0 ൽ പങ്കെടുക്കാനും ഇൻഐടി സൊല്യൂഷൻസ് അർഹത നേടി.
ബംഗളൂരുവിൽ നടന്ന ഒൺട്രപ്രണർഷിപ്പ് കോൺക്ലേവിലാണ് ഇൻഐടി സൊല്യൂഷൻസിന് രണ്ടാമത്തെ അംഗീകാരം ലഭിച്ചത്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച അഞ്ച് സ്റ്റാർട്ടപ്പുകളിലൊന്നായി ഇൻഐടിയെ തെരഞ്ഞെടുത്തു. അഞ്ച് ലക്ഷം രൂപയാണ് ഇതിന്റെ പുരസ്‌കാരത്തുക. ഇൻഫോസിസ് മുൻ ഡയറക്ടർ മോഹൻദാസ് പൈ, ജ്യോതി ലാബ്‌സിന്റെ മുൻ സിഇഒയും എംഡിയുമായ ഉല്ലാസ് കാമത്ത് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സ്റ്റാർട്ടപ്പുകളുടെ വിലയിരുത്തൽ.
ക്ഷേത്രകാര്യങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന ബുക്ക് സേവ എന്ന ഐടി ഉൽപന്നമാണ് ഇൻഐടിക്ക് ഈ പുരസ്‌കാരങ്ങൾ നേടിക്കൊടുത്തത്. ക്ഷേത്രങ്ങളുടെ ദൈനംദിന ഭരണ നിർവഹണം, ധനകാര്യ വിനിയോഗം, വിഭവശേഷി വിനിയോഗം എന്നിവ ഇതിലൂടെ കൈകാര്യം ചെയ്യാനാകും. ഇതിനു പുറമെ ഭക്തർക്ക് ഓൺലൈനായി ദർശനം, വഴിപാട് നൽകൽ മുതലായവയും ഇവർ നൽകുന്നു. ക്ഷേത്രകാര്യങ്ങൾക്കായി സോപാനം എന്ന ഐടി ഉൽപന്നവും നിരവധി ഫിൻടെക് ഉൽപന്നങ്ങളും ഇവർ പുറത്തിറക്കിയിട്ടുണ്ട്.
100 ഓളം ക്ഷേത്രങ്ങളിൽ ഇൻഐടിയുടെ വിവിധ ഉൽപന്നങ്ങൾ ഉപയോഗിച്ചു വരുന്നു. കൊച്ചി വെണ്ണല കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻഐടി സൊല്യൂഷൻസ് 2011 ലാണ് പ്രവർത്തനമാരംഭിച്ചത്.