Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജീവിതശൈലി സ്ത്രീകളിലെ ഹൃദ്രോഗ സാധ്യത കൂട്ടുന്നു

ആരോഗ്യം
 

പുരുഷൻമാരെ അപേക്ഷിച്ചു സ്ത്രീകളിൽ ഹൃദ്രോഗങ്ങൾ കുറവാണ്.  എന്നാൽ പുരുഷന്മാരെ മാത്രം ബാധിക്കുന്ന അസുഖമാണോ ഹൃദ്രോഗം? അല്ലേയല്ല. ഹൃദയാഘാതവും മറ്റു കാർഡിയോ വാസ്‌കുലാർ രോഗങ്ങളും സ്ത്രീകളിലും കണ്ടുവരുന്നുണ്ട്. സ്ത്രീകളെ ബാധിക്കുന്ന ഹൃദയ സംബന്ധമായ രോഗങ്ങൾ മിക്കതും മരണത്തിലേക്ക് നയിക്കുന്നുണ്ട്.  കേരളത്തിൽ കൊറോണറി ആർട്ടറി ഡിസീസ് (സി. എ. ഡി) മരണങ്ങളിൽ 40% സ്ത്രീകളിൽ 65 വയസ്സിന് മുമ്പാണ് സംഭവിക്കുന്നത്, പുരുഷന്മാരിൽ ഇത് 60% ആണ് എന്ന് മാത്രം.

ഹൃദ്രോഗത്തിനു കാരണമായി പറയുന്ന  പുകവലി, ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊളസ്‌ട്രോൾ നില, പ്രമേഹം, അമിതവണ്ണം, ജോലിയിലെ സമ്മർദം എന്നിവ പുരുഷന്മാരിലായിരുന്നതിനാലാണ് സ്ത്രീകൾക്ക് ഹൃദ്രോഗ സാധ്യത കുറവാണെന്ന ചിന്തയുണ്ടാകാൻ കാരണമായത്. എന്നാൽ മാറിയ കാലഘട്ടത്തിൽ പുരുഷന്മാരോടൊപ്പം തന്നെ സ്ത്രീകളും ജീവിതശൈലീരോഗങ്ങൾക്കു അടിപ്പെട്ടു തുടങ്ങിയിരിക്കുന്നു. ചികിത്സക്കായി കൂടുതൽ സ്ത്രീകൾ എത്തുന്നത് അതിന്റെ തെളിവിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ഹൃദ്രോഗ സാധ്യത കൂടിയതിനാൽ സ്ത്രീകൾ സ്വന്തം ആരോഗ്യ കാര്യങ്ങളിൽ നിഷ്‌കർഷ പുലർത്താൻ തുടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യ പരിശോധന കുറവായതിനാൽ മിക്കപ്പോഴും സ്ത്രീകളിൽ വളരെ വൈകിയാണ് ഹൃദയ സംബന്ധമായ രോഗങ്ങൾ കണ്ടെത്തുന്നത്. അതിനാൽ തന്നെ  ഗുരുതരമായ ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ഏറ്റവും വൈകിയായിരിക്കും സ്ത്രീകളിൽ കണ്ടുപിടിക്കുക. അതുകൊണ്ട് തന്നെ സ്ത്രീകളിൽ ഹാർട്ട് അറ്റാക്ക് ഉണ്ടായാൽ രക്ഷപ്പെടാനുള്ള സാധ്യത കുറവാണ്.  ഹൃദയത്തിന്റെയും രക്തവാഹിനിക്കുഴലുകളുടെയും വലിപ്പം വളരെ കുറഞ്ഞിരിക്കുന്നതാണ് മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഒരു ഹാർട്ട് അറ്റാക്കിനെ നേരിട്ട സ്ത്രീകൾക്ക് അടുത്ത അറ്റാക്കിനെ നേരിടാനുള്ള ക്ഷമത വളരെ കുറവായിരിക്കും. ആദ്യ അറ്റാക്കിനെ അതിജീവിച്ച 40 വയസ്സായവരോ അല്ലെങ്കിൽ അതിലും കൂടുതൽ പ്രായമുള്ളവരോ ആയ സ്ത്രീകളിൽ 43 ശതമാനവും 5 വർഷത്തിനുള്ളിൽ അടുത്ത അറ്റാക്കിനോ ഹൃദയ സംബന്ധമായ മറ്റു അസുഖങ്ങൾക്കോ ഇരയാവുന്നുണ്ട്.

ഹൃദയ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഉയർന്ന രക്തസമ്മർദം, പ്രമേഹം, കൊളസ്‌ട്രോൾ, പാരമ്പര്യം, പ്രായം തുടങ്ങിയ കാര്യങ്ങളാണ് സ്ത്രീകളിലെ ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നത്. ഇത് കൂടാതെ ആർത്തവ വിരാമവും ഗർഭനിരോധന ഗുളികകളുടെ അമിത ഉപയോഗവും സ്ത്രീകളിൽ ഹൃദയസംബന്ധമായ രോഗങ്ങളുണ്ടാക്കാനുള്ള സാധ്യത ഏറെയാണ്. ഇനി പറയുന്ന കാര്യങ്ങൾ ഹൃദ്രോഗത്തിലേക്കു നയിക്കുന്നു. 

ഉയർന്ന കൊളസ്‌ട്രോൾ നില

രക്തത്തിൽ കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നതാണ് ഹൃദ്രോഗത്തിനുള്ള പ്രധാന കാരണം. രക്തത്തിലെ അധിക കൊളസ്‌ട്രോൾ ധമനികളുടെ ഉള്ളിലുള്ള പാളിയിൽ അടിഞ്ഞുകൂടി ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുത്തുന്നു. 55 കഴിഞ്ഞ സ്ത്രീകളിൽ പുരുഷനെ അപേക്ഷിച്ച് കൊളസ്‌ട്രോൾ നില ഉയരാനുള്ള സാധ്യതയേറെയാണെന്നാണ് പഠനങ്ങൾ പറയുന്നത്. എൽ.ഡി.എൽ കൊളസ്‌ട്രോൾ (ചീത്ത കൊളസ്‌ട്രോൾ) കാരണമാണ് ഹൃദ്രോഗം ഉണ്ടാവുന്നത്. എന്നാൽ എച്ച്.ഡി.എൽ (നല്ല കൊളസ്‌ട്രോൾ) ഹൃദ്രോഗ സാധ്യതയെ കുറയ്ക്കുന്നു.

ഉയർന്ന രക്തസമ്മർദം

ഹൈപ്പർ ടെൻഷൻ അഥവാ ഉയർന്ന രക്തസമ്മർദമാണ് ഹൃദ്രോഗമുണ്ടാകാനുള്ള ഒരു കാരണം. അമിത ശരീര ഭാരമുള്ള സ്ത്രീകളിൽ അല്ലെങ്കിൽ കുടുംബത്തിൽ ആർക്കെങ്കിലും രക്തസമ്മർദം ഉണ്ടെങ്കിൽ ഗർഭിണികൾ, ചില പ്രത്യേക ഗർഭനിരോധന ഗുളിക ഉപയോഗിക്കുന്നവർ, ആർത്തവ വിരാമത്തോടടുത്തവർ എന്നിവരെല്ലാം ഉയർന്ന രക്തസമ്മർദത്തിന് ഇരയാകാൻ സാധ്യതയുള്ളവരാണ്.

വ്യായാമമില്ലായ്മ

ആക്റ്റീവായിരിക്കുകയെന്നതാണ് മികച്ച ആരോഗ്യത്തിന്റെ രഹസ്യം. ഇത് ഹൃദയാരോഗ്യത്തിന് നല്ലതുമാണ്. ശാരീരികമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ അപേക്ഷിച്ച് വ്യായാമത്തിലൊന്നും ഏർപ്പെടാത്തവരിലാണ് ഏറ്റവും കൂടുതൽ ഹൃദ്രോഗ സാധ്യത കണ്ടുവരുന്നത്. അതുകൊണ്ടാണ് അമിത ഭാരമുള്ളവരിൽ ഉയർന്ന രക്തസമ്മർദവും കൊളസ്‌ട്രോളും പ്രമേഹവും ഹൃദ്രോഗ സാധ്യതയുമുണ്ടാകുന്നത്.

പ്രമേഹം

പ്രമേഹ രോഗികൾക്ക് ഹൃദ്രോഗ സാധ്യത കൂടുതലാണ്. പുരുഷന്മാരെ അപേക്ഷിച്ച് പ്രമേഹ രോഗികളായ സ്ത്രീകളുടെ എണ്ണം കൂടുതലാണ്. രക്തത്തിലെ ഷുഗർ നില അമിതമാകുന്നതോടെ ധമനികൾ ചുരുങ്ങി ഹൃദ്രോഗ സാധ്യത കൂടുന്നു. പ്രമേഹ രോഗികളായ സ്ത്രീകളിൽ ആർത്തവ വിരാമം നേരത്തേ സംഭവിക്കുന്നതിനാൽ അതും രോഗത്തിലേക്ക് നയിക്കും.

അമിത ഉൽക്കണ്ഠ 

ജീവിത ശൈലിയിലുണ്ടായ മാറ്റങ്ങൾ സ്ത്രീകളിൽ ഉൽക്കണ്ഠയും പിരിമുറുക്കവും ഉണ്ടാക്കുന്നു. അതുകൊണ്ടാണ് ഉദ്യോഗസ്ഥകൾക്ക് വീട്ടമ്മമാരേക്കാൾ ഹൃദ്രോഗ സാധ്യത കൂടുതലാണെന്ന് പറയുന്നത്. കൂടുതൽ സ്‌ട്രെസ്സുള്ള ജോലിയും ഉത്തരവാദിത്തവും ഹൃദ്രോഗ സാധ്യത പതിന്മടങ്ങ് വർധിപ്പിക്കും. മാത്രമല്ല, അതിര് കടന്ന സ്‌ട്രെസ്സ് രക്തസമ്മർദം അമിതമാകുന്നതിന് കാരണമാവുകയും ചെയ്യും.

കൊറോണറി ആർട്ടറി ഡിസീസ്

ഹൃദയത്തിലെ പേശികൾക്ക് ആവശ്യമായ അളവിൽ രക്തവും ഓക്‌സിജനും ലഭിക്കാത്തത് മൂലമാണ് ഇതുണ്ടാവുന്നത്. ഹൃദയത്തിൽ രക്തമെത്തിക്കുന്ന ധമനികളുടെ ആന്തരിക പാളികളിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പാണ് (കൊളസ്‌ട്രോൾ) ഇതിന് കാരണം. അതിന്റെ ഫലമായി ധമനികൾ സങ്കോചിക്കുന്നു. കൊറോണറി ആർട്ടറി രോഗം മൂലം നെഞ്ചിൽ കടുത്ത വേദനയോ ഹാർട്ട് അറ്റാക്കോ ഉണ്ടാവാം.

വാൽവുലാർ ഹാർട്ട് ഡിസീസ് 

ഹൃദയ വാൽവുകൾ രോഗബാധിതമാണെങ്കിൽ ഹൃദയത്തിന് ശരീരത്തിലുടനീളം ഫലപ്രദമായി രക്തം പമ്പ് ചെയ്യാൻ കഴിയില്ല. കൂടാതെ രക്തം പമ്പ് ചെയ്യാൻ കഠിനമായി പരിശ്രമിക്കേണ്ടിവരും. ഇത് പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിനു (ഹൃദയമിടിപ്പ് നിലക്കുക) കാരണമാകും. നേരത്തെ കണ്ടെത്തിയാൽ വാൽവ് മാറ്റിവെക്കലിലൂടെ ഭേദമാക്കാവുന്നതാണ്.


കൺജസ്റ്റീവ് ഹാർട്ട് ഫെയിലിയർ

ഹൃദയത്തിന് ആവശ്യമായത്ര രക്തം വേഗത്തിൽ പമ്പ് ചെയ്യാൻ കഴിയാതെ വരുമ്പോൾ ഉണ്ടാകുന്ന ഗുരുതരമായ, ദീർഘകാല അവസ്ഥയാണ് കൺജസ്റ്റീവ് ഹാർട്ട് ഫെയിലിയർ. ഹൃദയത്തിന് ആവശ്യമായ രക്തത്തിന്റെ അളവ് കൈകാര്യം ചെയ്യാൻ കഴിയാത്തതിനാൽ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ രക്തം അടിഞ്ഞു കൂടുന്നു. 

ഹൃദയാഘാത ലക്ഷണങ്ങൾ

പുരുഷന്മാരിലേതിനേക്കാൾ തികച്ചും വ്യത്യസ്തമാണ് സ്ത്രീകളിലെ ഹൃദയാഘാത ലക്ഷണങ്ങൾ. എങ്കിലും ചില ലക്ഷണങ്ങൾ പുരുഷന്മാരിലും സ്ത്രീകളിലും പൊതുവായി കാണാം.

നെഞ്ചിൽ കടുത്ത വേദനയോ സമ്മർദമോ ഉണ്ടാവുക. ശ്വാസംമുട്ടൽ, വിയർക്കൽ, ചുമൽ, കഴുത്ത് തുടങ്ങി കൈകളിലേക്കു വരെ വേദന പടരുക. കടുത്ത ക്ഷീണം അല്ലെങ്കിൽ കുറച്ചു നേരത്തേക്ക് ബോധം മറയുക.
ദഹനമില്ലായ്മ അല്ലെങ്കിൽ ഗ്യാസിന്റേതു പോലെയുള്ള വേദന.

ഹൃദയാരോഗ്യ പരിശോധന

ചില രക്തപരിശോധനയിലൂടെയും ഹൃദയത്തിന്റെ സ്‌കാൻ പരിശോധന (എക്കോ) യിലൂടെയും ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കാം. ജീവിതശൈലി നിയന്ത്രണത്തിലൂടെയും വ്യായാമം, ഭക്ഷണ ക്രമീകരണം എന്നിവയിലൂടെയും ഹൃദയാരോഗ്യം നിലനിർത്താവുന്നതാണ്. സ്ത്രീകൾ മുൻകൈയെടുത്താൽ കുടുംബത്തിൽ എല്ലാവർക്കും  ഹൃദയാരോഗ്യം ഉറപ്പ് വരുത്താൻ സാധിക്കും.


(കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗം സീനിയർ സ്‌പെഷ്യലിസ്റ്റാണ് ലേഖിക)


 

Latest News