നമ്മെ വല്ലാതെ പ്രചോദിപ്പിക്കുന്ന ചിലരുണ്ട്. നമുക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത്, അവർ ഉചിതമായ രീതിയിൽ നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നതായി നമുക്ക് തോന്നാറുണ്ട്. നമുക്ക് നമ്മിൽ കാണാൻ കഴിയാത്ത കാര്യങ്ങൾ അവർ കാണിച്ചു തരുന്നു. അതുവരെ അജ്ഞാതമായിരുന്നതും നമുക്ക് സാധിക്കാത്തതെന്ന് കരുതി നാം മാറ്റിവെച്ചതും അതുവരെ നാം ശ്രദ്ധിക്കാത്തതുമായ പലതും അവർ നമ്മിൽ കണ്ടെത്തുന്നു. ഹൃദ്യമായി അവർ നമ്മെ ഉണർത്തുന്നു. പല കഴിവുകളും അവർ നമ്മിൽ സാധ്യമാക്കുന്നു. എല്ലാറ്റിനുമുപരിയായി, ഉചിതമായ മാർഗനിർദേശത്തോടെ സ്വന്തം വഴി കണ്ടെത്താനുള്ള ധൈര്യവും ആത്മവിശ്വാസവും ഹൃദയഹാരിയായ ശൈലിയിൽ അവർ പകർന്നു നൽകുന്നു.
മിയാമിയിലെ ലിബർട്ടി സിറ്റിയിൽ ഉപേക്ഷിക്കപ്പെട്ട ഒരു കെട്ടിടത്തിന്റെ തറയിൽ ജനിച്ച ആ ബാലന് ഒരുപാട് കഷ്ടപ്പാടുകൾ സഹിക്കേണ്ടി വന്നിട്ടുണ്ട്. പിന്നീട് അദ്ദേഹം ലോകത്തിലെ മുൻനിര പ്രചോദക പ്രഭാഷകനും പരിശീലകനുമായി മാറി. വിശ്വപ്രസിദ്ധനായ ലെസ് ബ്രൗണിന്റെ ജീവിതത്തിന്റെ ഗതി മാറ്റിയത് അദ്ദേഹം പഠിച്ച സ്‌കൂളിലെ ഒരു അധ്യാപകന്റെ ഒറ്റ വാചകമായിരുന്നു എന്നത് അധികമാർക്കും അറിയില്ല.
തുടക്കം മുതൽ പഠനത്തിൽ ബുദ്ധിമുട്ടുന്ന ഒരു വിദ്യാർത്ഥിയായിരുന്നു ലെസ്. സ്‌കൂൾ കാലഘട്ടത്തിൽ അക്കാലത്തെ അക്കാദമിക് ബുദ്ധിജീവികൾ അദ്ദേഹത്തെ 'വിദ്യാഭ്യാസമുള്ള മന്ദബുദ്ധി' എന്ന് മുദ്ര കുത്തി, ആറാം ക്ലാസിൽ നിന്ന് അദ്ദേഹത്തെ 5 ാം ക്ലാസിലേക്ക് തരം താഴ്ത്തി. അദ്ദേഹത്തിന് അസാധാരണമാംവിധം ബുദ്ധിമാനായ ഒരു ഇരട്ട സഹോദരനുണ്ടായിരുന്നു. അതിനാൽ ലെസിനെ അവന്റെ സമപ്രായക്കാർ 'ഡിടി' എന്ന ഇരട്ടപ്പേരിട്ട് വിളിച്ചു. ഡമ്പ് ട്വിൻ അഥവാ 'മൂക ഇരട്ട' എന്നായിരുന്നു ആ പരിഹാസപ്പേരിന്റെ അർത്ഥം.
ഒരു ദിവസം കണക്ക് ടീച്ചർ ലെസിനോട് ചോക്ക്‌ബോർഡിലെഴുതിയ ഒരു പ്രശ്‌നം പരിഹരിക്കാൻ ആവശ്യപ്പെട്ടു. ലെസ് വിസമ്മതിക്കുകയും തനിക്ക് അതിനു കഴിയില്ലെന്ന് പറഞ്ഞൊഴിയാനും നോക്കി. 'തീർച്ചയായും നിനക്ക് കഴിയും' þ-അധ്യാപകൻ പ്രോത്സാഹിപ്പിച്ചു. 'കുട്ടീ, ഇങ്ങോട്ട് വന്ന് ഈ കണക്ക് ഒന്ന് ചെയ്തുനോക്കൂ'. 'എനിക്ക് അതിനുള്ള കഴിവില്ല സാർ . ഞാൻ മാനസിക വൈകല്യമുള്ള ആളാണ്' þ-ലെസ് പറഞ്ഞു. ക്ലാസിലെ ബാക്കിയുള്ളവർ ഇത് കേട്ട് പൊട്ടിച്ചിരിക്കാൻ തുടങ്ങി. ആ സമയത്ത് അധ്യാപകൻ ലെസിന്റെ അടുത്തേക്ക് നടന്നു ചെന്നു അവന്റെ കണ്ണുകളിലേക്ക് നോക്കി. 'ഇനി ഒരിക്കലും അങ്ങനെ പറയരുത്' þ-þഅയാൾ അവനോട് പതുക്കെ പറഞ്ഞു. 'ലെസ്, നിങ്ങളെക്കുറിച്ചുള്ള മറ്റൊരാളുടെ അഭിപ്രായം നിങ്ങളുടെ യാഥാർത്ഥ്യമാകണമെന്നില്ല.'
ആ വാക്കുകൾ അവന് പുതിയ വെളിച്ചം നൽകി. ലെസ് ആ വാക്കുകൾ ഒരിക്കലും മറന്നില്ല, അവിശ്വസനീയമായ തരത്തിൽ പ്രതിബന്ധങ്ങളെ തരണം ചെയ്യാനും ആവേശത്തോടും തീക്ഷ്ണതയോടും കൂടി തന്റെ ലക്ഷ്യങ്ങൾ പിന്തുടരാനും തന്റെ ജീവിതകാലം മുഴുവൻ ആ വാചകം അദ്ദേഹത്തിന് പ്രചോദനമായി മാറി. നിങ്ങളുടെ ഉള്ളിൽ മഹത്വമുണ്ട് എന്ന അധ്യാപകന്റെ ആ സൗമ്യവും ശക്തവുമായ വെളിപ്പെടുത്തലാണ് പ്രഗത്ഭനായ ഒരു ലെസ് ബ്രൗണിനെ ലോകത്തിനു സമ്മാനിച്ചത് എന്ന് സാരം.
ഇതുപോലെ മറ്റുള്ളവർ നമ്മുടെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും നാം അറിയാതെ തന്നെ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. നമ്മുടെ വസ്ത്രധാരണം മുതൽ ഭക്ഷണ രീതികൾ, തീരുമാനങ്ങൾ, തെരഞ്ഞെടുപ്പുകൾ, നമ്മുടെ തൊഴിൽ, ജീവിത വീക്ഷണം എന്നിവയെല്ലാം നമുക്ക് ചുറ്റുമുള്ളവരാൽ സ്വാധീനിക്കപ്പെടുന്നു. നമുക്ക് പോലും അറിയാനാവാത്ത വിധം നമ്മുടെ കാഴ്ചകളും കേൾവികളും നമ്മുടെ വായനയും എല്ലാം നമ്മെ നിരന്തരം സ്വാധീനിക്കുന്നുണ്ട്. മറ്റുള്ളവരുടെ സ്വാധീനമില്ലാത്ത ഒരു തീരുമാനമോ പെരുമാറ്റമോ കണ്ടെത്താൻ പ്രയാസമാണെന്ന് വേണം പറയാൻ.
എങ്ങനെ പെരുമാറണം, ചിന്തിക്കണം, അനുഭവിക്കണം എന്നെല്ലാം നമുക്ക് ചുറ്റുമുള്ള ആളുകളിൽ നിന്ന് നമ്മൾ സ്വായത്തമാക്കുന്നുണ്ട്. കൂടാതെ നമുക്ക് ചുറ്റുമുള്ളവരുടെ പെരുമാറ്റവും ചിന്തകളും അറിഞ്ഞോ അറിയാതെയോ നമ്മെ രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. ഇത് സാമൂഹിക സ്വാധീനം എന്നറിയപ്പെടുന്നു.
നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുന്നതിൽ സാമൂഹ്യ സ്വാധീനം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഏതെങ്കിലും ഒരു സംഘത്തിന്റെ മാനദണ്ഡങ്ങൾക്കനുസൃതമായി ഒരാളുടെ പെരുമാറ്റം അല്ലെങ്കിൽ വിശ്വാസങ്ങൾ മാറ്റുന്ന പ്രവർത്തനമാണ് കൺഫോമിറ്റി അഥവാ 'അനുരൂപത' എന്നറിയപ്പെടുന്നത്. മറ്റുള്ളവരുമായി ലയിക്കാനോ ഇഷ്ടപ്പെടാനോ ഉള്ള ആഗ്രഹം, അവരുടെ അംഗീകാരം നേടൽ തുടങ്ങിയ പല ഘടകങ്ങൾ ഇതിന് കാരണമായേക്കാം. ഫാഷൻ ട്രെൻഡുകൾ, രാഷ്ട്രീയ അഭിപ്രായങ്ങൾ, നമ്മൾ സംസാരിക്കുന്ന രീതികൾ, നിലപാടുകൾ, സമീപനങ്ങൾ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധ വശങ്ങളിൽ അനുരൂപത കാണാൻ കഴിയും.
മറ്റുള്ളവർ നമ്മെ സ്വാധീനിക്കുന്ന മറ്റൊരു മാർഗം സാമൂഹിക താരതമ്യമാണ്. നമ്മെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാൻ സ്വാഭാവികമായും താൽപര്യമുള്ളവരാണ് അധിക ആളുകളും. ആരെങ്കിലും നമ്മളെപ്പോലെ പെരുമാറുകയോ അല്ലെങ്കിൽ സമാനമായ രീതിയിൽ ചിന്തിക്കുകയോ ചെയ്യുമ്പോൾ നാം തമ്മിൽ പൊതുവായ കാര്യങ്ങൾ ഉണ്ടെന്ന് അനുമാനിക്കാം. നമ്മോട് സാമ്യമുള്ള ആളുകൾക്ക് നമ്മുടെ വിശ്വാസവും അംഗീകാരവും ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്. കൂടാതെ മാധ്യമങ്ങളും സാങ്കേതിക വിദ്യയുമായുള്ള നമ്മുടെ നിരന്തര സമ്പർക്കം നമ്മുടെ ചിന്തകളെയും പെരുമാറ്റങ്ങളെയും സ്വാധീനിക്കാൻ മറ്റുള്ളവർക്ക് കൂടുതൽ അവസരം ഒരുക്കുകയാണ് ചെയ്യുന്നത്. നമ്മൾ എങ്ങനെ കാണണം, പെരുമാറണം, എങ്ങനെ ചിന്തിക്കണം എന്നതിനെക്കുറിച്ചുള്ള സന്ദേശങ്ങൾ കൊണ്ട് പരസ്യങ്ങളും സോഷ്യൽ മീഡിയകളും നിരന്തരം നമ്മെ വലയം ചെയ്യുന്നുണ്ട്. ഈ സ്വാധീനങ്ങളെ ചെറുക്കുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ അവയെക്കുറിച്ച് ബോധവാന്മാരായിരിക്കുകയും നമ്മുടെ ജീവിതം എങ്ങനെ ജീവിക്കാൻ ആഗ്രഹിക്കുന്നു എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ രൂപപ്പെടുത്തി തീരുമാനങ്ങൾ എടുക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
സാമൂഹിക സ്വാധീനം എല്ലാം നെഗറ്റീവ് അല്ല. ഉദാഹരണത്തിന്, നാം പ്രചോദിതരും ഉത്സാഹികളുമായവരുടെ കൂട്ടത്തിലാണെങ്കിൽ നമ്മൾ സ്വയം പ്രചോദിതരും ഊർജസ്വലരുമാവാനുള്ള സാധ്യത കൂടുതലാണ്. നമ്മൾ കാരുണ്യവും ദയയും ഉള്ളവരുടെ കൂട്ടത്തിലാണെങ്കിൽ നമ്മൾ ദയയും സഹാനുഭൂതിയും ഉള്ളവരായിരിക്കാൻ സാധ്യത കൂടുതലാണ്. അശുഭ ചിന്തകളുടെ തടവറയിൽ കഴിയുന്നവരോടോപ്പമാണ് നാമെങ്കിൽ ക്രമേണ അവരുടെ സ്വാധീനം നമ്മളിലേക്കും സംക്രമിക്കാനിടയുണ്ട്.
നമ്മൾ ആരാണെന്നും നമ്മൾ എന്ത് ചെയ്യുന്നുവെന്നും രൂപപ്പെടുന്നത് നമ്മൾ സമയം ചെലവഴിക്കുന്ന ആളുകൾ, കാണുന്ന ദൃശ്യ, ശ്രാവ്യ മാധ്യമങ്ങൾ, നമുക്കുള്ള അനുഭവങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് എന്നർത്ഥം.
ഭയക്കേണ്ടതോ ഒഴിവാക്കേണ്ടതോ അല്ല സാമൂഹിക സ്വാധീനത്തിന്റെ ശക്തി. മറിച്ച്, ബോധപൂർവം മനസ്സിലാക്കേണ്ടതും പ്രയോജനപ്പെടുത്തേണ്ടതുമായ ഒന്നാണത് എന്ന ജാഗ്രത വേണമെന്ന് മാത്രം. മറ്റുള്ളവർ നമ്മെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് ബോധവാന്മാരാകുന്നതിലൂടെ, നമ്മുടെ ജീവിതത്തിലേക്ക് നാം അനുവദിക്കുന്ന ആളുകളെയും അനുഭവങ്ങളെയും വാർത്തകളെയും ചർച്ചകളെയും കുറിച്ച് കൂടുതൽ ശുഭകരമായ തീരുമാനങ്ങൾ എടുക്കാൻ നമുക്ക് കഴിയും.
സാമൂഹിക സ്വാധീനം നമ്മുടെ ജീവിതം എങ്ങനെ രൂപപ്പെട്ടു കൊണ്ടിരിക്കുന്നു എന്നതിൽ കാര്യമായ സ്വാധീനം ചെലുത്തുന്നു. നമ്മുടെ തിരിച്ചറിവില്ലാതെ, മറ്റുള്ളവരുടെ ചിന്തകളും പെരുമാറ്റങ്ങളും പ്രവൃത്തികളും നമ്മുടെ സ്വത്വത്തെ ബാധിക്കുന്നു. സാമൂഹിക സ്വാധീനം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കുന്നത്, നമ്മുടെ ജീവിതം എങ്ങനെ ജീവിക്കാൻ ആഗ്രഹിക്കുന്നു എന്നതിനെക്കുറിച്ച് കൂടുതൽ ബോധപൂർവമായ തീരുമാനങ്ങൾ എടുക്കാനും മറ്റുള്ളവരുടെ പ്രതികൂല സ്വാധീനം ഒഴിവാക്കാനും നമ്മെ സഹായിക്കും.
മറ്റുള്ളവർ നമ്മെ സ്വാധീനിക്കുന്ന വഴികളെക്കുറിച്ച് നാം ബോധവാന്മാരായിരിക്കണം. കൂടാതെ നമ്മുടെ ജീവിത മൂല്യങ്ങളോടും ജീവിത ലക്ഷ്യങ്ങളോടും പരമാവധി മൈത്രീഭാവം പുലർത്തുന്ന, ക്ഷേമകരവും ആനന്ദകരവുമായ ജീവിത വിജയത്തിനു സഹായിക്കുന്ന പോസിറ്റിവ് വ്യക്തികളും ആശയങ്ങളുമായിരിക്കണം നമ്മെ കൂടുതൽ സ്വാധീനിക്കേണ്ടത്.