ഇസ്ലാമാബാദ്- ദേഖോ ചാന്ദ് ആയ, യാരേ ബേവഫാ, റാക്‌സെ ബിസ്മില്‍ തുടങ്ങി നിരവധി ഹിറ്റ് ഉര്‍ദു ടെലിവിഷന്‍ പരമ്പരകളിലും സിനിമികളിലും വേഷമിട്ട് ആരാധാകരെ നേടിയ നടി സാറാ ഖാന്‍ ആശുപത്രിയിലാണെന്നും ഗുരുതരാവസ്ഥയിലാണെന്നുമുളള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കി ആരാധകര്‍.
മികച്ച ഓണ്‍സ്‌ക്രീന്‍ പോപ്പുലര്‍ കപ്പിള്‍ (ഇമ്രാന്‍ അഷ്‌റഫിനൊപ്പം), മികച്ച നടി ജനപ്രിയ നടി, മികച്ച സഹനടി തുടങ്ങി വിവിധ പുരസ്‌കാരങ്ങള്‍ നേടിയ നടിയാണ് സാറാ ഖാന്‍.
സാറ ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന ഫോട്ടോയും വാര്‍ത്തുയം ജനപ്രിയ ഗായകന്‍ കൂടിയായ അവരുടെ ഭര്‍ത്താവ് ഫലക് ഷബീറാണ് പുറത്തുവിട്ടത്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറികളിലാണ് സാറയ്ക്ക് സുഖമില്ലെന്ന് അദ്ദേഹം അറിയിച്ചത്. ഭാര്യയുടെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ആരാധകരോട് അഭ്യര്‍ത്ഥിച്ച അദ്ദേഹം ആശുപത്രിയില്‍നിന്നുള്ള നടിയുടെ ചിത്രവും പോസ്റ്റില്‍ ചേര്‍ത്തു.
ഗായിക സാറാ ഖാന്റെ ചിത്രം പോസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ ആരാധകര്‍ പലവിധ കഥകള്‍ പങ്കിടാന്‍ തുടങ്ങി. നടിയുടെ ആരോഗ്യത്തിനായി അവര്‍ പ്രാര്‍ത്ഥിച്ചു. താരത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കയിലാണ് ആരാധകര്‍.
ആരാധകരുടെ ആശങ്കകള്‍ കണക്കിലെടുത്ത് സാറ ഖാന്‍ ഉടന്‍ തന്നെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറികളില്‍ ആരാധകര്‍ക്കായി താങ്ക് യൂ കുറിപ്പ് പോസ്റ്റ് ചെയ്തു. വീട്ടിലാണെന്നും ഇപ്പോള്‍ സുഖമുണ്ടെന്നും അവര്‍ പറഞ്ഞു. ദുഷ്‌കരമായ സമയങ്ങളില്‍ തന്റെ കൈ പിടിച്ചതിന് ഭര്‍ത്താവ് ഫലക് ഷബീറിനെ പ്രശംസിക്കുകയും ചെയ്തു.
സാറയുടെ പോസ്റ്റ് ഇങ്ങനെ...
ഇതുപോലുള്ള സമയത്താണ് ആരാധകരും സുഹൃത്തുക്കളും ഞങ്ങളെ എത്രമാത്രം കാര്യമാക്കുന്നുവെന്ന് മനസ്സിലാകുന്നത്. എല്ലാ സ്‌നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല! ഞാന്‍ വീട്ടിലുണ്ട്, ഇപ്പോള്‍ വളരെ മെച്ചപ്പെട്ടിട്ടുണ്ട്. ഫലക് ഷബീറിനെ പോലൊരു ഭര്‍ത്താവുള്ളപ്പോള്‍ ആര്‍ക്കാണ് ഡോക്ടറെ വേണ്ടത്. അല്‍ഹംദുലില്ലാഹ്..
ഇമ്രാന്‍ അഷ്‌റഫിനൊപ്പമുള്ള നമക് ഹറാമാണ് സാറാ ഖാന്റെ അടുത്ത ചിത്രം. 2020 ജൂലൈയിലാണ് സാറാ ഖാന്‍ ഗായകനും ഗാനരചയിതാവുമായ ഫലക് ഷബീറിനെ വിവാഹം കഴിച്ചത്. ഒരു മകളുണ്ട്. അലിയാന ഫലക്ക്.