Sorry, you need to enable JavaScript to visit this website.

ഫലസ്തീനികളെ അധിക്ഷേപിക്കുന്ന വ്യാജ വീഡിയോകളുടെ കുത്തൊഴക്ക് ഇന്ത്യയില്‍നിന്നാണ്

ന്യൂദല്‍ഹി- ഇന്ത്യയില്‍നിന്നാണ് ഫലസ്തീന്‍ വിരുദ്ധ വ്യജ പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നതെന്ന് റിപ്പോര്‍ട്ട്. എക്‌സ് പ്ലാറ്റ് ഫോമില്‍ (മുന്‍ ട്വിറ്റര്‍) ഇന്ത്യക്കാരായ നിരവധി വെരിഫൈഡ് അക്കൗണ്ട് ഉടമകള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് രാജ്യത്തെ പ്രശസ്ത വസ്തുതാ പരിശോധനാ സൈറ്റുകളിലൊന്നായ  ബൂം പറയുന്നു. ജനങ്ങളെ വ്യാപകമായി സ്വാധീനിക്കുന്ന ഇവര്‍ സ്ഥിരമായി തെറ്റായ വിവരങ്ങളാണ് പങ്കിടുന്നത്. ഫലസ്തീനെ പ്രതിസ്ഥാനത്തുനിര്‍ത്തുന്ന ഇവര്‍  ഇസ്രായിലിനെ പിന്തുണക്കുകയും ചെയ്യുന്നു.

ഫലസ്തീനികള്‍ അടിസ്ഥാനപരമായി തന്നെ ക്രൂരന്മാരാണെന്ന് കാണിക്കാനാണ് ഇവര്‍ പ്രധാനമായും ശ്രമിക്കുന്നത്. ഒരു ഫലസ്തീന്‍ പോരാളി ഡസന്‍ കണക്കിന് പെണ്‍കുട്ടികളെ ലൈംഗിക അടിമകളായി പിടിച്ചുവെന്ന ഒരു വീഡിയോ ഇത്തരക്കാര്‍ പ്രചരിപ്പിച്ചു. ജറുസലേമിലേക്കുള്ള സ്‌കൂള്‍ യാത്രയില്‍ നിന്നുള്ള ദൃശ്യമാണ് ഇതിന് ഉപയോഗിച്ചത്. വീഡിയോക്ക് ക്ലാരിറ്റി കുറവാണെങ്കിലും സൂക്ഷിച്ചു നോക്കിയാല്‍ പെണ്‍കുട്ടികള്‍ സന്തോഷത്തോടെ ചാറ്റ് ചെയ്യുന്നതും ഫോണ്‍ ഉപയോഗിക്കുന്നതും കാണാം.

ഈ വീഡിയോക്ക് ആയിരക്കണക്കിന് റീട്വീറ്റുകള്‍ ലഭിക്കുകയും കുറഞ്ഞത് 60 ലക്ഷം ഇംപ്രഷനുകള്‍ നേടുകയും ചെയ്തു. വീഡിയോ പങ്കിടുന്ന അക്കൗണ്ടുകളുടെ വിശകലനത്തില്‍ ഭൂരിഭാഗവും ഇന്ത്യയിലാണെന്നാണ് കാണിക്കുന്നു.
ഹമാസ് പോരളികള്‍ ഒരു ജൂത കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്നതായി കാണിക്കുന്നതായി അവകാശപ്പെടുന്ന വ്യാജ വീഡിയോയും  സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഒരു പോസ്റ്റില്‍ മാത്രം ഒരു ദശലക്ഷത്തിലധികം കാഴ്ചകളാണ് വീഡിയോ നേടിയത്. തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകള്‍ ഏറ്റവും കൂടുതല്‍ ഷെയര്‍ ചെയ്യപ്പെട്ട 10 ട്വീറ്റുകളില്‍ ഏഴും ഇന്ത്യക്കാരുടെ പ്രൊഫൈലുകളില്‍നിന്നാണ്. ഇന്ത്യന്‍ പതാക അടങ്ങിയതാണ് ഈ പ്രൊഫൈലുകള്‍.

ഈ ഏഴ് ട്വീറ്റുകള്‍ക്ക് മാത്രം എക്‌സില്‍ മൂന്ന് ദശലക്ഷത്തിലധികം ഇംപ്രഷനുകള്‍ ലഭിച്ചു. സെപ്റ്റംബറില്‍ പുറത്തുവന്ന ഈ വീഡിയോക്ക് തട്ടിക്കൊണ്ടുപോകലുമായോ ഗാസയുമായോ യാതൊരു ബന്ധവുമില്ല.
എക്‌സില്‍ തെറ്റായ വീഡിയോകള്‍ ഷെയര്‍ ചെയ്യുന്ന പല അക്കൗണ്ടുകളിലും ധാരാളക്കണക്കിന്  മുസ്‌ലിം വിരുദ്ധ കമന്റുകളും പ്രത്യക്ഷപ്പെട്ടു.

ഒരു ആണ്‍കുട്ടിയെ ഹമാസ് പോരാളികള്‍ കഴുത്തറുത്ത് കൊല്ലുന്ന തെറ്റായ വീഡിയോ ഷെയര്‍ ചെയ്ത മിസ്റ്റര്‍ സിന്‍ഹ എന്ന അക്കൗണ്ട് ഉടമ തന്റെ പോസ്റ്റില്‍ ഇസ്ലാം ഈസ് ദ പ്രോബ്ലം എന്ന ഹാഷ്ടാഗും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഫലസ്തീനികള്‍ ലൈംഗിക അടിമകളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന  തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പങ്കിട്ട മറ്റൊരു അക്കൗണ്ട് ഉടമ തന്റെ അക്കൗണ്ടില്‍ നേരത്തെ പോസ്റ്റ് ചെയ്തത് 'മുസ്‌ലിം പെണ്‍കുട്ടികള്‍ ഹിന്ദുമതത്തിലേക്ക് മാറുമ്പോള്‍ അവര്‍ സന്തോഷത്തോടെ ജീവിക്കുന്നു. എന്നാല്‍ ഹിന്ദു പെണ്‍കുട്ടികള്‍ ഇസ്ലാം മതം സ്വീകരിക്കുമ്പോള്‍ അവര്‍ ഒരു സ്യൂട്ട്‌കേസിലോ ഫ്രിഡ്ജിലോ എത്തുന്നു, ഇതാണ് വ്യത്യാസം എന്നു പോസ്റ്റ് ചെയ്തിരുന്നു.
മറ്റു ചിലര്‍ ഫലസ്തീനോടുള്ള വിദ്വേഷം കൂടുതല്‍ വ്യക്തമായി തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്.

ഹമാസിനെ ഇസ്രായില്‍ ഈ ഭൂമയില്‍നിന്ന് തന്നെ അവസാനിപ്പിക്കണമെന്നാണ് റിട്ടയേര്‍ഡ് ഇന്ത്യന്‍ സൈനികന്റേതെന്ന് കരുതുന്ന ഒരു ഇന്ത്യന്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.  ഇന്ത്യയിലെ ഇസ്‌ലാമോഫോബിയ നേരത്തെ തന്നെ ചര്‍ച്ച ചെയ്തിട്ടുണ്ട്.  പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ബിജെപിയുടേയും ഉയര്‍ച്ചയ്ക്ക് ശേഷം ഇത് ഗണ്യമായി വര്‍ധിച്ചുവെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഇസ്‌ലാമോഫോബിക് ട്വീറ്റുകളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നാണെന്നാണ് ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള ഇസ്‌ലാമിക് കൗണ്‍സില്‍ ഓഫ് വിക്ടോറിയയുടെ റിപ്പോര്‍ട്ട്.  

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ഫലസ്തീനികളുടെ ദുരവസ്ഥ ഇസ്‌ലാമോഫോബുകളെ വെളിച്ചത്തിലേക്ക് കൊണ്ടുവന്നുവെന്നും ഇതാണ് സോഷ്യല്‍ മീഡിയയില്‍ കാണാന്‍ കഴിയുന്നതെന്നും വിദഗ്ധര്‍ പറയുന്നു.  ഈ ഓണ്‍ലൈന്‍ വിദ്വേഷം കത്തിക്കുന്നതില്‍ ബിജെപിയുടെ ഐടി സെല്‍ പ്രധാന പങ്കുവഹിച്ചു.

വിമര്‍ശന ശബ്ദങ്ങളെ ട്രോളാന്‍ സോഷ്യല്‍ മീഡിയ സെല്ലില്‍ നിന്നും രണ്ട് അനുബന്ധ സംഘടനകളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്ന സന്നദ്ധപ്രവര്‍ത്തകരുടെ ഒരു ശൃംഖല ബിജെപിക്കുണ്ടെന്ന് സാധവി ഖോസ്‌ല പറയുന്നു. ബിജെപിയുടെ ഓണ്‍ലൈന്‍ സോഷ്യല്‍ മീഡിയ ആര്‍മിയെക്കുറിച്ച്
ചര്‍ച്ച ചെയ്യുന്ന ഐ ആം എ ട്രോള്‍ എന്ന പുസ്തകത്തിന്റെ രചയിതാവ് സ്വാതി ചതുര്‍വേദിയുമായി അഭിമുഖം നടത്തിയ ശേഷമാണ് നേരത്തെ ബി.ജെ.പിയുടെ ഐ.ടി സെല്ലില്‍ പ്രവര്‍ത്തിച്ച സാധവി ഖോസ് ല ഇക്കാര്യം പറഞ്ഞത്.  

തനിക്ക് പ്രചരിപ്പിക്കേണ്ടി വന്ന 'സ്ത്രീവിരുദ്ധത, ഇസ്‌ലാമോഫോബിയ, വിദ്വേഷം' എന്നിവയുടെ നിരന്തരമായ പ്രഹരത്തില്‍ മടുത്ത ശേഷമാണ് താന്‍ ഐടി സെല്‍ വിട്ടതെന്ന് ഖോസ്‌ല പറഞ്ഞു.

ഇന്ത്യന്‍ മുഖ്യധാരാ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയയും ഇസ്രായിലിനെ പിന്തുണച്ച് തെറ്റായ വിവരങ്ങള്‍ കയറ്റുമതി ചെയ്യുകയാണെന്ന്  ഇന്ത്യയില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന വസ്തുതാ പരിശോധന വെബ്‌സൈറ്റായ ആള്‍ട് ന്യൂസ് സഹസ്ഥാപകനും എഡിറ്ററുമായ പ്രതീക് സിന്‍ഹ ട്വീറ്റ് ചെയ്തു.

 

Latest News