കോഴിക്കോട് - കോഴിക്കോട് മീഞ്ചന്ത സ്വദേശിനി ഫാത്തിമ മഹലിൽ പി.കെ ഫാത്തിമബിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 19 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. അസം സ്വദേശി നിതായി നഗറിലെ അബ്ദുറഹ്മാൻ ലസ്‌കർ ആണ് പിടിയിലായത്.
പന്നിയങ്കര എസ്.ഐ കെ മുരളീധരന്റെ നേതൃത്വത്തിലുള്ള നാലംഗ പോലീസ് സംഘം അസമിൽ പോയി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. അസം പോലീസിന്റെ സഹായത്തോടെ സാഹസികമായാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
കോഴിക്കോട് ചെറൂട്ടി റോഡിലെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ അക്കൗണ്ടുള്ള ഫാത്തിമബിയുടെ ബാങ്കുമായി ബന്ധിപ്പിച്ച മൊബൈൽ ഫോൺ നമ്പർ യഥാസമയം മാറ്റുന്നതിൽ ബാങ്കിനുണ്ടായ വീഴ്ചയാണ് പ്രതിക്ക് പണം തട്ടിയെടുക്കാൻ സഹായകമായത്. ബന്ധുവായ സോഫ്റ്റ് വെയർ എൻജിനീയറുടെ സഹായത്തോടെയായിരുന്നു പ്രതി തട്ടിപ്പ് നടത്തിയത്. പരാതിക്കാരിയായ അക്കൗണ്ട് ഉടമ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്ന മൊബൈൽ നമ്പർ ആറ് വർഷം മുമ്പ് ഉപേക്ഷിച്ചെങ്കിലും അത് മാറ്റുന്നതിൽ ബാങ്കിനുണ്ടായ വീഴ്ചയാണ് തട്ടിപ്പിന് കളമൊരുക്കിയത്. അക്കൗണ്ട് ഉടമ ഫോൺ നമ്പർ മാറിയ കാര്യം ബാങ്കിനെ അറിയിച്ചെങ്കിലും പഴയ നമ്പർ തന്നെയാണ് ബാങ്ക് അക്കൗണ്ടുമായി തുടർന്നും ബന്ധിപ്പിച്ചത്. ഈ ഫോൺ നമ്പർ അസം സ്വദേശിയായ പ്രതിയുടേതായിരുന്നു. അതിനാൽ ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഈ മൊബൈൽ നമ്പറിലേക്കാണ് ലഭിച്ചത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതി ഓൺലൈൻ ട്രാൻസാക്ഷൻ ആപ് ഉപയോഗിച്ച് പണം തട്ടിയത്.
ഫാത്തിമബി സെപ്തംബറിൽ പണം പിൻവലിക്കാനായി മകന് ചെക്ക് നൽകിയപ്പോഴാണ് അക്കൗണ്ടിലുള്ള പണം നഷ്ടമായ കാര്യം പുറത്തായത്. തുടർന്ന് ഫാത്തിമബിയും ബന്ധുക്കളും സെപ്തംബർ 21ന് പന്നിയങ്കര പോലീസിൽ പരാതി നൽകുകയായിരുന്നു. 2023 ജൂലൈ 24നും സെപ്തംബർ 19നും ഇടയിൽ പല തവണകളായാണ് അക്കൗണ്ടിൽനിന്ന് പണം നഷ്ടമായത്. എ.ടി.എം കാർഡോ ഓൺലൈൻ പണം ഇടപാടോ നടത്താത്ത പരാതിക്കാരിയുടെ അക്കൗണ്ടിൽ നിന്ന് യു.പി.ഐ വഴി പ്രതി 19 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. പ്രതി കൈവശപ്പെടുത്തിയ മുഴുവൻ തുകയും തിരിച്ചെടുത്തതായി പോലീസ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയിലെടുത്തെങ്കിലും സഹായിച്ച ബന്ധുവിനെ പിടികൂടാനായില്ലെന്നും തുടർ നടപടികൾക്കായി ഇയാളുടെ വിവരങ്ങൾ അസം പോലീസിന് കൈമാറിയതായും പന്നിയങ്കര പോലീസ് പറഞ്ഞു.