കൊച്ചി - ലുലു മാളിലെ ഇന്ത്യൻ പതാക പാകിസ്താൻ പതാകയെക്കാൾ ചെറുതാണെന്ന വ്യാജ വാർത്തക്ക് പിന്നാലെ ജോലി നഷ്ടമായ ലുലു മാളിലെ മാർക്കറ്റിങ് മാനേജർ ആതിര നമ്പ്യാതിരിയെ ജോലിയിലേക്ക് തിരിച്ചുവിളിച്ച് ലുലു ഗ്രൂപ്പ്. ആതിര തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.
വ്യാജ വാർത്തയ്‌ക്കെതിരെ നിലകൊണ്ടതിനും പിന്തുണച്ചതിനും എല്ലാവർക്കും നന്ദി അറിയിക്കുന്നു. എത്രയും വേഗം ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചതായും അവർ വ്യക്തമാക്കി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
പാക് പതാക വിവാദത്തെ തുടർന്ന് ലുലു ഗ്രൂപ്പ് സ്വീകരിച്ച അച്ചടക്ക നടപടിയുടെ ഭാഗമായി സസ്‌പെൻഡ് ചെയ്യപ്പെട്ട ആതിര സസ്‌പെൻഷൻ അംഗീകരിക്കാതെ ജോലിയിൽ നിന്ന് രാജിവയ്ക്കുകയായിരുന്നു.
ഏകദിന ലോകകപ്പ് പ്രമാണിച്ച് ടൂർണമെൻറിൽ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളുടെ കൊടികൾ മാളിൽ പ്രദർശിപ്പിച്ചിരുന്നു. വിവിധ ഉയരത്തിൽ വെച്ചതിനാൽ ചിലത് വലുതും ചെറുതുമാണെന്ന് ചിത്രങ്ങളിൽ ചിലർക്കെങ്കിലും ഒറ്റനോട്ടത്തിൽ തോന്നുമെങ്കിലും എല്ലാ ടീമുകളുടെയും പതാക ഒരേ വലുപ്പമുള്ളവ തന്നെയായിരുന്നു. ഫോട്ടോയുടെ പോസിനനുസരിച്ച് ഇവയുടെ വലുപ്പത്തിൽ തോന്നുന്ന വ്യത്യാസം വ്യാജ വാർത്ത സൃഷ്ടിക്കാൻ ചിലർ ദുരുപയോഗപ്പെടുത്തുകയായിരുന്നു. ചില മാധ്യമങ്ങളും ഹിന്ദുത്വവാദിയായ പ്രതീഷ് വിശ്വനാഥൻ അടക്കമുള്ളവരും ഈ വ്യാജ വാർത്ത പ്രചരിപ്പിച്ചതോടെയാണ് ആതിരക്കെതിരെ അച്ചടക്ക നടപടിയുണ്ടായത്. തുടർന്ന് ഈ നടപടി അംഗീകരിക്കാതെ അവർ ജോലിയിൽനിന്ന് സ്വമേധയാ രാജിവെച്ച് പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു. ഒരു പതിറ്റാണ്ട് മുഴുവൻ സ്ഥാപനത്തിനായി ജോലി ചെയ്ത തനിക്ക് വ്യാജപ്രചരണം കാരണം ജോലി നഷ്ടപ്പെട്ടെന്നും ഇന്ത്യക്കാരിയാണെന്നതിൽ അഭിമാനിക്കുന്ന ആളാണ് താനെന്നും ഈ രാജ്യത്തെ ഒരു പൗരയെന്ന നിലയിൽ തന്റെ രാജ്യത്തോട് അഗാധമായ സ്‌നേഹം പുലർത്തുന്നുണ്ടെന്നും എന്നാൽ പതാകയിൽ താനൊരു കൃത്രിമത്വവും കാണിച്ചിട്ടില്ലെന്നും ആതിര വ്യക്തമാക്കിയിരുന്നു.
തുടർന്ന് ഇതുസംബന്ധിച്ച അന്വേഷണം നടത്തിയപ്പോൾ പതാകകളെല്ലാം ഒരേ വലിപ്പം ഉള്ളവയാണെന്നും ഫോട്ടോ എടുത്ത ചിലർ ആങ്കിളുകൾ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുംവിധം ഇന്ത്യൻ പതാക പാകിസ്താനേക്കാൾ ചെറുതാണെന്ന് തോന്നിപ്പിക്കുംവിധം പോസ് ചെയ്തതാണെന്നും വ്യക്തമായി. തുടർന്നാണ് ലുലു ഗ്രൂപ്പ് അധികൃതർ നടപടി പിൻവലിച്ച് അവരെ ജോലിയിലേക്ക് തിരികെ വിളിച്ച് തെറ്റ് തിരുത്തിയത്.