കോഴിക്കോട് - ഫലസ്തീൻ-ഇസ്രായേൽ പ്രശ്‌നത്തിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബൽറാമിന് മുറുപടിയുമായി എം.എസ്.എഫ് ഹരിത മുൻ നേതാവും സാംസ്‌കാരിക പ്രവർത്തകയുമായ അഡ്വ. ഫാത്തിമ തഹ്‌ലിയ രംഗത്ത്.
പിറന്ന മണ്ണിൽ ജീവിക്കാനായി പൊരുതുന്ന ഫലസ്തീനികളെ കൂട്ടക്കശാപ്പു ചെയ്യുന്ന ഇസ്രായേൽ അധിനിവേശത്തിനെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെ, 'ഹമാസിനെ പൂർണമായും നിരായുധീകരിക്കണമെന്നായിരുന്നു കോൺഗ്രസ് നേതാവ് വി.ടി ബൽറാമിന്റെ വിചിത്രമായ കണ്ടെത്തൽ! ഇതിനെതിരെ മനുഷ്യാവകാശ പ്രവർത്തകരിൽനിന്ന് അടക്കം കടുത്ത വിയോജിപ്പ് ഉയർന്നുവന്നതിന് പിന്നാലെയാണ് ഫാത്തിമ തഹ്‌ലിയയുടെ എഫ്.ബി പോസ്റ്റ്.
Read More
വി.ടി ബൽറാം പറയുന്ന പോലെ ലളിതമായി പരിഹരിക്കാവുന്ന പ്രശ്‌നമല്ല ഇസ്രായേൽ ഫലസ്തീൻ സംഘർഷമെന്നും രാജ്യാതിർത്തികൾ ബഹുമാനിക്കുന്ന ശീലം ഇസ്രായേലിന് ഉണ്ടായിരുന്നെങ്കിൽ, ഇങ്ങനെയൊരു പ്രതിസന്ധി പോലും ഉണ്ടാകുമായിരുന്നില്ലെന്നും ഫാത്തിമ തഹ്‌ലിയ ഓർമിപ്പിച്ചു.
ഇസ്രായേലിന്റെ അധിനിവേശമാണ് ഈ സംഘർഷത്തിന് കാരണം. അതവസാനിപ്പിക്കാതെ ആ മേഖലയിൽ സമാധാനം ഉണ്ടാകില്ല. ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം ഇസ്രായേൽ അധിനിവേശം ചെറുത്ത് തോൽപ്പിക്കുക എന്നല്ലാതെ മറ്റൊരു മാർഗവും അവരുടെ മുന്നിലില്ല. അക്രമവും പ്രതിരോധവും രണ്ടും രണ്ടാണ്. അക്രമികളേയും അവരെ പ്രതിരോധിക്കുന്നവരേയും ഒരേ നാണയത്തിന്റെ ഇരു വശങ്ങളായി ചിത്രീകരിക്കുന്നത് നീതിയല്ല. നിഷ്പക്ഷത എല്ലായ്‌പ്പോഴും ശരിയായ പക്ഷമാവില്ല. നിരുപാധികമായി ഫലസ്തീൻ ജനതയോടൊപ്പം നില്ക്കലാണ് ഇന്നിന്റെ ശരി. പൊരുതുന്ന ഫലസ്തീന് ജനതക്ക് ഐക്യദാർഢ്യമെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
ഫാത്തിമ തഹ്‌ലിയയുടെ ഫേസ്ബുക്ക് പോസ്റ്റ്:
വി.ടി ബൽറാം പറയുന്ന പോലെ ലളിതമായി പരിഹരിക്കാൻ പറ്റുന്ന പ്രശ്‌നമല്ല ഇസ്രായേൽ-ഫലസ്തീൻ സംഘർഷം. രാജ്യാതിർത്തികൾ ബഹുമാനിക്കുന്ന ശീലം ഇസ്രായേലിന് ഉണ്ടായിരുന്നെങ്കിൽ, ഇങ്ങനെയൊരു പ്രതിസന്ധി തന്നെ ഉണ്ടാകുമായിരുന്നില്ല. ഇസ്രായേലിന്റെ അധിനിവേശമാണ് ഈ സംഘർഷത്തിന് കാരണം. അതവസാനിപ്പിക്കാതെ ആ മേഖലയിൽ സമാധാനം ഉണ്ടാകില്ല.
ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം ഇസ്രായേൽ അധിനിവേശം ചെറുത്തുതോൽപ്പിക്കുക എന്നല്ലാതെ മറ്റൊരു മാർഗ്ഗവും അവരുടെ മുന്നിലില്ല. അക്രമവും പ്രതിരോധവും രണ്ടും രണ്ടാണ്. അക്രമികളെയും അവരെ പ്രതിരോധിക്കുന്നവരെയും ഒരേ നാണയത്തിന്റെ ഇരു വശങ്ങളായി ചിത്രീകരിക്കുന്നത് നീതിയല്ല. നിഷ്പക്ഷത എല്ലായ്‌പ്പോഴും ശരിയായ പക്ഷമാകില്ല.
നിരുപാധികമായി പലസ്തീൻ ജനതയോടൊപ്പം നിൽക്കലാണ് ഇന്നിന്റെ ശരി. പൊരുതുന്ന ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം!