മമ്മൂട്ടിയും ജീവയും പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം 'യാത്ര 2' വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
2019ല്‍ മമ്മൂട്ടിയെത്തന്നെ നായകനാക്കി പുറത്തിറക്കിയ 'യാത്ര'യുടെ രണ്ടാം ഭാഗമാണിത്. ഇപ്പോഴത്തെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും വൈ.എസ് രാജശേഖര റെഡ്ഡിയുടെ മകനുമായ വൈ.എസ് ജഗന്മോഹന് റെഡ്ഡിയുടെ കഥയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നതെന്നാണ് ലഭ്യമായ വിവരം. ജീവയാണ് ഈ വേഷം ചെയ്യുന്നത്. എന്നാല്‍ ആദ്യ ഭാഗത്തിലെ കഥാപാത്രമായ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡിയായിത്തന്നെയാണ് ഈ ചിത്രത്തിലും മമ്മൂട്ടിയെത്തുന്നത്. മഹി വി രാഘവ് സംവിധാനവും തിരക്കഥയും നിര്‍വഹിച്ച ചിത്രം 2024 ഫെബ്രുവരി എട്ടിന് തിയേറ്ററുകളിലെത്തും. ചിത്രത്തിലെ മറ്റ് താരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. വിജയ് ചില്ലയും ശശി ദേവിറെഡ്ഡിയും ചേര്‍ന്നാണ് യാത്ര നിര്‍മ്മിച്ചത്. ജഗപതി റാവു, റാവു രമേഷ്, സുഹാസിനി മണി രത്നം എന്നിവരും ആ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. 26 വര്‍ഷത്തെ നീണ്ട ഇടവേളക്കു ശേഷം മമ്മൂട്ടി അഭിനയിച്ച തെലുങ്ക് ചിത്രം എന്ന പ്രത്യേകതയും 'യാത്ര' ക്ക് ഉണ്ടായിരുന്നു.
1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈ.എസ്.ആറിന്റെ ജീവിത കഥയായിരുന്നു ഈ ബയോപിക്കില്‍ പറഞ്ഞത്. ആന്ധ്രാപ്രദേശിനെ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെ 2004ല്‍ 1475 കിലോമീറ്ററോളം വൈ.എസ്.ആര് നടത്തിയ പദയാത്രയെ കുറിച്ചാണ് സിനിമ ചര്‍ച്ച ചെയ്തിരിക്കുന്നത്. 1475 കിലോമീറ്റര്‍ പദയാത്ര മൂന്നു മാസം കൊണ്ടാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്. ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ആധിപത്യം ഉറപ്പിച്ച വൈ.എസ്.ആര് മുഖ്യമന്ത്രി പദവിയില്‍ രണ്ടാം തവണയും ഇരുന്ന കാലത്ത് 2009 സെപ്റ്റംബര്‍ രണ്ടിനാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ടത്.